Sunday, October 23, 2011

കഥയില്ലാക്കാലത്ത്


മോഷ്ടിച്ചെടുത്ത പുസ്തകം
വായിക്കാനറിയാതെ
വാതില്‍ത്തട്ടിനു മുകളിലൊളിപ്പിച്ചു
പിന്നെയും കൊതിതീരാതെ
എടുത്തു നോക്കി
മണത്തു നോക്കി
അവിടെത്തന്നെയൊളിപ്പിച്ചു

പിന്നെയും വിശ്വാസംവരാതെ
ചട്ടയിലൂടെ വിരലോടിച്ചു
പഴയ തുണികള്‍ തിരുകിയ
ചുമരലമാരയില്‍ വെച്ചു
അടച്ചുറപ്പില്ലാത്ത പേടി
പിന്നെയും ബാധിക്കുന്നു
പേജുകളിലിടയ്ക്കുള്ള
ചിത്രങ്ങളില്‍ നിന്നൊരു
കഥ കൊരുത്തെടുക്കുന്നു
തട്ടിന്‍പുറത്തെ പഴുക്കടയ്ക്കാമണം ചാരി

അക്കഥ പറഞ്ഞുനടന്നു
ഉച്ചവെയിലത്ത്
കരിയിലകളോടും
കുത്തിക്കുടിയന്‍ മാമ്പഴത്തോടും
കാറ്റിനോടും
വൈകീട്ട് മേയാനിറങ്ങും മയിലുകളോടും

പിന്നെയും
പുസ്തകത്തിനുള്ളിലേയ്ക്കൊരു
ചിതല്‍പ്പറ്റമായ് മാറി
കരണ്ടുകരണ്ടു വിത്തുകളെടുത്തു
നട്ടുപിടിപ്പിച്ചു
കഥകളില്ലാതാവും കാലത്തു  തിന്നാന്‍!

5 comments:

മുകിൽ said...

കഥകളില്ലാതാവും കാലത്തു തിന്നാന്‍!
കഥകള്‍ ഒരുപാടു കരുതപ്പെടട്ടെ..
കൊള്ളാം കവിത.

ശ്രീനാഥന്‍ said...

സൂക്ഷിച്ചു വെച്ചോ, മറ്റൊരു കവിയെ പോലെ ഉറുമ്പിൻ കൂടിനകത്ത്! നന്നായിട്ടുണ്ട്.

ആര്‍. ശ്രീലതാ വര്‍മ്മ said...

വിത്ത്‌ വിതയ്ക്കുന്ന, നട്ടു നനയ്ക്കുന്ന സംസ്കൃതിയോട് നമ്മള്‍ വിട പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നട്ടുനനയ്ക്കലിനെ ഈ വിധം ഓര്‍മ്മപ്പെടുത്തിയതിനു നന്ദി,അനീഷ്‌.

Mohammed Kutty.N said...

ഹൃദ്യം,മനോഹരമീ വരികള്‍.'മോഷ്ടി'ച്ചെടുത്ത പുസ്തകത്തില്‍ ഒളിഞ്ഞിരിക്കുന്നില്ലേ,പ്രണയത്തിന്റെ മയില്‍പ്പീലിക്കണ്ണുകള്‍ ...!അഭിനന്ദനങ്ങള്‍ !

Njanentelokam said...

പുസ്തകത്തിന്റെ വില

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP