
കടല്‍ത്തീരത്തൂടെ നടക്കുമ്പോള്‍
കുഞ്ഞു ഞണ്ടുകള്‍
മണല്‍പ്പൊത്തുകളില്‍ നിന്നിറങ്ങി നടക്കുന്നു
അടുത്തുചെല്ലുമ്പോഴേക്കുമവ
പൊത്തുകളിലൊളിയ്ക്കുന്നു
മണല്‍പ്പൊത്തിനുള്ളിലിരുന്നവയുടെയമ്മ
അവയെ ശാസിക്കുന്നുണ്ടാവും
പുറത്ത് ശ്രദ്ധയില്ലാതെ നടന്നാല്‍
മനുഷ്യക്കുട്ടികള്‍ പിടിക്കുമെന്ന്
പേടിപ്പിക്കുന്നുണ്ടാവും
തിരവന്ന് തീരത്തെത്തൊട്ടൂര്‍ന്നു പോകുന്നതുകാണാന്‍
കുഞ്ഞു ഞണ്ടുകള്‍ക്കു കൊതിയുണ്ടാവില്ലേ
അവയുടെ കണ്ണുകളില്‍
അസ്തമയസൂര്യന്‍ തിളങ്ങുന്നതുകാണാന്‍
അമ്മയ്ക്കും?