Thursday, July 8, 2010

ഇന്നു വൈകുന്നേരത്തെ മഴയില്‍

ഇന്നു വൈകുന്നരം പെയ്ത
മഴയില്‍
കൊമ്പൊടിഞ്ഞു വീണ
മാവില്‍ നിന്നു
ചിതറിയ മാങ്ങകള്‍
പെറുക്കുകയാണമ്മ

ആകെയുള്ളൊരു മൂവാണ്ടന്റെ
ആകെയുള്ളൊരു കൊമ്പായിരുന്നു
എന്നിടയ്ക്കിടയ്ക്ക്
മഴയോടെന്നപോലെ
മങ്ങിമങ്ങിപ്പോകുന്ന
മിന്നലുകളോടെന്ന പോലെ
കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
പറയുന്നുണ്ടമ്മ

പെറുക്കിവച്ച മാങ്ങകള്‍
അച്ചാറോ
മീന്‍കറിയിലെ പുളിപ്പോ
ചമ്മന്തിയിലെ രുചിപ്പോ
ആവുന്നതിനെക്കുറിച്ചു
പേടിച്ചു പേടിച്ചു കരയുമ്പോളതാ
മാങ്ങകളൊക്കെയുമാകാശത്തു
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ

പാകമാകാതെ
പഴുത്തു വീണ
മാമ്പഴത്തിന്റെ മണമായിരിക്കും
ഇന്നു രാത്രി മുഴുവന്‍ !

(ആനുകാലികകവിത)

10 comments:

anoopkothanalloor said...

പാകമാകതെ പഴുത്ത മാമ്പഴം.ആ മാവിൻ കൊമ്പ് ഒടിഞ്ഞു വീണത് ഈ വർഷം നന്നായി കായ്ച്ചതു കൊണ്ടാകും.

മുകിൽ said...

നല്ല കവിത.

Sreeja Raman said...

nananja oru orma evideyokeyo thottukondu kadannu pokunnu

Mohamed Salahudheen said...

മാന്പഴക്കാലം, നൊസ്റ്റാള്ജിക്

Umesh Pilicode said...

ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

ആകെയുള്ളൊരു മൂവാണ്ടൻ, ആകെയുള്ളൊരു കൊമ്പ്,മഴയോട്, മിന്നലോട്,കാറ്റോട്..... പാകമാകാത്ത മാമ്പഴം..... പ്രതീകങ്ങളൊക്കെ നന്നായിട്ടുണ്ട്, അനീഷ്!

sm sadique said...

പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ
വരികളിൽ സങ്കടം നിഴലിക്കുന്നില്ലേ എന്ന്…..
മാമ്പഴത്തിലെ പുളിയും മ ധുരവും തുളുമ്പുന്നു കവിതയിൽ.

naakila said...

നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയോടെ

Pramod.KM said...

ഇഷ്ടമായി അനീഷ്:)

ധന്യാദാസ്. said...

ഏറെ തവണ വായിച്ചിട്ടും വായനയുടെ പുതുമ നില നിര്‍ത്തുന്ന കവിത.

അടുത്തയിടെ വായിച്ച കവിതകളില്‍ വൈകാരികമായി ഏറ്റവും ഉലച്ച കവിത.
സംവേദനത്തിന്റെ ലാളിത്യം , കറയില്ലാത്ത ഭാഷ, അതിലുപരി അനുഭവിച്ച വേദന അക്ഷരങ്ങളിലൂടെ പകരുന്നതില്‍ പൂര്‍ണമായും വിജയിച്ചു..

ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു...

നന്ദി..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP