Sunday, September 26, 2010
ഇനിയൊരു...
ഇനിയൊരു മരം നട്ടുവളര്‍ത്തി
യതിന്റെ തഴച്ച തണുപ്പത്തിരുന്ന്
കാറ്റുകൊള്ളണം
ചെടി പിഴുതെടുത്തു വെച്ച്
പൊടിച്ചുവളര്‍ന്ന്
മരമാവും വരെ ആയുസ്സുണ്ടാകുമോ?
ഉണ്ടെങ്കിലന്നനങ്ങാനാവുമോ?
അനങ്ങാനായാലും
നടക്കാനോ കാറ്റുകൊള്ളാനോ മനസ്സുണ്ടാകുമോ?
ഒട്ടുമുറപ്പില്ലാത്ത
ഒന്നിനുവേണ്ടി
കാലാകാലം കാത്തിരിക്കാന്‍
മനുഷ്യനാകുമോ?
ആയാലുമക്കാലത്ത് ഇതേയാഗ്രഹവും
ചിന്തയും വികാരവുമുറഞ്ഞമേഘമായ് നിലനില്‍ക്കുമോ?
ഋതുക്കളോട് പ്രതികരിക്കാത്ത കല്ലുപോലത്തെ
ജീവിതമുണ്ടാവില്ലല്ലോ
ഒരു മനുഷ്യനും
എന്നുവെച്ച്
ഇപ്പോള്‍ തോന്നിയൊരാഗ്രഹം
ഇപ്പോഴെടുത്ത കുഴിയില്‍ത്തന്നെ
കുഴിച്ചുമൂടണോ?
അതിനാല്‍
പഴക്കത്തിന്റെ വേടുകള്‍തൂങ്ങിയൊരു പെരുമരം
വേരുകള്‍ പൊട്ടാതെ പിഴുതെടുത്ത്
മണ്ണുമാന്തി കുഴിയെടുത്തതില്‍ നട്ടു
വെള്ളമൊഴിച്ചതിന്റെ ചുവട്ടിലിരുന്ന്
ഇതുവഴി വന്നിട്ടില്ലാത്തൊരു കാറ്റിനെ
ഗതി തിരിച്ചു വിടുന്നു
ഇനിയൊരു കാടു നട്ടുവളര്‍ത്തി
യതിന്റെയഗാധ ഗഹ്വരങ്ങളിലൊന്നിലിരുന്ന്
ധ്യാനിക്കണം
ത്രികാലജ്ഞാനിയാകണം !
Tuesday, September 21, 2010
തീക്കളി
Saturday, September 18, 2010
കുഴഞ്ഞ്
എല്ലാം
കൂടിക്കുഴഞ്ഞു കിടക്കുന്നു
മണ്ണ്
വേരുകൾ
ജലം
സസ്യം
മരം
കിളികൾ
മനുഷ്യർ
വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി
അടുക്കിപ്പെറുക്കി വെച്ച്
മടുത്ത്
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്
എന്നാണാവോ ?
കൂടിക്കുഴഞ്ഞു കിടക്കുന്നു
മണ്ണ്
വേരുകൾ
ജലം
സസ്യം
മരം
കിളികൾ
മനുഷ്യർ
വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി
അടുക്കിപ്പെറുക്കി വെച്ച്
മടുത്ത്
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്
എന്നാണാവോ ?
Sunday, September 12, 2010
കടവിലൊരന്തിയില്‍
വെളളം
പിന്നോട്ടു പിന്നോട്ടു വലിഞ്ഞു തുടങ്ങിയ
കടവില്‍
രണ്ടുമൂന്നു
കടത്തുവഞ്ചികള്‍
കെട്ടിയിട്ടിരിക്കുന്നു
ചീഞ്ഞ തൊണ്ടുകള്‍
കോര്‍ത്തു കെട്ടിത്താഴ്ത്തിയ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യന്റെ
അഴുകിയ ഗന്ധം
അവിടെ നിന്ന്
അസ്തമയം കണ്ടു
മടങ്ങുമ്പോള്‍
ചവിട്ടേറ്റെന്തോ
പിടഞ്ഞതുപോലെ തോന്നി
ഇരുട്ടു പരന്നതിനാല്‍
ശരിക്കു കണ്ടില്ല
ടോര്‍ച്ചിന്റെ
വെളിച്ചത്തില്‍ കണ്ടു
അന്തിക്കള്ളിന്റെ ലഹരിയില്‍
മാളത്തിലേയ്ക്കിഴയുന്ന
കായലിന്റെ
കറുത്ത ഫണം
Sunday, September 5, 2010
വെള്ളത്തിലൊരു കല്ല്
വെള്ളത്തിലൊരു
കല്ലിടാൻ പോവുകയാണ്
വെള്ളത്തിലേയ്ക്കെത്ര പേർ
കല്ലിട്ടിരിക്കുന്നു
കുളങ്ങളെത്ര ജലവൃത്തങ്ങൾ വരച്ചിരിക്കുന്നു
ഞാനുമെത്ര കല്ലിട്ടിരിക്കുന്നു
എന്നാലീക്കല്ല്
മുൻപിട്ടിട്ടില്ല
ഇതേ നിൽപും
മുൻപത്തേതല്ല
ഇതേ വേഗത്തി
ലിതേ സമയപരിധിയിലല്ല
മുൻപെറിഞ്ഞിട്ടുള്ളത്
തൊട്ടുതെന്നിത്തെറിച്ചു താണതു
മിങ്ങനെയല്ല
എന്നിട്ടുമെന്തേ പറയുന്നു
വെള്ളത്തിലൊരു കല്ലിടുന്നതി
നെന്താണിത്രയെന്ന് ?
ഈ പറയുന്നവർക്കു കഴിയുമോ
ഇപ്പോഴിട്ട ഈ കല്ല്
ഇതുപോലെയിടാൻ ?
Subscribe to:
Posts (Atom)