Friday, December 31, 2010
മൂന്ന് കാക്കക്കവിതകള്‍
പ്രപഞ്ചരഹസ്യം
കറന്റുകമ്പിയില്‍
തലകീഴായ്
തൂവലടര്‍ന്ന്
വെറുങ്ങലിച്ച കാക്ക
പൊടുന്നനെയുയര്‍ന്ന്
ചിറകൊതുക്കി
കാ...കാ...
എന്നു കരഞ്ഞ്
മീന്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി പറന്നത്
തികച്ചും യാദൃച്ഛികമായി
കണ്ണില്‍പ്പെട്ടു
വിശ്വസിച്ചു
വിശ്വസിച്ചു
എന്നെത്രയുറക്കെപ്പറഞ്ഞാലും
എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കല്ലേ
എന്നല്ലേ
നമ്മളോരോരുത്തരുമുള്ളില്‍പ്പേറുന്ന
പ്രപഞ്ചരഹസ്യം ?
(കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും
എന്ന സമാഹാരത്തില്‍ നിന്ന് )
അമ്മ, മുറ്റം, കാക്ക
കൂട്ടക്ഷരം പഠിപ്പിയ്ക്കാന്‍
കോര്‍ത്തുണ്ടാക്കിയ കഥയില്‍ നിന്ന്
അപ്പം തട്ടിയെടുത്ത കാക്ക
പറന്നു പറന്ന്
മുറ്റത്തിരുന്നു
ഇതുകണ്ട്
അമ്മ, മുറ്റം, കാക്ക
എന്നുമാത്രമറിയുന്ന കുട്ടി
നാവിറങ്ങിപ്പോയ ശബ്ദത്തില്‍
അമ്മേ ദാ മുറ്റത്തൊരു കാക്ക
എന്ന വാക്യത്തിലാശ്ചര്യപ്പെട്ടു
ഇതുകേട്ടു കൊണ്ടയയില്‍
തുണിവിരിച്ചു നിന്ന
അമ്മയ്ക്കൊരു കുളിരുണ്ടായി
കാക്കയോടൊരിഷ്ടമുണ്ടായി
ചീഞ്ഞ ഓര്‍മകള്‍
അമ്മ കാക്കയ്ക്കെറിഞ്ഞുകൊടുത്തു
അതൊന്നും നോക്കാതെ
കീടനാശിനിയുടെ ഭാഷയില്‍
കാക്ക കുട്ടിയെയുമെടുത്ത്
പറന്നുപോയി
കഥ തീര്‍ന്നപ്പോഴേക്കും
കുട്ടികള്‍ പഠിച്ച ജീവിതത്തില്‍
അവരെഴുതാന്‍ മറന്നിട്ടുപോയ
കവിതയാണിത്
ഒഴിഞ്ഞ ബഞ്ചുകളില്‍ നിന്ന്
കീറിയെടുത്തു
സൂക്ഷിച്ചതാണിത്...!
ഉന്നം
കാക്കയുടെ
അത്രയുമുന്നം
എനിക്കില്ല
എത്ര കൃത്യമായാണ്
ജീവിതത്തിന്റെ അവശിഷ്ടം
ഒന്നുമറിയാതെ പോകുമൊരുത്തന്റെ
തലയില്‍ വീഴ്ത്തുന്നത്
മരണം പോലെ
ഹെന്റെ കാക്കേ
നിന്റെയൊരു കാര്യം !
Tuesday, December 28, 2010
കിളിയാട്ടല്‍
കോവല്‍വള്ളികള്‍ പടര്‍ന്ന്
തടിച്ച വിരലുകള്‍പോലെ
ഭൂമിയിലേക്ക് ചൂണ്ടുന്ന
കായ്കള്‍ നിറഞ്ഞ
പന്തലുകളിലാണ് ജീവിതം
കിളികള്‍ വന്ന്
കൂട്ടത്തോടെ
ജീവിതം കൊത്തിയെടുത്തു പോകു
മതിനാല്‍
കിളിയാട്ടുവാന്‍
നട്ടുച്ചയ്ക്ക്
കവുങ്ങിന്‍ ചോട്ടിലിരിയ്ക്കുന്നു
വെയിലാറുമ്പോള്‍
വരുന്നൂ കിളികള്‍
പലനിറക്കലര്‍പ്പുകള്‍
തൊപ്പിയുമിളം തൂവലുകളുമൊരു നിറം
മിഴിയരികില്‍ മറ്റൊരു നിറം
അങ്ങനെയങ്ങനെ
പലനിറച്ചിലപ്പുകള്‍
കൊക്കിലാകാശം കൊരുത്തിട്ടവയും
അവയോടു പറയുന്നു
വിളയുന്നു നിങ്ങള്‍ക്കായ്
പലവൃക്ഷഫലങ്ങള്‍
മധുരങ്ങള്‍
ചവര്‍പ്പുകള്‍
വിടരുന്നൂ നിങ്ങള്‍ക്കായ്
കാടുകള്‍ വെയിലുകള്‍
വിഹായസ്സ്
ഞരമ്പുകളായ് ജീവന്‍തുടിയ്ക്കും
വള്ളികള്‍ക്കു മുകളിലവയുടെ നൃത്തം
വിശപ്പാറും സീല്‍ക്കാരങ്ങള്‍
പിറ്റേന്നു കാലത്ത്
ഒഴിഞ്ഞൊരു കിളിക്കൂടായ് നിന്ന
കോവല്‍പ്പന്തലെടുത്തു
കൊണ്ടുവന്ന്
ഇറയത്ത് തൂക്കിയിട്ടു.
ത്രികാലം
Monday, December 20, 2010
കൊല്ലന്‍
വരമ്പിനു നടുക്ക്
കാറ്റിനോടെപ്പോഴും
കൈചൂണ്ടിക്കെറുവിക്കു
മൊറ്റപ്പനയോടു തൊട്ട
ഓലപ്പുരയായിരുന്നാല
കൊല്ലനതില്‍
വാക്കത്തി,കൊടുവാളു
കഠാരകളില്‍
മൂര്‍ച്ചയേറ്റിയ ധ്യാനത്തിലിരുന്നു
ഇടയ്ക്കു റോഡിനോരത്തു വന്ന്
ചായകുടിച്ച്
ബീഡിയെരിച്ച്
പൊകല ചവച്ച്
പുകചുവപ്പിച്ച കണ്ണുകളോടെ
ആലയിലേക്കു തന്നെയടങ്ങും
ഇരുമ്പിരുമ്പിനോടു
ചെന്നുപറയുമൊച്ചകള്‍
ഓലപ്പഴുതുകടന്ന്
കൊറ്റികളെ പറപ്പിച്ചുവിട്ടു
മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു
കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന
(ആനുകാലികകവിത)
Monday, December 13, 2010
ഒരു രാത്രി
Sunday, December 12, 2010
Sunday, December 5, 2010
അയ്യേ
വീടിനോടു തൊട്ടുള്ള
കല്ലുവെട്ടുകുളത്തില്‍
മൂടിയ പച്ചയിടയ്ക്കു
മുറിച്ച്
മീനുകള്‍ പുളയ്ക്കുന്നു
മുറികൂടുന്നതുകണ്ട്
അപ്പുറത്തുമിപ്പുറത്തും
വെയില്‍ വെട്ടംപുരട്ടിയ മരങ്ങളില്‍
പക്ഷികളിരിക്കുന്നു
നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി
അതിനാലെറിയുന്നു
ഇരകോര്‍ത്ത ചൂണ്ടക്കൊളുത്തുകള്‍
ഒരു മീനും കൊത്താത്ത
പകലിനെ നോക്കി
യൊരുപക്ഷി താഴ്ന്നു വരുന്നു
മുങ്ങുന്നു
കൊക്കിലൊരു മീനുമായ്
പൊങ്ങിപ്പറക്കുന്നു
മീനുകളങ്ങനെ ചുണ്ടില്‍പ്പിടയുമ്പോഴും
അയ്യേ...ന്നു
കളിയാക്കിച്ചിരിക്കുന്നുണ്ട്
കരയിലിരുന്ന്
മടുപ്പെറിയുമെന്നെ !
Friday, December 3, 2010
പകർപ്പ്
അതുപോലെത്തന്നെ
പകർത്തി വച്ചിരിക്കുന്നു
അടഞ്ഞകണ്ണുകളിലും
മുഖത്തും
ചിലയടയാളങ്ങൾ
മഷിപരന്ന പോലെ
എന്നല്ലാതെ
യാതൊരു മാറ്റവുമില്ലാതെ
ഇറുത്തെടുക്കുമ്പോഴുളള പിടച്ചിലിൽ
കിടപ്പിലോ
തൂക്കിലോ
ചില ചരിവുകളുണ്ടെന്നല്ലാതെ
അതേ മരക്കൊമ്പ്
റെയിൽപ്പാളം
അടച്ചിട്ട കിടപ്പുമുറി
സീലിങ്ങ് ഫാൻ
ഉടുമുണ്ട്
ആഴക്കിണർ
എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്
വേലിയില്ലാത്ത
വക്കിടിഞ്ഞ കിണറിൽ
കാലുതെറ്റി വീഴുമ്പോലല്ലല്ലൊ
ഉയരത്തിൽ
ചുറ്റുമതിലുളള
കിണറ്റിൽ വീഴുന്നത് !
Subscribe to:
Posts (Atom)