Tuesday, October 11, 2011

രോമക്കുപ്പായം

മരച്ചില്ലകളില്‍ ചാടിമറയുന്ന
മലയണ്ണാനെക്കണ്ടിട്ടില്ല
പറമ്പിക്കുളത്തു പോയിട്ടും

ഓരോ വളവിലുമോരോ കയറ്റത്തിലും
പെരുമരങ്ങളിലേക്കു
പാളിവീഴുന്ന നോട്ടങ്ങളില്‍
രോമാവൃതമായൊരു
വാലനക്കം കണ്ണോര്‍ത്തിട്ടും
മലമുഴക്കി വേഴാമ്പലിന്റെ
ചിത്രം വരഞ്ഞ റോഡരികുകളില്‍ നിന്ന്
മലകള്‍  കടന്നു പോകും
മുഴക്കങ്ങളെറിഞ്ഞിട്ടും

മലകളേ ... മരങ്ങളേ
ഒരു മലയണ്ണാനെക്കാണിച്ചു താ..
എന്ന പ്രാര്‍ഥനയുടെ ഫലമായിരിക്കുമോ
തെങ്ങോലകളില്‍ നിന്നു കുതിക്കുമീ രോമക്കാലുകള്‍
പൂക്കുലകളിലള്ളിപ്പിടിക്കുമീ നഖക്കൂര്‍പ്പുകള്‍
ഇളനീരു തുരന്നുകുടിക്കുമീ
ചെമ്പന്‍ചുണ്ടുകള്‍

തെങ്ങില്‍ നിന്നു
തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ
രോമക്കുപ്പായം
വെയിലത്തുണക്കാനിട്ടിട്ടുണ്ട്
കൊഴിഞ്ഞ പീലികള്‍
തേടിനടക്കും മയിലിനെപ്പൊലെ
ഉമ്മവെച്ചു പിരിഞ്ഞ
വെടിയുണ്ടയുടെ ശബ്ദമനുകരിച്ച്
വരുമെന്നറിയാം

തുരന്നുതിന്ന
ഓര്‍മകള്‍ക്കു പകരം
ഈ രോമക്കുപ്പായമെങ്കിലും
ഞാനെടുത്തോട്ടെ !

7 comments:

ശ്രീനാഥന്‍ said...

ഒരു പാവം ഇര ഇങ്ങനെ വേട്ടക്കാരന്റെ കവിതക്കുപ്പായമണിയുന്നത് ശ്രദ്ധേയം.

മുകിൽ said...

എവിടെ നിന്നു എവിടെയെത്തി, മലയണ്ണാന്‍ ..

Njanentelokam said...

ഇരയും വേട്ടക്കാരനും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവോ?

Mohammed Kutty.N said...

നന്നായി ട്ടോ .ആശംസകള്‍ !

Unknown said...

തെങ്ങില്‍ നിന്നു
തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ
രോമക്കുപ്പായം
വെയിലത്തുണക്കാനിട്ടിട്ടുണ്ട്..

naakila said...

എല്ലാവര്‍ക്കും നന്ദിയോടെ സ്നേഹത്തോടെ

Unknown said...

Nallezhuthu..
Keep it up

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP