Saturday, October 30, 2010

പറപ്പ്


ശരിയ്ക്കുമൊരു പക്ഷി
യെങ്ങനെയാണു
പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?

ഇരുന്ന കൊമ്പില്‍നിന്ന്
മുന്നോട്ടൊരായലുണ്ട്
ആയലിനൊരു
കുതിപ്പുണ്ട്
കുതിപ്പിനൊരു താളമുണ്ട്
താളത്തിനൊരു തരിപ്പുണ്ട്

അതിറങ്ങിച്ചെല്ലും
ഇലഞരമ്പിലൂടെ
ചില്ലഞരമ്പിലൂടെ
തടിയിലൂടെ
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്‍

എന്നാല്‍ പക്ഷിയോ
ആയത്തിലുള്ള കുതിയ്ക്കലില്‍
പ്രപഞ്ചത്തിന്റെ
അതിരോളം ചെല്ലാനുള്ള
കൗതുകമൊളിപ്പിച്ച്
ഞാനൊന്നും
കണ്ടില്ലേ
കേട്ടില്ലേ
യെന്നു കൂവി
മറ്റൊരു ചില്ലയില്‍
ചെന്നിരിപ്പാണ്

അതിനെയവിടെ നിന്നു
പറത്തിവിട്ട്
അവിടന്നുമവിടന്നും
പറത്തിവിട്ട്
രസിയ്ക്കുകയാണ്
ഞാനൊന്നും
കണ്ടില്ലേ കേട്ടില്ലേ
യെന്നൊരു പറപ്പ് !

Monday, October 25, 2010

മാർക്കറ്റ്‌


ബസ്സ്റ്റോപ്പിനു സമീപത്തുള്ള
ചോരയുണങ്ങാത്ത മാർക്കറ്റിലേക്കു
കടന്നു ചെല്ലുമ്പോഴേക്കും
ചുറ്റുപാടും വിളികളാണ്‌
തൂക്കിയിട്ട
തുടകൾക്കിടയിൽ നിന്ന്‌
കറുത്തുമെലിഞ്ഞ
രൂപങ്ങളെഴുന്നു വരും
അറുത്തുവെച്ച തലകളിൽ നിന്ന്‌
കൂർത്തനോട്ടങ്ങൾ
തുളയ്ക്കാതിരിക്കാൻ ഭയന്ന്‌
താഴേക്കു നോക്കിയില്ല
തൊലിയുരിക്കപ്പെട്ട
മാംസപിണ്ഡങ്ങൾ
`എത്രവേണ`മെന്ന
പരിഹാസച്ചുവപ്പോടെ
തൂക്കിമുറിച്ചൊരു
ചോരക്കഷണവുമായിറങ്ങിപ്പോരുമ്പോൾ
ഉടലില്ലാതെ മുക്രയിടുമൊരു കൊമ്പിൽ
കോർത്തുപിടയുന്ന
വിറയൽ !

Sunday, October 17, 2010

പാളത്തൊപ്പിയും വെച്ച്


പാളത്തൊപ്പിയും തലയില്‍ വെച്ച്
പോണ കൃഷിക്കാരാ
മണ്ണായമണ്ണൊക്കെ
യുണങ്ങിപ്പോയല്ലോ
മരമായ മരമൊക്കെ
കരിഞ്ഞും പോയല്ലോ
നീരായ നീരൊക്കെ
വറ്റിപ്പോയല്ലോ
ഇനിയും നീയിതൊന്നുമറിഞ്ഞില്ലേ?

കിള കിള കിള കിളയെന്നായത്തില്‍
പാടങ്ങളും പാറക്കെട്ടുകളും കിളച്ചുമറിച്ച്
എല്ലുനുറുങ്ങി നീയിരിക്കുമ്പോള്‍
മരുഭൂമിയില്‍പ്പോലും വരാറുള്ള കാറ്റ്
നിന്നെ തണുപ്പിക്കാന്‍ വരില്ലെന്നറിയുക
മരുപ്പച്ചപോലും
നിനക്കോര്‍ക്കാനുണ്ടാവില്ലെന്നറിയുക

2

പാളത്തൊപ്പിയും വെച്ച്
പോണ കൃഷിക്കാരന്‍ പറഞ്ഞു
എന്റെ കണ്ണിലൊരുറവയുണ്ടല്ലോ
ഈ ഭൂമിമുഴുവന്‍
നനയ്ക്കാനതു മതിയല്ലോ
ഇവിടം മുഴുവന്‍
പച്ചമൂടുന്നത്
നീ വന്നുകാണണം

അന്നേരമീയിരിപ്പിരിക്കാതെ
പച്ചയെക്കുറിച്ചൊരു
കവിതയെഴുതണം.

വിനോദം



തുരന്നു
നോക്കിയപ്പോള്‍
ഫോസിലുകളാണ്‌
കിട്ടിയത്‌
ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍
ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു
ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്‌
മജ്ജയും
മാംസവുമൊട്ടിച്ച്‌
ജീവന്‍ കൊടുത്ത്‌
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.

(തര്‍ജ്ജനി)

Sunday, October 10, 2010

ആനിമല്‍ പ്ലാനറ്റ്



കെണിവെച്ച്‌
കാത്തിരുന്നവരുടെ
മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്‌
മറഞ്ഞു

അതിന്റെ പുള്ളികൾ
കലമാനുകൾ മേയുന്ന
പുന്നനിരപ്പിൽ
ചിതറിക്കിടന്ന കായ്കളായ്‌

മഞ്ഞ വെയിലിലേക്ക്‌
പാളിയടർന്നു
ഗർജ്ജനം കാറ്റിലേക്ക്‌
കുതറിമാറി
കിതപ്പ്‌ മുളങ്കൂട്ടമുരിച്ചെടുത്തു
ക്രൗര്യമകക്കാടിനടിയിലെ ചതുപ്പ്‌
പതുക്കിയെടുത്തു
നോട്ടം കാട്ടുകിളികൾ
കൊത്തിപ്പറന്നു
നഖങ്ങൾ
നിഴലുകളൊളിപ്പിച്ചു

വെറുതെയിരിക്കുമ്പോൾ
മിന്നിമാഞ്ഞു പോകുന്ന
ചാനൽക്കാഴ്ചയിൽ
കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ !

(Saikatham)

Wednesday, October 6, 2010

മാക്കാച്ചി



പെട്രോമാക്സിന്റെ
ന്‌ലാവെട്ടത്തിൽ
തോളത്തിട്ട ചാക്കുമായ്‌
വയൽവരമ്പിലൂടെ
പോകുന്നതുകാണാം

മഴവെള്ളമെഴുതിയ
പുല്ലുകൾക്കിടയിൽ
പതുങ്ങിയിരിക്കുന്നവയെപ്പിടിച്ച്‌
ചാക്കിലിടും

കതിരിടാറായ നെല്ലിനടിയിലൂടെ
വെള്ളത്തിലേയ്ക്കൂളിയിടും
ഞണ്ടുകൾ

രാവെളിച്ചത്തിലേക്ക്‌
പൊന്തിവന്ന വരാലുകൾ
ഒരു പുളച്ചിലിലപ്രത്യക്ഷമാകും

തെങ്ങുവരമ്പിലെ
അരണ്ട മൂകതയിൽ
കൂമന്റെ മൂളലുറഞ്ഞു പോകും

പൊടുന്നനെയൊരു തവള
പൊത്തിപ്പിടിക്കാനാഞ്ഞ കൈയിൽ
കൊത്തിയതും
കഴായിൽ വീണുടഞ്ഞ്‌
നിലാവു കെട്ടു

പിറ്റേന്ന്‌
തുറിച്ച നോട്ടത്തിൽ
കൊഴുത്തൊരു മാക്കാച്ചിത്തവള
കുളക്കരയിലിരിക്കുന്നതു കണ്ട്‌
കുട്ടികൾ കൂവി വിളിച്ചു
`ദേ സുലൈമാൻ തവള`

(മലയാളനാട് )

Sunday, October 3, 2010

ബൈപാസ്സ്‌


അപ്പുറത്ത്‌
മെയിൻ റോഡാണ്‌
തിരക്കുള്ള പാത
വാഹനങ്ങളുടെ
അതിവേഗതയ്ക്കിടയിലേക്കു
നുഴഞ്ഞുകയറാൻ തന്നെയെന്തൊരു പാടാണ്‌

നിർത്താനോ തിരിച്ചിറങ്ങാനോ
അതിനേക്കാൾ പാട്‌
അതുകൊണ്ട്‌
അതിനു സമാന്തരമായി
ഞാനൊരു പാത നിർമിച്ചിട്ടുണ്ട്‌
വീടുകൾക്കും മരങ്ങൾക്കും
പ്രപഞ്ചത്തിനും മുകളിലൂടെ...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP