Friday, January 14, 2011

ഞാവല്‍പ്പഴത്തെക്കുറിച്ച് ശ്രീ. സാബു ഷണ്‍മുഖം


പി.എ .അനിഷിന്റെ കവിത /സാബുഷണ്‍മുഖം.
by Sabu Shanmughom on Sunday, January 2, 2011 at 10:51am

അനിഷ്‌ വെറുതെ എഴുതിപ്പോകുകയാണെന്നു തോന്നാം.വെറുതെ എഴുതുമ്പോള്‍ പെട്ടെന്ന് കവിതയാകുന്ന ഒരെഴുത്തുരീതി അയാളുടെ കവിതകളിലുണ്ട്.സ്വാഭാവികത അതിന്റെ ശില്‍പ്പം.ആരവമില്ലായ്മ അതിന്റെ നടത്ത്തയില്‍.രക്തസാക്ഷിയെന്ന ബോധമില്ലായ്മ അതിന്റെ ബോധം.അടുത്ത്തരിയാവുന്നതിനെ അടുക്കിവെച്ച് അയാള്‍ വരികള്‍ നിര്‍മ്മിക്കുന്നു.
'പിളര്ക്കപ്പെട്ട
മണ്്ച്ചട്ടിയില്‍ നിന്ന്
ആകാശമായി അത് തഴയ്ക്കും വരെ' നിര്‍മാണം തുടരുക തന്നെ വേണമെന്ന് ഏതു കവിയേയും പോലെ അനിഷ്‌ കരുതുന്നു.
'ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും
മണ്ണില്‍ കിടന്നു.
അവയാണടുത്ത മഴയില്‍
മുളച്ചു പൊന്തുക
അവയിലാകും വിലക്കപ്പെട്ട
കവിത രുചിക്കുക 'എന്ന തിരിച്ചറിവും ഈ കവിക്കുണ്ട്.ഏറ്റവും സുതാര്യവും ഏറ്റവും നിഷ്കളങ്ങവും എന്ന പുറം കാഴ്ച്ചകള്‍ക്കകത്ത് പൊടുന്നനെ പ്രകമ്പനങ്ങള്‍ കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (Transparency in poetry sometimes become opaque,which will hide a complexity in its depth - L.Macneice)
'അരികിലിട്ട സിമെന്റു ബഞ്ചില്‍്‍
ആരും കാണാതെ നമ്മള്‍
നാക്കു നീട്ടി
രക്തക്കറ കാണിക്കുന്നു.'

പുതിയ കവിതയില്‍ നിന്നു കൊണ്ടു തന്നെ പുതിയ കവിതയെ തന്റേതായ രീതിയില്‍ പുതുക്കിയെടുക്കാനുള്ള പരീക്ഷണങ്ങളിലേക്ക് പോകുന്നില്ല എന്നതാണ് അനിഷിന്റെ കവിതകളുടെ പ്രധാന പരിമിതിയെന്നു തോന്നുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങളിലേക്കുള്ള ചില സൂചനകള്‍ കവിതയില്‍ അവശേഷിപ്പിക്കുന്നു എന്നതാണ് ഈ കവിയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നത്.സമകാലികതയില്‍ നിന്നു മാറിയ മറ്റൊരു സമകാലികതയെ, ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്നു മാറിയ മറ്റൊരു പ്രകൃതിയെ രൂപപ്പെടുത്താനാണ് കവിതകളിലൂടെ അനിഷ്‌ ലക്‌ഷ്യം വെക്കുന്നത്.ഈ ലക്‌ഷ്യം പലപ്പോഴും വിജയിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു.പരാജയപ്പെട്ടും വിജയിച്ചും ഭാവിയിലേക്കു മുന്നേറുക എന്ന ശ്രമകരമായ കാവ്യദൌത്യം അനിഷ്‌ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളാണ് അയാളുടെ കവിതകള്‍.ചെറിയകാര്യങ്ങളെക്കുറിചെഴുതികൊണ്ട് വലിയ കാര്യങ്ങളുടെ വ്യാജ ലോകത്തോട്‌ ഏറ്റുമുട്ടാന്‍ ഇറങ്ങിത്തിരിക്കുന്ന സൌമ്യനായ പോരാളിയുടെ മനോഭാവം കവിതകളുടെ അടിത്തട്ടിലുണ്ട്.

പൊതു ഇടങ്ങളില്‍ നിന്ന്,പാഠപുസ്തകങ്ങളില്‍ നിന്ന് ,വിപണിയുടെ മാരകമായ വെളിച്ചങ്ങളില്‍ നിന്ന് ,മാദ്ധ്യമമല്പ്പിടുതങ്ങളില്‍ നിന്ന് ,മാഫിയാവല്‍ക്കരണങ്ങളുടെ പെരുക്കങ്ങളില്‍ നിന്ന് കവിതയും ഭാഷയും വെട്ടിമാറ്റപ്പെടുന്ന കാലത്ത് കവിതയെഴുതുക എന്ന നിശബ്ദസാംസ്കാരികവിപ്ളവം ഏറ്റെടുത്തിരിക്കുന്ന എണ്ണമറ്റ പുതുനിരക്കവികളില്‍ അനിഷിനേയും ഞാന്‍ കാണുന്നു. അറിവുകളേതുമില്ലത്ത്ത ഒരു സാധാരണ കവിതാവായനക്കാരനും നിരക്ഷരനുമായ ഞാന്‍ ആകാഴ്ചയില്‍ ആഹ്ലാദിക്കുന്നു.'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും 'എന്ന സമാഹാരം സദയം അയച്ചു തന്ന കവിക്ക്‌ നന്ദി.

കുട്ടികളും
മുതിര്‍ന്നവരും
ഞാവല്‍പ്പഴങ്ങളും (കവിത )

പി.എ.അനിഷ്‌
പ്രസാധനം :സൈകതം ബുക്സ് ,പി.ബി.നമ്പര്‍ -57
മാര്‍കറ്റ്‌ റോഡ്‌ , കോതമംഗലം -686691

2 comments:

cp aboobacker said...

വളരെ മോശമായ പ്രവണതയാണിത്. പണ്ടിത് ചിലമഹാരഥന്മാര്‍സ്വീകരിക്കുകയും പരാജയപ്പെടുകയും ചെയ്തു. നിരൂപകന്മാരെ പോക്കറ്റില്‍ വെച്ചുനടക്കരുത്. കവിത നന്നായാല്‍ ആരെങ്രകിലും കണ്ടുവെന്നുവരും. പലര്‍ക്കും വേണ മെങ്കില്‍ അഞ്ചോ പത്തോനിരൂപകരെ കൂടെ കൊണ്ടുനടക്കാമായിരുന്നു. ചിലകവിതകള്‍ കാണുമ്പോള്‍ വേറെ ചിലര്‍ കാളിദാസനോ ഷെയ്ക്‌സ്പിയറോ ആണെന്ന് തോന്നിയിട്ടുണ്ട്. പ്രിന്റിങ്ങ് വിരല്‍ത്തുമ്പിലായതോടെ ഏകതാള്‍ക്കും പുസ്തകം പ്രസിദ്ധം ചെയ്യാമെന്നും കവിയാകാമെന്നും വന്നിരിക്കുന്നു.

എം പി.ഹാഷിം said...

കവിയെ അറിയാതെ... കവിത വായിക്കാതെ വെറുതെ എന്തെങ്കിലും പറയരുത് മാഷേ ..
എഴുത്തിലെ അസാധാരണത്വം തന്നെയാണ് അനീഷിനെ നിരൂപകര്‍ തിരഞ്ഞു വരാന്‍കാരണം
പോക്കറ്റിലിട്ടു നടക്കുന്ന രീതി എന്നൊക്കെ പറഞ്ഞു വെറുതെയെന്തിനാ .....?

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP