Thursday, October 27, 2011

ഉറുമ്പുതീനി


ചാകുമ്പോള്‍
തേന്‍മണം പ്രസരിപ്പിക്കുമുറുമ്പുകളേ
നിങ്ങളെന്തിനാണെന്റെ മുറിയ്ക്കുള്ളില്‍
താവളമടിച്ചിരിക്കുന്നത്
മധുരങ്ങളെങ്ങെങ്ങും  പൊഴിയാത്ത മൂലകളില്‍
പരതി നടക്കുന്നത്
പിരിയിളകുമോടാമ്പല്‍പ്പഴുതിലൂടെ
വരിവരിയുടെ തത്ത്വശാസ്ത്രം
പാലിക്കുന്നത്

വിശ്വാസം വരാത്തതു
കേള്‍ക്കുമ്പോള്‍
നിങ്ങളെക്കാണുന്നു
നഷ്ടപ്പെടില്ലെന്നറിയുമ്പോള്‍
നിങ്ങളെ ഞെരിയ്ക്കുന്നു
മരണവാര്‍ത്ത കേട്ടുവന്ന്
നിങ്ങളോടരിശം കൊള്ളുന്നു
എന്റെ ഓരോ ഓര്‍മകളിലും
നിങ്ങളരിയ്ക്കുന്നു
പകലെന്ന്
രാത്രിയെന്ന്
കാലമെന്ന്
വിശപ്പെന്ന്
നിമിഷങ്ങളെ
അരിയും രത്നങ്ങളുമാക്കുന്നു

നിങ്ങളെ തിന്നാന്‍തുടങ്ങിയ മുതല്‍ക്കാണ്
എന്റെ കാഴ്ചശക്തി വര്‍ധിച്ചത്
ഇപ്പോളെനിയ്ക്കെല്ലാം കാണാം
പൊടിപറത്തിക്കൊണ്ട്
പാഞ്ഞുവരുന്ന കരിങ്കുതിരകള്‍
അവയ്ക്കുമുകളില്‍
കറുത്തതുണികൊണ്ട് മുഖംമറച്ചവര്‍
ഉറുമ്പുകളേ...
നിങ്ങളെത്തിന്നുംതോറും
എന്റെ കാഴ്ച വളരുകയാണ്
ചക്രവാളാതിര്‍ത്തിയും ഭേദിച്ച്
ശൂന്യതയില്‍ വിലയിക്കുകയാണ്
കടലൊരു ചെറുവെള്ളക്കെട്ടായ് മാറുകയാണ്
വരാല്‍മീന്‍പോലെ
കൈവെള്ളയില്‍ പിടയ്ക്കുകയാണ്

തേന്‍മണം പ്രസരിക്കുന്ന
ഈ മുറിയിലേക്ക്
ഒഴിഞ്ഞ തേന്‍കൂടയുമായ്
കയറിവരുന്നുണ്ടവര്‍
അക്ഷമയുടെ കുളമ്പൊച്ചകള്‍
പുറത്തുകാത്തുനില്‍ക്കുന്നുണ്ട്
അവരെന്നെ കാണുംമുന്‍പ്
ശരീരത്തിനുള്ളിലേയ്ക്ക്
ഞാന്‍ ചുരുണ്ടു ചുരുണ്ടുകയറുകയാണ് !

Wednesday, October 26, 2011

ഗന്ധര്‍വ്വാ...


ഗന്ധര്‍വ്വാ...
നിന്റെ സഞ്ചാരപഥങ്ങളിലൂടെ
ഞാനിതുവരെ സഞ്ചരിച്ചിട്ടില്ല
പാലപ്പൂമണം കുടിച്ച്
മത്തുപിടിച്ച് പാടിയിട്ടില്ല
അപ്പാട്ടുകേട്ട്
ഉറങ്ങാതുണര്‍ന്നിരുന്ന
കന്യകയുമല്ല ഞാന്‍
ഇരുട്ടില്‍നിന്ന് പൊടുന്നനെ
പൊന്തിമറഞ്ഞൊരു ധൂമച്ചുരുള്‍കണ്ട്
വെപ്രാളപ്പെട്ടോടി
കണ്ട കുളത്തിലോ കിണറ്റിലോ
ചത്തുപൊന്തിയിട്ടില്ല
കരിയിലകളെ ചുഴറ്റിവരുന്നൊരു
കാറ്റായി നീ മാറുമ്പോള്‍
അതിനുള്ളിലന്തമില്ലാതെ ചുറ്റുന്ന
വികാരമല്ല ഞാന്‍

എന്നിട്ടും നീയെന്നെ ബാധിച്ചു
പൂപ്പലുപോലെന്റെ സിരകളില്‍ പടര്‍ന്നു
കാട്ടുവള്ളിപോലെന്നെ ചുറ്റിവരിഞ്ഞു
അടങ്ങാത്ത തൃഷ്ണയായെന്നില്‍
പൂത്തുതിണര്‍ത്തു

നീ കുടിച്ചു വലിച്ചെറിഞ്ഞ
സ്ട്രോയ്ക്കുള്ളില്‍
ഒരുറുമ്പായ് വന്നു മണത്തതല്ലേയുള്ളൂ
ഉറഞ്ഞൊരു തുള്ളി
നുണഞ്ഞതല്ലേയുള്ളൂ

ഗന്ധര്‍വ്വാ...

Sunday, October 23, 2011

കഥയില്ലാക്കാലത്ത്


മോഷ്ടിച്ചെടുത്ത പുസ്തകം
വായിക്കാനറിയാതെ
വാതില്‍ത്തട്ടിനു മുകളിലൊളിപ്പിച്ചു
പിന്നെയും കൊതിതീരാതെ
എടുത്തു നോക്കി
മണത്തു നോക്കി
അവിടെത്തന്നെയൊളിപ്പിച്ചു

പിന്നെയും വിശ്വാസംവരാതെ
ചട്ടയിലൂടെ വിരലോടിച്ചു
പഴയ തുണികള്‍ തിരുകിയ
ചുമരലമാരയില്‍ വെച്ചു
അടച്ചുറപ്പില്ലാത്ത പേടി
പിന്നെയും ബാധിക്കുന്നു
പേജുകളിലിടയ്ക്കുള്ള
ചിത്രങ്ങളില്‍ നിന്നൊരു
കഥ കൊരുത്തെടുക്കുന്നു
തട്ടിന്‍പുറത്തെ പഴുക്കടയ്ക്കാമണം ചാരി

അക്കഥ പറഞ്ഞുനടന്നു
ഉച്ചവെയിലത്ത്
കരിയിലകളോടും
കുത്തിക്കുടിയന്‍ മാമ്പഴത്തോടും
കാറ്റിനോടും
വൈകീട്ട് മേയാനിറങ്ങും മയിലുകളോടും

പിന്നെയും
പുസ്തകത്തിനുള്ളിലേയ്ക്കൊരു
ചിതല്‍പ്പറ്റമായ് മാറി
കരണ്ടുകരണ്ടു വിത്തുകളെടുത്തു
നട്ടുപിടിപ്പിച്ചു
കഥകളില്ലാതാവും കാലത്തു  തിന്നാന്‍!

Saturday, October 22, 2011

കവി മുല്ലനേഴി മാഷ് പോയി


കവി മുല്ലനേഴി മാഷ് പോയി
ഇന്നലെ അയനത്തിന്റെ അയ്യപ്പന്‍ അനുസ്മരണത്തില്‍ നമ്മോടൊപ്പം ഉണ്ടായിരുന്നിട്ട്. കവിതയെക്കുറിച്ച് പറഞ്ഞിട്ട്. അയ്യപ്പനെക്കുറിച്ചു പറഞ്ഞിട്ട്.
അയ്യപ്പന്‍ കൂട്ടിക്കൊണ്ടു പോയതാവുമോ
ഇപ്പോഴും കണ്ണിലുണ്ട് മാഷ്
കാതിലുണ്ട് മാഷ്ടെ വാക്കുകള്‍
വിശ്വസിക്കാനാവാതെ
ആദരാഞ്ജലികളോടെ

Tuesday, October 11, 2011

രോമക്കുപ്പായം

മരച്ചില്ലകളില്‍ ചാടിമറയുന്ന
മലയണ്ണാനെക്കണ്ടിട്ടില്ല
പറമ്പിക്കുളത്തു പോയിട്ടും

ഓരോ വളവിലുമോരോ കയറ്റത്തിലും
പെരുമരങ്ങളിലേക്കു
പാളിവീഴുന്ന നോട്ടങ്ങളില്‍
രോമാവൃതമായൊരു
വാലനക്കം കണ്ണോര്‍ത്തിട്ടും
മലമുഴക്കി വേഴാമ്പലിന്റെ
ചിത്രം വരഞ്ഞ റോഡരികുകളില്‍ നിന്ന്
മലകള്‍  കടന്നു പോകും
മുഴക്കങ്ങളെറിഞ്ഞിട്ടും

മലകളേ ... മരങ്ങളേ
ഒരു മലയണ്ണാനെക്കാണിച്ചു താ..
എന്ന പ്രാര്‍ഥനയുടെ ഫലമായിരിക്കുമോ
തെങ്ങോലകളില്‍ നിന്നു കുതിക്കുമീ രോമക്കാലുകള്‍
പൂക്കുലകളിലള്ളിപ്പിടിക്കുമീ നഖക്കൂര്‍പ്പുകള്‍
ഇളനീരു തുരന്നുകുടിക്കുമീ
ചെമ്പന്‍ചുണ്ടുകള്‍

തെങ്ങില്‍ നിന്നു
തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ
രോമക്കുപ്പായം
വെയിലത്തുണക്കാനിട്ടിട്ടുണ്ട്
കൊഴിഞ്ഞ പീലികള്‍
തേടിനടക്കും മയിലിനെപ്പൊലെ
ഉമ്മവെച്ചു പിരിഞ്ഞ
വെടിയുണ്ടയുടെ ശബ്ദമനുകരിച്ച്
വരുമെന്നറിയാം

തുരന്നുതിന്ന
ഓര്‍മകള്‍ക്കു പകരം
ഈ രോമക്കുപ്പായമെങ്കിലും
ഞാനെടുത്തോട്ടെ !

Saturday, October 1, 2011

വേട്ടക്കാരന്‍

ജലത്തില്‍ അസ്തമയസൂര്യന്റെ
നിറം കലര്‍ത്തി വരച്ചുകൊണ്ടിരുന്ന
*കോള്‍പ്പാടങ്ങളാണു റോഡിനിരുവശത്തും
അവിടെയൊരു സ്റ്റോപ്പല്ലാതിരുന്നിട്ടും
വഴിയരികിലെ മരങ്ങള്‍
കൈകാണിച്ചു  നിര്‍ത്തിയിറക്കി

പാടത്തേക്കിറങ്ങുമിടത്തൊരു പാലമുണ്ടായിരുന്നു
സിമന്റുകൈവരികളിലിരിക്കുമ്പോള്‍
കുളവാഴയുടെ തണ്ടുപൊട്ടിച്ച്
നീലപ്പൂക്കള്‍
ചുഴറ്റിച്ചുഴറ്റിപ്പോകുന്ന കാറ്റ് കാണിച്ചുതന്നു
കോള്‍പ്പാടങ്ങളില്‍
കൂട്ടിയിടിച്ചു ചിതറിയ മേഘങ്ങള്‍
ഇടയ്ക്കു പറക്കയുമിടയ്ക്കു
ചിറകുവിരിയ്ക്കയും ചെയ്യുന്ന വെള്ളക്കൊറ്റികള്‍
അവയുടെ മെല്ലിച്ചുനീണ്ട കാല്‍ച്ചുവട്ടിലൂടെ
വരമ്പുകളിലെ പൊത്തുകളിലേക്കു
പതുങ്ങുന്ന പകല്‍വെളിച്ചം

കോള്‍പ്പാടങ്ങളെ തൊട്ടിഴയുന്ന
തോട്ടുവക്കത്തു നിന്ന് ചൂണ്ടയിടുന്ന കുട്ടികള്‍
മീന്‍കൂടകളില്‍ നിന്ന്
വെടിയേറ്റ വെളുപ്പുകളെടുത്തു കാണിക്കുന്നു
ഞങ്ങളെയെന്നാണ് കൊന്നു
കുഴിച്ചു മൂടുന്നത്?
എന്ന അശരീരികളെ വെടിവെച്ചിടുന്ന
വേട്ടക്കാരനായ് ഞാന്‍.

*തൃശ്ശൂര്‍ കാഞ്ഞാണി പാടം 

അപ്പോള്‍ മാത്രം


അലിയിച്ചുകളയു
മൊരു കുഞ്ഞിന്റെ ചിരി
നമുക്കുള്ളിലെ
വെയിലോര്‍മകള്‍

പുഴുകരണ്ട
ഇലകള്‍ പോലുള്ള
ഹൃദയങ്ങളെ
എട്ടുകാലിയുടെ നൂലെഴുത്തുകൊണ്ടോ
പുളിയുറുമ്പിന്റെ കൂടുപോലെയോ
ചേര്‍ത്തു നിര്‍ത്തും

പെയ്യാനിരുന്ന
കടിച്ചമര്‍ത്തലുകള്‍
കാറ്റെവിടേക്കോ കൊണ്ടുപോകും

ചുവരുകളുടെ ചതുരങ്ങള്‍ക്കുള്ളില്‍
ചതുരങ്ങളായ് മാറിയുറഞ്ഞ
നമ്മുടെയരികുകള്‍
പൊടിഞ്ഞുതുടങ്ങും

കോണുകളുടെ
മുനകളടര്‍ന്നുവീഴും
ഉറയുന്നതിനു മുന്‍പുണ്ടായിരുന്ന
കുഴയ്ക്കലിനും മുന്‍പായിരുന്ന
മിനുസങ്ങളിലേയ്ക്കൂറും
എപ്പോഴൊക്കെയോ നാം ധരിച്ച
പരുക്കനാവരണങ്ങളൊന്നൊന്നായഴിഞ്ഞുപോകും

അപ്പോള്‍ മാത്രം
നമുക്കു ചിരിക്കാനാകും
ഒരു കുഞ്ഞിനുമാത്രം
സാധ്യമായ വിധത്തില്‍ !

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP