Saturday, August 29, 2009

വഴിയോരക്കാഴ്ച

കുഞ്ഞിത്താറാവുകളെ
റോഡിനരികിലൂടേ
നടത്തിക്കൊണ്ടു പോകുന്നു

നീണ്ട കോലിന്‍തുമ്പില്‍
തൂങ്ങിയാടുന്ന
വെളുത്ത പ്ലാസ്റ്റിക് കവറിന്റെ
താളത്തിനൊപ്പം
അവയങ്ങനെ കൂട്ടമായ് പോകുന്നു

വാഹനങ്ങളുടെ
നിലയ്ക്കാത്ത ഒഴുക്ക്
ഞെട്ടിക്കുന്ന ഹോണ്‍
ബ്രേക്കുര
കുഞ്ഞിത്താറാക്കൂട്ടത്തെ
പേടിപ്പിക്കുന്നു
മരണത്തെ മുഖാമുഖം കാണുന്ന പോലെ
അന്ധാളിപ്പിക്കുന്നു

പിറകില്‍ നിന്നൊരു
കാല്‍ത്തളള്, അവയെ
കൊയ്തെടുത്ത
നെല്‍പ്പാടമോര്‍മിപ്പിക്കുന്നു

കുഞ്ഞിത്താറാക്കൂട്ടം
ഇടയ്ക്കൊരു ത്രികോണമാകുന്നു
വെയിലത്ത് വിളമ്പിയുണ്ണാനിട്ട
നാക്കിലയാകുന്നു, പാതിതിന്ന
പപ്പടമാകുന്നു
എപ്പോഴോ
ആകാശത്തേക്കു വിലപിക്കുന്ന
കണ്ണുകളാകുന്നു

കുഞ്ഞിത്താറാക്കൂട്ടത്തെ
നയിക്കുന്നൊരമ്മത്താറാവായ്
കൊയ്ത്തുകഴിഞ്ഞ ചെളിക്കണ്ടത്തില്‍ നിന്ന്
ഞാനിനിയെപ്പോഴാണാവോ
കയറിവരിക.

4 comments:

Anil cheleri kumaran said...

മനോഹരം..!

പാവപ്പെട്ടവൻ said...

ഒട്ടും അമാന്തിക്കണ്ട കയറി വരൂ വേകമാകട്ടെ

വരവൂരാൻ said...

നാട്ടിൽ, കൊയ്തു കഴിഞ്ഞ കണ്ടത്തിൽ ഇപ്പോൾ താറാവു കൂട്ടങ്ങൾ എത്തിയിട്ടുണ്ടാവും...നല്ല കവിത...ആശംസകൾ

വയനാടന്‍ said...

സുന്ദരം;
മനോഹരമായിരിക്കുന്നു;
ഒരമ്മത്താറാവായി കയറി വരുന്നതും കാത്തിരിക്കുകയാണു ഞങ്ങൾ
ഓണാശമ സകൾ

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP