
ബസ്റ്റാന്റില്‍
വിരലുകളില്ലാത്തൊരാള്‍
ചിത്രം വരയ്ക്കുന്നു
വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്‍
പലനിറങ്ങളില്‍
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം
അലിവിന്റെ
നാണയത്തുട്ടുകള്‍
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു
ഈച്ചകളില്‍
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു
എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്
ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്‍
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്‍
ചില്ലറയുണ്ടോന്നു പരതി
നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി
ചിത്രകാരനെവിടെ?
ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്‍ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍
ഉറങ്ങുന്ന പോലുണ്ട്.