Tuesday, January 25, 2011

ഇല്ലാതെ പോയൊരു വൈകുന്നേരം


ദിവസം എന്നു പേരുള്ള
ആ വലിയ കെട്ടില്‍ നിന്ന്
പകല്‍ എന്നു പറയുന്ന കെട്ടെടുത്ത്
അധികം ചെറുതല്ലാത്ത
അധികം വലുതല്ലാത്ത രാവിലെയെന്ന കെട്ട് തുറക്കുമ്പോള്‍

കടുഞ്ചോര വറ്റിയ നിറത്തില്‍
കൈകാലിട്ടടിക്കുന്ന സൂര്യന്‍
ഞെട്ടിയുണര്‍ന്ന്
പ്രകാശത്തിലേക്ക് തിടുക്കപ്പെട്ട്
ആത്മാക്കളെ കൊത്തിയകറ്റുന്ന കാക്കകള്‍
ജീവിതത്തെക്കുറിച്ച് എല്ലാം മറന്ന്
കളകൂജിതരാവുന്ന പക്ഷിജാലം

രാത്രിയെപ്പോഴോ
വണ്ടിയ്ക്കടിയില്‍പ്പെട്ട്
ചതഞ്ഞരഞ്ഞ കരിമ്പൂച്ചയെ
ചാടിക്കടന്ന് ഓടുന്ന കുടവയറുകള്‍

ഒന്നുമറിയാത്തപോലെ
ഇതൊക്കെക്കണ്ടു കൊണ്ടിരിക്കുന്നു
കടത്തിണ്ണയിലൊരു വൃദ്ധന്‍
എവിടേയ്ക്കെന്നില്ലാതെ
ആട്ടുകേട്ടിറങ്ങിപ്പോകാന്‍

രാവിലെയെന്ന കെട്ടുമടക്കി
പകലെന്ന കെട്ടിനുള്ളില്‍ വെച്ച്
ഉച്ചയെന്ന കെട്ടെടുത്ത്
തുറക്കാന്‍ തുടങ്ങുമ്പോഴേക്കുമൊരു കൂട്ടം
വടിയും കല്ലുമെടുത്ത്
പേപിടിച്ച തെരുവുപട്ടിയെപ്പോലെ
എറിഞ്ഞോടിയ്ക്കുകയാണ്
ആ വൃദ്ധനെ

ഏറുകൊണ്ട്
ഇടയ്ക്കു തിരിഞ്ഞു നിന്ന്
"ഫൂ" എന്നയാള്‍ കാര്‍ക്കിച്ചു തുപ്പുന്നുണ്ട്

നിലത്തു കുനിഞ്ഞിരുന്ന്
വൈകുന്നേരമെന്ന കെട്ടുപേക്ഷിച്ച്
ദിവസമെന്ന വലിയകെട്ടിനുള്ളില്‍
പകലിന്റെ കെട്ടെടുത്തുവെച്ച്
തുപ്പലിന്റെ കറയുള്ള രാത്രിയുടെ കെട്ടയാള്‍ തുറക്കുകയാണ്

ഇന്നത്തെ ദിവസം
ഇല്ലാതെ പോയൊരു വൈകുന്നേരത്തെ
ഇനിയാര്‍ക്കാണ് തുറക്കാനാവുക?

12 comments:

ഇ.എ.സജിം തട്ടത്തുമല said...

അമ്പൊടുങ്ങാത്ത ആവനാഴി പോലെയാണല്ലോ അനീഷിന് കവിത. ഓരോ കവിത വായിക്കുമ്പോഴും ഈ വിഷയം കവിതയാക്കാൻ, അതും ഇതുപോലെതന്നെ എഴുതാൻ എനിക്കെന്തേ തോന്നാത്തതെന്ന നിരാശയും. ഇനിയും എഴുതി നമ്മെ അസൂയപ്പെടുത്തിക്കൊള്ളൂ! തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ അനീഷിന് തൂണുലും തുരുമ്പിലും കൊച്ചു പുൽക്കൊടിയിലും തെരുവോരത്തെ ഭിക്ഷാടകനിലും ഒക്കെ കവിതയുണ്ട്

രമേശ്‌ അരൂര്‍ said...

കഫക്കെട്ട് അല്ലല്ലോ ...തുപ്പല്‍ തെറിച്ചത്‌ കൊണ്ട് ചോദിച്ചതാ ..:)

MOIDEEN ANGADIMUGAR said...

ഏറുകൊണ്ട്
ഇടയ്ക്കു തിരിഞ്ഞു നിന്ന്
"ഫൂ" എന്നയാള്‍ കാര്‍ക്കിച്ചു തുപ്പുന്നുണ്ട്

ശ്രീനാഥന്‍ said...

നന്നായി, സജീം പറഞ്ഞ ആവനാഴി ഒടുങ്ങാതിരിക്കട്ടേ, അർജ്ജുനന്റേതു പോലെ!

മുകിൽ said...

അതെ അനീഷ് തൂണിലും തുരുമ്പിലും കവിതകാണാൻ, എന്നും ഉൾക്കണ്ണു തുറന്നിരിക്കാൻ ഹൃദയം നിറഞ്ഞ ആശംസകൾ.

SAJAN S said...

nice.. :)

എം പി.ഹാഷിം said...

അനീഷ്‌ ഇങ്ങനെയൊക്കെയാണ്.
നമ്മളാരും കണ്ണ്കൊടുക്കുക പോലും ചെയ്യാത്ത കാഴ്ചകളെ എടുത്തു ഇങ്ങനെ വാക്കിന്റെ മൂര്‍ച്ചയില്‍ കോര്‍ത്തുവെയ്ക്കും .

വാഴക്കോടന്‍ ‍// vazhakodan said...

ഇനിയും എഴുതി നമ്മെ അസൂയപ്പെടുത്തിക്കൊള്ളൂ!

ആശംസകള്‍

Unknown said...

ഞാന്‍ എന്റെ കണ്ണുകള്‍ തുറന്നു വെച്ച് തുറിച്ചു നോക്കാറുണ്ട്
വൈകുന്നേരങ്ങളില്‍
ഇന്നി ഇത് പോലെ തുറന്നു വെച്ച വൈകുന്നേരങ്ങള്‍ ഇല്ലാതെ പോയാലോ .....

അനീഷ്‌ തുടക്കം ഒടുക്കവും നന്നായി
അതിനു ഇടയില്‍ വാക്കുകള്‍ കൊണ്ട് എന്തോ ഒരു കെട്ടി മറിച്ചിലുകള്‍ പോലെ തോന്നുന്നു

naakila said...

നന്ദിയും സ്നേഹവും എല്ലാവര്‍ക്കും

Mahendar said...

അനീഷേ , താങ്കളുടെ തീര്‍ത്തും വ്യത്യസ്തമായ രചന

Vinodkumar Edachery said...

A new thought;untrodden path.

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP