Sunday, June 26, 2011

കുട്ടിയും വരയും

പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

20 comments:

naakila said...

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

Mahendar said...

കാറ്റിനും മരങ്ങള്‍ക്കുമിടയിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു

മനോഹരം

- സോണി - said...

"വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു"

നല്ല വരികള്‍.
കടലാസില്‍ മാത്രമല്ല, ജീവിതത്തിലും പലപ്പോഴും വരച്ച ശേഷം പേരിടുകയാണ് നല്ലത്. ഒന്നെന്നു കരുതി വരയ്ക്കുന്നത് മറ്റൊന്നായിപ്പോവാന്‍ അധികം സമയം വേണ്ട.

ദിയ said...

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു

ശ്രീനാഥന്‍ said...

കുട്ടീടെ ജീവിതം ക്ലാസിൽ നിന്നും കവിത വരച്ചെടുത്തല്ലോ!

Unknown said...

Anish..........good one...keep it up

Umesh Pilicode said...

:)) like it !!

ആര്‍. ശ്രീലതാ വര്‍മ്മ said...

വരയില്‍ ഉറപ്പില്ലായ്മ; കവിതയില്‍ വജ്രബലം -വളരെ ഭംഗിയായി അനീഷ്‌!

മുകിൽ said...

ജീവിതം കെട്ടുപിണഞ്ഞു വര നീളുന്നു. ഉറപ്പില്ലാത്ത ജീവിതം പിണഞ്ഞ് വര നീളുന്നു. നന്നായിരിക്കുന്നു, അനീഷ്.

Prabhan Krishnan said...

...ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ..!


നന്നായീട്ടോ..
ആസംസകള്‍..!!

naakila said...

പ്രിയപ്പെട്ട
മഹേന്ദര്‍
സോണി
ദിയ
ശ്രീനാഥന്‍ മാഷ്
മൈ ഡ്രീംസ്
ഉമേഷ് പീലിക്കോട്
സുജീഷ്
ശ്രീലത ടീച്ചര്‍
മുകില്‍
പ്രഭന്‍ കൃഷ്ണന്‍

നാക്കിലയില്‍ വന്നതിനും
നല്ല വാക്കുകള്‍ തന്നതിനും
ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും

ഭാനു കളരിക്കല്‍ said...

അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്

കുട്ടി ജീവിതവും സ്വപ്നവും വരയ്ക്കുന്നു. എവിടേയും പൊള്ളുന്ന കവിത കണ്ടെടുക്കുന്നു അനീഷിന്റെ കവിത. അഭിവാദനങ്ങള്‍.

kanakkoor said...

വരച്ചു തീരുന്നില്ല എന്നതാണ് പ്രശ്നം. അല്ലെങ്കില്‍ വെറുതെ ഒരു പ്രതീക്ഷ. അത്രതന്നെ.

എം പി.ഹാഷിം said...

:)

MOIDEEN ANGADIMUGAR said...

:)

പദസ്വനം said...

കുട്ടിക്ക് നല്ല ഉറപ്പുണ്ട് ഏതായാലും..
ഈ കവിതക്കും..
ഭാവുകങ്ങള്‍ :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത മനോഹരം. വരികളിൽ ജീവിതത്തിന്റെ നേർവരകൾ..

Kalavallabhan said...

മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

naakila said...

വരയോടു ചേര്‍ന്ന എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ

എസ് കെ ജയദേവന്‍ said...

അനീഷ് , കവിത ഇഷ്ടമായി....ക്ലാസും കുട്ടികളും അനീഷിന്റെ കൈയില്‍ മറ്റൊരു ലോകമാകുന്നു...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP