ഗന്ധര്‍വ്വാ...
നിന്റെ സഞ്ചാരപഥങ്ങളിലൂടെ
ഞാനിതുവരെ സഞ്ചരിച്ചിട്ടില്ല
പാലപ്പൂമണം കുടിച്ച്
മത്തുപിടിച്ച് പാടിയിട്ടില്ല
അപ്പാട്ടുകേട്ട്
ഉറങ്ങാതുണര്‍ന്നിരുന്ന
കന്യകയുമല്ല ഞാന്‍
ഇരുട്ടില്‍നിന്ന് പൊടുന്നനെ
പൊന്തിമറഞ്ഞൊരു ധൂമച്ചുരുള്‍കണ്ട്
വെപ്രാളപ്പെട്ടോടി
കണ്ട കുളത്തിലോ കിണറ്റിലോ
ചത്തുപൊന്തിയിട്ടില്ല
കരിയിലകളെ ചുഴറ്റിവരുന്നൊരു
കാറ്റായി നീ മാറുമ്പോള്‍
അതിനുള്ളിലന്തമില്ലാതെ ചുറ്റുന്ന
വികാരമല്ല ഞാന്‍
എന്നിട്ടും നീയെന്നെ ബാധിച്ചു
പൂപ്പലുപോലെന്റെ സിരകളില്‍ പടര്‍ന്നു
കാട്ടുവള്ളിപോലെന്നെ ചുറ്റിവരിഞ്ഞു
അടങ്ങാത്ത തൃഷ്ണയായെന്നില്‍
പൂത്തുതിണര്‍ത്തു
നീ കുടിച്ചു വലിച്ചെറിഞ്ഞ
സ്ട്രോയ്ക്കുള്ളില്‍
ഒരുറുമ്പായ് വന്നു മണത്തതല്ലേയുള്ളൂ
ഉറഞ്ഞൊരു തുള്ളി
നുണഞ്ഞതല്ലേയുള്ളൂഗന്ധര്വ്വാ...
2 comments:
എന്തിനധികം, ധാരാളമായി.
കലികാല ഗന്ധര്‍വന്‍
Post a Comment