Thursday, May 7, 2009

നിലക്കടല തിന്ന്

തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്‍ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍

സായാഹ്നപത്രത്താള്‍
മറിച്ചിരിക്കുന്നു ചിലര്‍
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്‍

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലൂര്‍ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകളിലലഞ്ഞ്
കയററ്റത്തു കാറ്റിലാടി
ഇറങ്ങേണ്ട സ്റ്റോപ്പും കഴിഞ്ഞ്...

9 comments:

Anonymous said...

കേരളം വിടുന്നതിനു മുമ്പ്‌ ഒരു അഭിമുഖത്തില്‍ മാധവിക്കുട്ടി പറഞ്ഞത് " അമ്മ എഴുതിയതൊന്നും എനിക്ക് മനസ്സിലായിട്ടില്ല" എന്നാണ്. എന്നാല്‍ മറ്റൊരു മകളായ ഡോ:സുവര്‍ണ്ണ നാലപ്പാട്ട് അമ്മയെ വൈകിയ വേളയിലെങ്കിലും അറിയാന്‍ ശ്രമിക്കുകയും അറിഞ്ഞുവന്നപ്പോള്‍ അന്ധാളിച്ചുപോകുകയും അറിയാന്‍ വൈകിപ്പോയല്ലോയെന്ന് ഖേദിക്കുകയും മുഴുവനുമറിയാന്‍ കാലമനുവദിക്കുമോയെന്ന് ഉത്കണ്റ്റാകുലയാവുകയും ചെയ്യുന്നുണ്ട്..

ഏതു വാക്കിലാണ് വായനക്കാരന്‍ തടഞ്ഞുനില്ക്കുകയെന്നും അവന്‍റെ/അവളുടെ വയനാപരിസരങ്ങളില്‍ നിന്നുകൊണ്ട് എന്ത് രാസപ്രവര്‍ത്തനമാണ് നടക്കുകയെന്നും എഴുത്തുകാരന് ശഠിക്കുക വയ്യല്ലോ!
എഴുതിയ വരികളില്‍ മാത്രമാണല്ലോ എഴുത്തുകാരന് കോപ്പിറൈറ്റ്!

വറചട്ടിയിലേക്ക് നിലക്കടലപോലെ പൊരിഞ്ഞുവീഴുന്ന ഈ കലികാലനിമിഷങ്ങളില്‍
" മുളപ്പിച്ച് കാത്തിരുന്ന മനസ്സുകളിലേക്ക്‌ " വേരുകളിലൂടെ ഊര്‍ന്നിറങ്ങാന്‍ കഴിയുന്നില്ലല്ലോയെന്നത് വല്ലാത്തൊരു വേദനയാണ്..

ആ മു‌ന്നു വാക്കുകള്‍
" മുളപ്പിച്ച് കാത്തിരുന്ന മനസ്സുകള്‍ " ..
അത് വല്ലാതെ സ്പര്‍ശിച്ചു.. നന്ദി.

അരങ്ങ്‌ said...

Hello friend.. good poem. End of a busy day, last bus, all these images draw a picture in readers mind. Exceellent presentation with deep meanings!

ramanika said...

നല്ല കവിത
ഇഷ്ട്ടപെട്ടു
വീണ്ടും വായിക്കും പലവട്ടം!

വാഴക്കോടന്‍ ‍// vazhakodan said...

വളരെ പരിചിതമായ ചുവരിലെ ഒരു ഇഷ്ടചിത്രം! ഇഷ്ടപ്പെട്ടു!

Rafeek Wadakanchery said...
This comment has been removed by the author.
Rafeek Wadakanchery said...

വടക്കെസ്റ്റാന്റില്‍ നിന്നും എത്രയോ രാത്രികളില്‍ ഇങ്ങനെ
വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിഞ്ഞിരിക്കുന്നു
കവിത നന്നായിട്ടുണ്ട്..ഒരുപാട് ഇഷ്ടായി.
അഭിവാദ്യങ്ങള്‍

പകല്‍കിനാവന്‍ | daYdreaMer said...

മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകള്‍ കടന്ന്
മൗനത്തിന്റെ തോടിനുളളില്‍
ഉറങ്ങിയുണര്‍ന്നപ്പോഴേക്കും....

വളരെ ഇഷ്ടമായി അനീഷ്‌..

വല്യമ്മായി said...

"പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍"

നല്ല പ്രയോഗം :)

ഹന്‍ല്ലലത്ത് Hanllalath said...

പുതുമകള്‍ ഉള്ള കവിത...
ആശംസകള്‍..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP