Sunday, October 20, 2013

ചാഞ്ചാട്ടം

പക്ഷികളുടെ കൂട്
കാറ്റിലാടുന്നത്
കണ്ടുനില്‍ക്കാന്‍ രസമാണ്
നേരം പൊകുന്നത്
അറിയത്തേയില്ല

കാറ്റിന്റെ
പോക്കുവരവുകള്‍ കാണാം
അതിന്റെ
ഓളങ്ങളില്‍

അതിനുള്ളില്‍
ചുരുണ്ടുറങ്ങുന്ന
കിളിക്കുഞ്ഞുങ്ങളെ കാണാന്‍
കൊതിതോന്നും,
അതുപോലുറങ്ങാന്‍
ആഗ്രഹിക്കും

വീടിനുള്ളില്‍
പുതച്ചുകിടന്നുറങ്ങിയാലും
ഇത്രയുറക്കം കിട്ടില്ല

ചാഞ്ചാട്ടം
ബസ്സിലിരുന്നുറക്കത്തെ
തൂക്കണാംകുരുവിക്കൂടായ്
വരയ്ക്കുന്നു



Sunday, June 30, 2013

തണുപ്പിനോട്

എടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്

ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്

എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!

Saturday, August 18, 2012

കൈവിട്ട കല്ല് വാ വിട്ട വാക്ക്

കൊല്ലാന്‍
കൊട്ടേഷന്‍ കൊടുത്തശേഷം
സുഹൃത്തിനെ കാണാന്‍ പോവുകയാണ്

ഇപ്പോഴവന്റെ
വീട്ടിലേക്കുള്ള വഴി
അത്ര ദുര്‍ഘടമായ് തോന്നിയില്ല
കല്ലുപാകിയ നിലങ്ങള്‍
ക്കത്ര മൂര്‍ച്ചയുണ്ടായിരുന്നില്ല
വഴിയ്ക്കരികിലൊരു മുള്‍മുരിക്കില്‍
ചുവന്നപൂക്കള്‍ വരയുന്നു നോട്ടം
ചിതപോലെരിയുന്ന വെയില്‍
അതിലവന്‍ കിടക്കുമിങ്ങനെയെന്നു കാണിച്ചു

അവന്റെ വീടെപ്പോഴു
മടയാതെ കിടന്നു
കിളികളും രാത്രിശലഭങ്ങളും
പ്രപഞ്ചമെന്നു നിനച്ചു
കൊത്തിവെച്ച ശില്പങ്ങളുള്ള
കസേരയിലവന്‍
ചിരിച്ചിരുന്നു
നഷ്ടപ്പെട്ട വിശ്വാസങ്ങളെക്കുറിച്ചാകുലപ്പെട്ടിരുന്നു
എങ്കിലുമുടനെ
വിലക്കുകളില്ലാത്ത ആകാശം
വിശാലമായ നെല്‍വയലുകള്‍ പോലെന്നവന്‍
ആഹ്ലാദചിത്തനായ്
ഒരു നിഴലവനുപിന്നില്‍
പതുങ്ങിനില്പതു കണ്ടു
കൊടുവാളോങ്ങുമതവനു
നേരെയെന്നു തോന്നിയപ്പോളെഴുന്നേറ്റു

പിരിയുമ്പോളവന്‍
ഒരുമിച്ചൊരു പാത്രത്തില്‍ നിന്നുണ്ട
തിപ്പോഴുമോര്‍ക്കുന്നുവോ
യെന്നു ചോദിച്ചു
മരവിച്ച മനസ്സുകൊണ്ടതു
തുടച്ചു കളഞ്ഞു
ചുവരില്‍ത്തറച്ച പോത്തിന്‍തല
യനങ്ങുന്ന പോലുണ്ടെന്നു
മറുപടി പറഞ്ഞു
അതവന്‍ കേട്ടില്ലെന്നു തോന്നി
അവന്റെ കുരുന്നുകള്‍
പൂച്ചെടിക്കായ്കളിറുത്തെണ്ണി
ക്കളിക്കുന്നു
പണമെണ്ണിക്കൊടുത്തതോര്‍ത്തു

തിരിച്ചുവരുമ്പോളിറക്കത്തിലൊരു
കല്ല്
ഒറ്റയേറിനു താഴത്തെത്തിച്ചു

കൈവിട്ട കല്ല്
വാ വിട്ട വാക്ക്...
മരവിച്ച മനസ്സുകൊണ്ടെല്ലാം
തുടച്ചു കളഞ്ഞു

Saturday, July 7, 2012

ഫ്ലാസ്ക്

മടങ്ങിയെത്തുമ്പോള്‍
ചൂടുള്ളൊരു ചുംബനംകൊണ്ട്
നീയെന്നെ തിരിച്ചെടുക്കുന്നു

തിരക്കില്‍ നിന്ന്
തിടുക്കങ്ങളില്‍ നിന്ന്
തുണ്ടുതുണ്ടായ് ചിതറുന്ന വിചാരങ്ങളില്‍നിന്ന്
അരക്ഷിതമായ ശൂന്യതയില്‍നിന്ന്

ഇത്രയും നേരം
എവിടെയാണു നീയതു സൂക്ഷിച്ചത്
ആറാതെ
എന്നോര്‍ക്കുമ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍
ഒരുകപ്പു ചുടുകാപ്പിയായ്
മുന്നില്‍ നീ

ഉരിഞ്ഞെറിഞ്ഞൊരു
മുഷിഞ്ഞ ദിനത്തെ
പരിഭവിക്കാതെ
കുടഞ്ഞൊതുക്കുമ്പോള്‍
കാണുകയായിരുന്നു
ആരും കാണാതെ
ഹൃദയത്തിലെവിടെയോ
നീ കാത്തുവയ്ക്കുന്ന ഫ്ലാസ്ക്

ആറാത്ത ഭാഷയില്‍
വിളമ്പുമ്പോഴെല്ലാം
അവിശ്വാസത്തിന്റെ കൈതട്ടി
ഉടഞ്ഞു പോവരുതേ
അതെന്ന്
വെറുതെ ആഗ്രഹിക്കാമെന്നല്ലാതെ !

Sunday, June 17, 2012

ടൈംടേബിള്‍

അവസാനത്തെ പിരിയഡ്
കണക്കായിരുന്നു
കണക്കുചെയ്യാനറിയാത്ത കുട്ടി
ജനലിലൂടെ
മഴ നോക്കിയിരുന്നു

മഴകാണുന്ന കുട്ടിയെ നോക്കി
ടീച്ചര്‍ ഓരോന്നോര്‍ത്തു
പെരിക്കപ്പട്ടികയുടെ
കറുത്തപുസ്തകം മടക്കിവെച്ച്
കുട്ടികളെല്ലാം
അവളെ നോക്കിയിരുന്നു

കനത്തൊരിടിവെട്ടി
ക്ലാസ് മുറിയെ
പേടിപ്പിച്ചിരുത്തി

കണ്ണിറുക്കിയടച്ച
ക്ലാസില്‍ നിന്ന്
മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ
ആരും കണ്ടില്ല
ടീച്ചറും പിന്നെയവളെ
ക്കുറിച്ചോര്‍ത്തില്ല

മഴയിലേക്കിറങ്ങിപ്പോയ കുട്ടി
ടൈംടേബിളില്‍
അവസാനത്തെ പിരിയഡ്
മഴയെന്നു തിരുത്തി
ചേമ്പിലച്ചോട്ടില്‍ നിന്ന്
പച്ച നിറമാര്‍ന്ന
ആകാശത്തെ നോക്കി
പിന്നെ
ചോര്‍ന്നൊലിയ്ക്കുമോര്‍മകളില്‍
മഴയെന്നാണു
തന്റെ പേരെന്നു കുറിച്ചിട്ടു !

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP