Saturday, October 1, 2011

അപ്പോള്‍ മാത്രം


അലിയിച്ചുകളയു
മൊരു കുഞ്ഞിന്റെ ചിരി
നമുക്കുള്ളിലെ
വെയിലോര്‍മകള്‍

പുഴുകരണ്ട
ഇലകള്‍ പോലുള്ള
ഹൃദയങ്ങളെ
എട്ടുകാലിയുടെ നൂലെഴുത്തുകൊണ്ടോ
പുളിയുറുമ്പിന്റെ കൂടുപോലെയോ
ചേര്‍ത്തു നിര്‍ത്തും

പെയ്യാനിരുന്ന
കടിച്ചമര്‍ത്തലുകള്‍
കാറ്റെവിടേക്കോ കൊണ്ടുപോകും

ചുവരുകളുടെ ചതുരങ്ങള്‍ക്കുള്ളില്‍
ചതുരങ്ങളായ് മാറിയുറഞ്ഞ
നമ്മുടെയരികുകള്‍
പൊടിഞ്ഞുതുടങ്ങും

കോണുകളുടെ
മുനകളടര്‍ന്നുവീഴും
ഉറയുന്നതിനു മുന്‍പുണ്ടായിരുന്ന
കുഴയ്ക്കലിനും മുന്‍പായിരുന്ന
മിനുസങ്ങളിലേയ്ക്കൂറും
എപ്പോഴൊക്കെയോ നാം ധരിച്ച
പരുക്കനാവരണങ്ങളൊന്നൊന്നായഴിഞ്ഞുപോകും

അപ്പോള്‍ മാത്രം
നമുക്കു ചിരിക്കാനാകും
ഒരു കുഞ്ഞിനുമാത്രം
സാധ്യമായ വിധത്തില്‍ !

3 comments:

മുകിൽ said...

പുഴുകരണ്ട
ഇലകള്‍ പോലുള്ള
ഹൃദയങ്ങളെ
എട്ടുകാലിയുടെ നൂലെഴുത്തുകൊണ്ടോ
പുളിയുറുമ്പിന്റെ കൂടുപോലെയോ
ചേര്‍ത്തു നിര്‍ത്തും
nalla varikal. nalla kavitha
(kunju chirikaaraayi,lle..)

Njanentelokam said...

ചില ആഗ്രഹങ്ങള്‍ ......
അതില്‍ എല്ലാം ഉണ്ട്
ചിലപ്പോള്‍ സാധിക്കുകയില്ലെന്ന അറിവ്‌ കൂടി

ശ്രീനാഥന്‍ said...

കുഞ്ഞുചിരിയുടെ പതുപതുപ്പിൽ,ഇളംകാറ്റിൽ അലിഞ്ഞു തീരട്ടേ! ഇഷ്ടമായി.

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP