Tuesday, October 2, 2018

അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ


ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ
എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ
അവളുടെ മൊബൈൽ ക്യാമറയിൽ
എന്റെ വള്ളം
തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു
എന്റെ മൊബൈൽ ക്യാമറയിൽ
അവളുടെ വള്ളം
ചിരിച്ചു കൊണ്ട്‌ കടന്നു പോകുന്നു
അവൾ ചിരിക്കുന്നു
ഞാൻ ചിരിക്കുന്നു
വള്ളങ്ങൾ അപ്പോഴേക്കും
പ്രണയത്തിലാവുന്നു
വള്ളങ്ങൾ ആലിംഗനബദ്ധരാവുന്നു
പിരിയാൻ കഴിയാത്ത വിധം അടുക്കുന്നു
എന്റെ വള്ളത്തിനു മീതെ
നിന്റെ വള്ളം
കമഴ്ന്നു വീണ്
പുൽകുന്നു
വള്ളങ്ങൾ തമ്മിൽ
മൂർച്‌ഛിച്ച
അതേ നിമിഷത്തിൽ
രണ്ടു ജീവനുകൾ
ചില്ലുതുമ്പികളെപ്പോലെ
വെള്ളത്തിൽ നിന്നുയരുന്നു
ആകാശത്തിന്റെ
ചതുപ്പിനുമുകളിൽ
വെയിൽ കാഞ്ഞ്‌
പറക്കുന്നു
കരമണലിൽ
ചലിക്കുന്ന
ദ്വിമാനചിത്രങ്ങളെപ്പോലെ
രണ്ടു നിഴലുകൾ അടുക്കുന്നതു നോക്കി
വള്ളങ്ങൾ
ക്ഷീണിച്ച് കിടന്ന്
ഉറക്കം പിടിക്കുന്നു.

Sunday, May 13, 2018

പാതി കടിച്ച പപ്പടം

പാതി കടിച്ച പപ്പടം
ഒരു ബാധ്യതയാണ്
ഉപേക്ഷിക്കുകയോ
അകത്താക്കുകയോ
ചെയ്യേണ്ടി വരുംവരെ

ഓരോ ഉരുളയിലും
അതിന്റെ ഓർമകൾ
അലട്ടിക്കൊണ്ടിരിക്കും
തുടയ്ക്കാൻ പറ്റാതെ
ഒലിച്ചിറങ്ങുന്ന
വിയർപ്പു പോലെ..

പതിവ് പോൽ

തേൻ തൂവിക്കൊണ്ടിരുന്നു
മാവ്
പൂ തൂകിക്കൊണ്ടേയിരുന്നു
വേനൽ
തേനൊലിച്ച്
പൂ കൊഴിഞ്ഞ്
മുറ്റം

റീത്ത് വെച്ച പോലെ
മാവിലേക്കു നോക്കി മലർന്ന്
പറഞ്ഞുറപ്പിച്ചത്
പേരുംചേതമാകുമോയെന്നു പൊടിഞ്ഞ്
മുൻകൂറായ് വാങ്ങിയത്
മുറുക്കിത്തുപ്പിയ
മണ്ണ്!

മൃതദേഹം

അപമാനിക്കപ്പെട്ട
മൃതദേഹം ചുമന്നു കൊണ്ട്
ഒരു കൂട്ടം പോവുകയാണ്

അവരുടെ കണ്ണുകളിൽ
തീയുണ്ട്
അതിന്റെ അല
അവിടമാകെ ആളുന്നപോലെ

പിറകിൽ നിന്ന്
നായ്ക്കളുടെ ചിരി മുഴങ്ങുന്നുണ്ട്
തോളിലേറ്റിയ മൃതശരീരത്തെ കണ്ട്
ഒന്നുമറിയാത്ത പോലെ
മരവിച്ചു നിൽക്കുന്ന കാലം

അതാ അവിടെയാണ്
ശവപ്പറമ്പ്
അവിടെയെത്തുമ്പോൾ
അവിടെയൊരു ശവപ്പറമ്പേയില്ലെന്ന്
മുടി നരച്ചിട്ടും മനസ്സു തുറക്കാത്തൊരു ബോർഡ്
(ഇന്നുവരെ ഇല്ലാതിരുന്നത്)

അടച്ചിട്ട ശവപ്പറമ്പുകൾ കണ്ട്
അടക്കാനാകാത്ത
മൃതശരീരവും ചുമന്ന്
ഒരു കൂട്ടം പോകുന്നത്
ഒരാൾ വരയ്ക്കുന്നു
അതുകണ്ട് കുറെ നിഴലുകൾ
കരിഞ്ഞ ഭൂപടത്തിനു ചുറ്റുമിരുന്ന്
ചിരി മുഴക്കുന്നു

അപമാനിക്കപ്പെട്ട ആ മൃതദേഹം
എവിടെയും അടക്കേണ്ടെന്ന്
അവർ തീരുമാനിക്കുന്നു
അല്ലെങ്കിൽ തന്നെ
കൊല്ലപ്പെട്ട ദൈവത്തിന്റെ മൃതദേഹം ചുമന്ന്
നടക്കാനാണല്ലോ
അവശേഷിക്കുന്ന മനുഷ്യരുടെ വിധി!

പൂട്ടിയിട്ട

പൂട്ടിയിട്ട
ഓട്ടുകമ്പനിയുടെ പുകക്കുഴൽ
ഇപ്പോഴൊരു
മൊബെൽ ടവറാണ്
കാട്ടുവള്ളികൾ പടർന്നുണങ്ങിയ
വടവൃക്ഷം പോലെ
ഭൂതകാലത്തെ
ഓർത്തെടുക്കുകയാവുമത്

വെറുതെ ചില വിചാരങ്ങൾ

രാവിലെ എഴുന്നേറ്റ്
മത്തി പൊള്ളിച്ചത്
തിന്നുന്നതുപോലൊരു
ഭ്രാന്തൻ വിചാരം വേറെയുണ്ടോ?
കട്ടൻ കാപ്പി കൂടിയുണ്ടെങ്കിൽ
കേമമായി

ഇങ്ങനെയാലോചിച്ചിരിയ്ക്കെ
ഒരു മലയണ്ണാൻ
തെങ്ങിൻ പട്ടയുടെ
പാലങ്ങൾ
അപകടകരമായി ചാടിക്കടന്ന്
മഞ്ഞുരുകുന്നൊരു തോന്നലിലേക്ക്
കയറിപ്പോയി

വെയിൽ
അതിന്റെയേറ്റവും പതിഞ്ഞ താളത്തിൽ
പാടിക്കൊണ്ടിരിക്കുന്നു
പാട്ട് ഇലകളെ വരയ്ക്കുന്നു
ചെമ്പോത്തിന്റെ കണ്ണ് വരച്ച്
കുഞ്ഞുങ്ങളെ കാറ്റിനെ കാലത്തെ
പേടിപ്പെടുത്താൻ ശ്രമിക്കുന്നു

ഒരൂക്കൻ റാഞ്ചലിൽ
ഒരു കോഴിക്കുഞ്ഞ്
പൊന്തിപ്പൊന്തിപ്പോകുന്നു

കാഴ്ചയുടെ അതിരിനപ്പുറം
പതുങ്ങിയിരിക്കുന്ന മരണം
കൂട്ടനിലവിളികളുടെ പകൽ വരയ്ക്കുന്നു

ഭ്രാന്തൻ വിചാരങ്ങളുടെ തുരുത്തിൽ
ഞാനിപ്പോൾ ഉറക്കമുണർന്നിട്ടേയുള്ളു
മത്തി പൊള്ളിച്ചതും കട്ടൻ കാപ്പിയും എന്ന തോന്നലിനെ
കവിതയാക്കുന്നതേയുള്ളൂ

മനസ്സമാധാനം

എവിടെയോ എന്തോ
ചോർന്നൊലിക്കുന്നുണ്ടെന്നൊരു തോന്നൽ
ആദ്യമങ്ങനെയുണ്ടായപ്പോൾ
ടെറസ്സിന്റെ മൂലയ്ക്ക് വിള്ളലുണ്ടായിരുന്നു

മഴ കൊടുത്ത പണിയാണ്
വെയിലിന്റെ തച്ചൻ
നടു നീർത്തപ്പോഴേക്കും
നേരമിരുട്ടി

ഇറ്റിറ്റു വീഴുന്ന ശബ്ദം
കനത്തു കനത്തു വന്നപ്പോൾ
ഉറക്കത്തിന്റെയൊഴുക്കിന്
തടം വെച്ചെണീറ്റു
കുളിമുറിയിലും
വാഷ്ബേസനിലും അടുക്കളയിലുമെല്ലാം
കറങ്ങിത്തിരിയുന്നു
വരണ്ട നാവു പോലൊരുറക്കം
മഴ പെയ്യുന്നുമില്ലെന്ന് വാതിൽ തുറന്നപ്പോഴേക്കും
ആകെയുള്ള തെങ്ങിന്റെ പരാതി

പലതുമൊലിച്ചു പോകുന്നുണ്ട്
തിരിച്ചറിയുമ്പോഴേക്കും
പലരും ചിരിച്ചു തുടങ്ങി
അർഥം മനസ്സിലാക്കാൻ പറ്റാത്ത
എന്തൊക്കെയോ ദുരൂഹതകളുണ്ട്
എന്നു മാത്രം മനസ്സിലായി
അപ്പോഴേക്കും എന്തൊക്കെയോ വിളിച്ചു പറഞ്ഞ്
കൂടെയുണ്ടായിരുന്നവളും
ഇറങ്ങിപ്പോയി

ഒറ്റയ്ക്കായ രാത്രി
അതേ തോന്നൽ തന്നെ
എണീറ്റിരുന്നു
കെട്ടി നിർത്തിയതെല്ലാം
തുറന്നുവിട്ടു
വീർപ്പു മുട്ടിച്ചതെല്ലാം
പുറത്തിട്ടു

നല്ല നിലാവുണ്ട്
പുഴയുടെ ഇറമ്പത്തുവന്ന്
കടപുഴങ്ങി ചാഞ്ഞ ഈറയുടെയില
പുഴയെ കീറിയൊലിക്കുന്ന നേർത്ത ശബ്ദം കേട്ടിരുന്നു

ഉമ്മമരം

ഒരുമരം
നിറയെ ഉമ്മകൾ

പൂത്തു പൂത്തു പന്തലിക്കുന്ന ഉമ്മകൾ
പച്ചയും പഴുപ്പും കായ്ച്ച്
കുടക്കമ്മലുകളുടെ ചാഞ്ചാട്ടം പോലെ ഉമ്മകൾ
പകൽ
ഉമ്മകളെ പിടിച്ചിരുത്തി
ചായമടിക്കുന്നു
രാത്രിയോ
ഉമ്മക്കണ്ണിലമർന്നിരുന്ന്
ചായമൂറ്റിക്കുടിച്ചു രസിക്കുന്ന വവ്വാൽ

ഉമ്മവയ്ക്കുന്ന മണം
കാറ്റിലൂടവിടെ വ്യാപിക്കുന്നു
ചുണ്ടുകൾ ചേരുമുമ്മകൾ
കവിളുകളൊട്ടുമുമ്മകൾ
വരണ്ട ഓർമപ്പാടങ്ങളെ
നനച്ചു നനച്ചേ പോമുമ്മകൾ
നോട്ടങ്ങൾ തുറന്നുമടഞ്ഞുമിടയും
വഴുവഴുപ്പനുമ്മകൾ
കുതറുമ്പോൾ ചേർന്നു പടർന്നേറുമുമ്മകൾ
പഴച്ചക്കമണക്കും കുഞ്ഞുമ്മകൾ
കരിയും വിയർപ്പുമിഴുകും നിലാവുമ്മകൾ
വേരുകൾ മണ്ണിന്റെ നിഗൂഢതയിൽ..
ഇലകൾ കാറ്റിന്റെ നഖങ്ങളിൽ..
തളിര് ആകാശരോമങ്ങളിൽ..

പൊടുന്നനെ
വിങ്ങി വിങ്ങിയൊരുമ്മ
യമർന്നതിന്നാവേശത്തിൽ
പൊട്ടിയടർന്ന്
മരമലിഞ്ഞൊലിച്ചുപോകുന്ന
പ്രളയത്തിൽ
ഉമ്മകളുടെ കാക്കത്തൊള്ളായിരം മീനുകൾ
ഉമ്മകളേറ്റ് തരിക്കുന്നു..!

വരാൽ

നീ ഞാനാണല്ലോയെന്നുപറയുന്ന
ഒരാളുടെകൂടെ നഗരത്തിൽ ചുറ്റിക്കറങ്ങുന്നു

മെയ് മാസത്തിന്റെ കനൽപ്പൊരി വീണ്
കണ്ണു കലങ്ങി പൊള്ളിയടർന്ന്
കരിമ്പിൻ ജ്യൂസ് നോക്കിയെത്തുന്നു
കരിക്കിൻകുലകൾ വാ പൊത്തിപ്പിടിച്ച്
ചരിഞ്ഞിരിക്കുന്നു
(പൊത്തിപ്പിടിച്ചാലും ചെത്തിത്തുറക്കുമെന്ന
വാശിയിൽ
തൊട്ടടുത്തൊരു വാക്കത്തിയിരിക്കുന്നത് കണ്ട്
പരസ്പരം സങ്കല്പിച്ചു)
തിരക്കുപിടിച്ച പാതകളിലൂടെ
തിരക്കുപിടിച്ച ജന്തുക്കൾ
പേ പിടിച്ചപോലെ ഇരമ്പിക്കൊണ്ടിരിക്കുന്നു

തൊണ്ടക്കുഴലിലൂടെ
മധുരവും തണുപ്പുമിഴഞ്ഞ്
വീണ്ടും പൊള്ളിയടരാനിറങ്ങുന്നു
പരസ്പരം തൊപ്പികളാവുന്നു

നട്ടുച്ചവെയിലിന്റെ പൂരക്കുട പിടിച്ച്
ഒരു കൂട്ടം
ട്രാഫിക് ബ്ലോക്കിനെ തമാശയായി കാണുന്നു
കാല് ചുട്ടുപൊള്ളുമ്പോൾ ആനയ്ക്ക്
പാപ്പാനെ ചുരുട്ടി റോഡിലടിച്ച്
തല ചവിട്ടിയരച്ച് മരങ്ങൾക്കിടയിലേക്ക്
ഓടിപ്പോവാൻ തോന്നുന്നത്
എനിക്കും തോന്നുന്നു
നീ ഞാനല്ലോ
എന്നു പറയുന്ന നിനക്കും തോന്നുന്നുണ്ട്
എന്നു ഞാൻ വിചാരിക്കുന്നത്
നീയും വിചാരിക്കുന്നുണ്ട്

നടന്നു നടന്നു പോകുമ്പോൾ
മരങ്ങളെ തിരയുന്നു
നീ വിചാരിക്കുന്നത്
ഞാൻ പറയുന്നു
നിന്റെ ശ്വാസകോശത്തിലെ
വലിവ്
എനിക്കുമുണ്ടായതെങ്ങനെ
നിന്റെയന്തർമുഖത്വം
ദുരൂഹമായ നോട്ടം
കോലം കെട്ടിയ പോലത്തെ
സെൽഫികൾ
മിണ്ടായ്മകൾ
ആക്കിയ ചിരി
മസാലക്കലർപ്പുള്ള രുചികൾ
വാക്കുകൾ
നോട്ടങ്ങൾ
എല്ലാമെനിക്കുമുണ്ടല്ലോ
പറയുന്നതെല്ലാം അതുപോലെയാകുമ്പോൾ
നീ പറഞ്ഞതിന്റെ വാസ്തവത്തിൽ
ഞാൻ വിശ്വസിക്കുന്നു
അല്ല വിശ്വാസത്തെ
അരക്കിട്ടുറപ്പിക്കുന്നു

രണ്ടു തലയുള്ള
ഒറ്റജീവിയാകാൻ
നമ്മൾ തീരുമാനിക്കുന്നു
വിശ്വാസം മണ്ണാങ്കട്ട
എന്നു പറഞ്ഞ് രണ്ടു പട്ടങ്ങളെ
നൂലു പൊട്ടിച്ച്
ഒന്നിച്ച് പറത്തുന്നു
ശേഷിക്കുന്ന നൂൽ
കൈയിൽ നിന്ന് കളയാൻ
മറന്നു പോകുന്നു

നട്ടുച്ച
നന്നായി മൂക്കുന്നു

തിരഞ്ഞൊരു മൂലയിൽ
കണ്ടെത്തിയ മാളത്തിനുള്ളിൽ നിന്ന്
പുറത്തിറങ്ങിയപ്പോഴേക്കും
പകലിന്റെ മരണവെപ്രാളം തുടങ്ങിയിരുന്നു
നീ ഞാനല്ലോ
എന്നു നീ പറഞ്ഞില്ല
കളഞ്ഞിട്ടും കൈയിൽ അവശേഷിച്ച നൂൽ
കണ്ടപ്പോൾ മാത്രം
ഞാൻ നീയല്ലോ എന്നെനിക്കു തോന്നി

നീയപ്പോൾ തിരിഞ്ഞു നോക്കാതെ
തിടുക്കത്തിൽ
ബസ്സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്നു
നീ നടന്നു പോകുന്നതു നോക്കി
കളഞ്ഞിട്ടും
കൈയിലൊട്ടിപ്പിടിച്ച പട്ടത്തിന്റെ നൂൽ
ഞാൻ വലിച്ചു പറിച്ചു കളഞ്ഞു

ഇരുട്ടിലേക്ക് പുതയുമ്പോൾ
എനിക്കു ചിരി വന്നു
നീയല്ലല്ലോ ഞാൻ!

സങ്കടം

കാറ്റടിച്ചപ്പോൾ
ആകാശം
നിൽക്കക്കള്ളിയില്ലാതെ
മഴയെ
പറഞ്ഞു വിട്ടതു കണ്ട്
ചുട്ടുപൊള്ളിയ മണ്ണിന്
സങ്കടം വന്നു
കാറ്റിനിട്ടടിക്കാൻ നിന്നുകൊടുത്തല്ലോയെന്നോർത്ത്
മരങ്ങൾക്കും സങ്കടം വന്നു
പിടഞ്ഞുകൊണ്ടിരുന്ന
ഇലകളുടെ കാര്യംപിന്നെ പറയേണ്ടല്ലോ
പോയോ മഴ എന്നൊലർച്ച
സങ്കടമായ് വിവർത്തനം ചെയ്തത്
വീടിനുള്ളിൽ നിന്നും മുഴങ്ങിക്കെട്ടു

ഇതൊക്കെക്കണ്ട്
എനിക്കു സങ്കടം വന്നു
ഈ കവിതയ്ക്കും ആ സങ്കടമുണ്ട്
വായിക്കുമ്പോഴും
ആ സങ്കടമുണ്ടാവണം
ആ സങ്കടം വൈറലാക്കണം
എങ്കിലേ
ഒന്നുകിൽ കാറ്റിന്
അല്ലെങ്കിൽ ആകാശത്തിന്
അതിന്റെയോരിത് തോന്നൂ

കുത്തിപ്പൊട്ടിക്കണം നമുക്കത്
എന്നിട്ട്
അടുത്ത മഴയിൽ
ഒന്നിച്ച് നനയണം

കടലുമേകാന്തശിലകളും

കടലുമേകാന്തശിലകളും
മഞ്ഞും തണുപ്പുമിരുട്ടുമതിൽ
അഴകൊഴയുമോർമകളും
തീരത്തെ കാറ്റടിമരങ്ങളിൽ
കാറ്റിന്റെ ഞരമ്പുരോഗവും

പൊടുന്നനെയിരുട്ടിനെ
ബ്ലേഡ് കൊണ്ടു വരഞ്ഞൊരു ബൈക്കിൻ
പ്രകാശം
തൊട്ടുപിറകെ മറ്റൊന്ന്
തൊട്ടുപിറകെ
തൊട്ടുപിറകെ

പൂഴിമണലിൽ വേച്ചു വേച്ചോടുന്ന
കിരുകിരുപ്പ്
വലിച്ചിട്ട് ചവിട്ടുമ്പോൾ
കുതറിമാറുന്ന കിതപ്പുകൾ
ആഴത്തിലേക്ക് കയറാനായും
മൂർച്ചയെയെതിർക്കും
കൈകൾ പിടിച്ചുനിർത്തി
കാൽകൾ പിണച്ചു പിടിച്ച്
കണ്ണിൽചോരയില്ലാത്ത
കളികൾ
ചേറ്റിലേക്ക് മുഷിയെന്നപോൽ
ഉടലിൽ വഴുതിയിറങ്ങും ലോഹമുനകൾ
നിലത്തേക്ക് വിറച്ച് വീഴുമൊടുക്കത്തെ
തുമ്പിപ്പിടച്ചിൽ
കാറ്റൂതിത്തണുപ്പിയ്ക്കുന്ന
നുള്ളു ചൂട്
ഇരുട്ടിനെ ബ്ലേഡ്കൊണ്ടു വരഞ്ഞ്
മടങ്ങിപ്പോകുന്ന
ആർഎക്സ് 100
കടന്നലുകൾ

കടലുമേകാന്തശിലകളും
മഞ്ഞും തണുപ്പുമിരുട്ടും
മണലിൽ മുഖംപൂഴ്ത്തിക്കിടക്കും
ശവവും
തീരത്തെ കാറ്റടിമരങ്ങളിൽ
കാറ്റിന്റെ ഞരമ്പുരോഗവും
സുഖമുള്ളോരുറക്കവും..

Sunday, January 28, 2018

ചാറ്റുപാത്രം

വാക്കുകളുണങ്ങാത്ത
ഓർമകളുടെ ചാറ്റുപാത്രം
മരിച്ചിട്ടും
നമ്മളിപ്പോഴുമതിൽ
തർക്കിച്ചു കൊണ്ടിരിക്കുന്നു..!

Sunday, January 14, 2018

പുലിമുട്ട്


പുലിമുട്ടിലൊരു വൈകുന്നേരം
ചൂണ്ടയിടാൻ പോവുകയാണ്
അവിടെയൊരുപാടു പേർ
വമ്പൻ ചൂണ്ടകളുമായ് വന്നിട്ടുണ്ട്

വീശിയെറിഞ്ഞ്
ദൂരത്തോളം വീഴ്ത്തുന്നു
മീനെന്നു തോന്നിക്കുന്നവ
(ചുറ്റിയെടുക്കുമ്പോളവ നീന്തിവരുന്ന തോന്നൽ
കടലിനെ വേദനിപ്പിക്കുന്നുണ്ട്)

ചൂണ്ടക്കൊളുത്തിൽ
കുരുങ്ങിയിട്ടുണ്ട് സൂര്യൻ
ചെകിളക്കീറലിൽ
ചോര കലങ്ങിയിട്ടുണ്ട്

വമ്പൻ ചൂണ്ടകളുമായെത്തിയവർ
നിരാശയിൽ കാലു നനയ്ക്കുന്നുണ്ട്
(അതു കണ്ടിരിക്കുന്നതിലും
ഒരു രസമുണ്ട്)
മീന്തല കൊളുത്തി
കയ്യിൽ ചുറ്റിയനൂലെറിഞ്ഞ്
ബീഡിപ്പുകയിൽ മിണ്ടാതിരുന്നൊരാൾക്കൊരു
വമ്പൻ ചെമ്പല്ലി കിട്ടി
പൊത്തിപ്പിടയ്ക്കാൻ കൊള്ളാതെ
കൂക്കുവിളിയെറിഞ്ഞ്
മുണ്ടിനുള്ളിൽ കൂട്ടിപ്പിടിച്ചയാൾ
കരിങ്കല്ലിരുപ്പിൽ നിന്ന്
കയറിവരുന്നുണ്ട്
(മുഖത്തൊട്ടിയിരുന്നൊരു
ചെതുമ്പൽച്ചിരിയപ്പോൾ കണ്ടു)

ചൂണ്ടക്കൊളുത്തിൽ
പിടയുന്നുണ്ട് സൂര്യൻ
ചോര കടലിൽ കലർന്നിട്ടുണ്ട്

എല്ലാരുമൊഴിഞ്ഞു പോകെ
ഞാനെന്നിലേക്കൊരു
ചൂണ്ടയിടുകയാണിപ്പോൾ

ഈ കവിതയിലെങ്കിലും
കുരുങ്ങുമോ ഞാൻ?

***തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി (പുലിമുട്ട്)-From Wiki

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP