Thursday, October 27, 2011

ഉറുമ്പുതീനി


ചാകുമ്പോള്‍
തേന്‍മണം പ്രസരിപ്പിക്കുമുറുമ്പുകളേ
നിങ്ങളെന്തിനാണെന്റെ മുറിയ്ക്കുള്ളില്‍
താവളമടിച്ചിരിക്കുന്നത്
മധുരങ്ങളെങ്ങെങ്ങും  പൊഴിയാത്ത മൂലകളില്‍
പരതി നടക്കുന്നത്
പിരിയിളകുമോടാമ്പല്‍പ്പഴുതിലൂടെ
വരിവരിയുടെ തത്ത്വശാസ്ത്രം
പാലിക്കുന്നത്

വിശ്വാസം വരാത്തതു
കേള്‍ക്കുമ്പോള്‍
നിങ്ങളെക്കാണുന്നു
നഷ്ടപ്പെടില്ലെന്നറിയുമ്പോള്‍
നിങ്ങളെ ഞെരിയ്ക്കുന്നു
മരണവാര്‍ത്ത കേട്ടുവന്ന്
നിങ്ങളോടരിശം കൊള്ളുന്നു
എന്റെ ഓരോ ഓര്‍മകളിലും
നിങ്ങളരിയ്ക്കുന്നു
പകലെന്ന്
രാത്രിയെന്ന്
കാലമെന്ന്
വിശപ്പെന്ന്
നിമിഷങ്ങളെ
അരിയും രത്നങ്ങളുമാക്കുന്നു

നിങ്ങളെ തിന്നാന്‍തുടങ്ങിയ മുതല്‍ക്കാണ്
എന്റെ കാഴ്ചശക്തി വര്‍ധിച്ചത്
ഇപ്പോളെനിയ്ക്കെല്ലാം കാണാം
പൊടിപറത്തിക്കൊണ്ട്
പാഞ്ഞുവരുന്ന കരിങ്കുതിരകള്‍
അവയ്ക്കുമുകളില്‍
കറുത്തതുണികൊണ്ട് മുഖംമറച്ചവര്‍
ഉറുമ്പുകളേ...
നിങ്ങളെത്തിന്നുംതോറും
എന്റെ കാഴ്ച വളരുകയാണ്
ചക്രവാളാതിര്‍ത്തിയും ഭേദിച്ച്
ശൂന്യതയില്‍ വിലയിക്കുകയാണ്
കടലൊരു ചെറുവെള്ളക്കെട്ടായ് മാറുകയാണ്
വരാല്‍മീന്‍പോലെ
കൈവെള്ളയില്‍ പിടയ്ക്കുകയാണ്

തേന്‍മണം പ്രസരിക്കുന്ന
ഈ മുറിയിലേക്ക്
ഒഴിഞ്ഞ തേന്‍കൂടയുമായ്
കയറിവരുന്നുണ്ടവര്‍
അക്ഷമയുടെ കുളമ്പൊച്ചകള്‍
പുറത്തുകാത്തുനില്‍ക്കുന്നുണ്ട്
അവരെന്നെ കാണുംമുന്‍പ്
ശരീരത്തിനുള്ളിലേയ്ക്ക്
ഞാന്‍ ചുരുണ്ടു ചുരുണ്ടുകയറുകയാണ് !

6 comments:

Prabhan Krishnan said...
This comment has been removed by the author.
Prabhan Krishnan said...

ചിന്തകള്‍ പോകുന്ന പോക്കേ..!!
നല്ല എഴുത്ത്,
ആശംസകളോടെ..പുലരി

kanakkoor said...

നന്നായി രചിച്ച കവിത. അഭിനന്ദനങ്ങള്‍
തുടക്കത്തില്‍ ചാവുമ്പോള്‍ 'തേന്‍മണം'... എന്നെഴുതിയത് മനസ്സിലായില്ല.

Njanentelokam said...

വീണ്ടും ഇരയും വേട്ടക്കാരനും

naakila said...

പ്രഭന്‍ കൃഷ്ണന്‍
kanakkoor
നാരദന്‍

നന്ദിയും
സ്നേഹവും

എം പി.ഹാഷിം said...

തുടക്കത്തില്‍ ചാവുമ്പോള്‍ 'തേന്‍മണം?

njaanumanginethanne chodikkkunnu?

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP