Wednesday, September 16, 2009

മത്സ്യബന്ധനം

കഴായില്‍ നിന്നൊരു കുഞ്ഞു
മീനിനെപ്പിടിച്ച്‌
കുപ്പിയിലിട്ടു

അടിത്തട്ടില്‍
മണലിന്റെ താഴ്‌വരയൊരുക്കിയതില്‍
ഉരുളന്‍ കല്ലുകളിട്ടു
വിശക്കുമെന്നു കരുതി
വറ്റുകളിട്ടു

മണലോ
കല്ലോ
വറ്റോ കാണാതെ
ചില്ലിന്‍ത്തന്നെ
ചുണ്ടുകളമര്‍ത്തിയത്‌
നീന്തിക്കൊണ്ടേയിരുന്നു

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.
വെളുക്കുവോളം
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ
ചെറുമീനായ്‌ നീന്തിത്തുടിച്ചു

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

8 comments:

എം പി.ഹാഷിം said...

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

good!!

സെറീന said...

നല്ല കവിത

manu chandran said...

മീനിനെ ഒരു ഗ്ലാസ്‌ കുപ്പിലാക്കി അവരോട് ക്രൂരത കാണിക്കുകയാണ് മനുഷര്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അനീഷ്‌... ശ്വാസം മുട്ടുന്നു, ശരിക്കും..

പള്ളിക്കുളം.. said...

കുറേക്കാലം അക്വേറിയത്തിൽ കിടന്ന മീനുകൾക്ക് സമുദ്രത്തിൽ ജീവിക്കാനാവില്ല. കുറേക്കാലം ഗൾഫിലെ ഫ്ലാറ്റിൽ കുടുങ്ങിയവർക്ക് നാട്ടിലെ വിശാലതയിൽ ജീവിക്കാൻ ബുദ്ധിമുട്ടാകും.
കുറേക്കാലം കൂട്ടിലടച്ച തത്തയെ തുറന്നുവിട്ടാലും തിരികെ അത് കൂടണയും.
ആദ്യവരികൾ വായിച്ചപ്പോൽ "FINDING NEMO" എന്ന ചിത്രം ഓർമവന്നു.
പിന്നീട് വായിച്ചപ്പോൾ “SHOWSHANK REDEMPTION" എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെയും.
50 വർഷങ്ങൾക്കുശേഷം അയാളെ ജയിലിൽ നിന്നു വിട്ടയക്കുന്നു.
പുറം‌ലോകത്ത് ജീവിക്കാനാവാതെ അയാൾ ആത്മഹത്യ ചെയ്യുന്നു.

ആശംസകൾ!

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടമായി അനീഷ്..

Anil cheleri kumaran said...

വളരെ നന്നായിട്ടുണ്ട്.

naakila said...

നന്ദി പ്രിയ
ഹാഷിം,
പളളിക്കുളം,
സെറീന,
മനുചന്ദ്രന്‍,
ജിതേന്ദ്രകുമാര്‍,
പകല്‍കിനാവന്‍
കുമാരന്‍

നാക്കിലയില്‍ വന്നതിനും,വിലയേറിയ അഭിപ്രായത്തിനും
ഇനിയും വരണേ
സ്നേഹം
പി.എ. അനിഷ്

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP