Monday, December 20, 2010

കൊല്ലന്‍


വരമ്പിനു നടുക്ക്
കാറ്റിനോടെപ്പോഴും
കൈചൂണ്ടിക്കെറുവിക്കു
മൊറ്റപ്പനയോടു തൊട്ട
ഓലപ്പുരയായിരുന്നാല

കൊല്ലനതില്‍
വാക്കത്തി,കൊടുവാളു
കഠാരകളില്‍
മൂര്‍ച്ചയേറ്റിയ ധ്യാനത്തിലിരുന്നു

ഇടയ്ക്കു റോഡിനോരത്തു വന്ന്
ചായകുടിച്ച്
ബീഡിയെരിച്ച്
പൊകല ചവച്ച്
പുകചുവപ്പിച്ച കണ്ണുകളോടെ
ആലയിലേക്കു തന്നെയടങ്ങും

ഇരുമ്പിരുമ്പിനോടു
ചെന്നുപറയുമൊച്ചകള്‍
ഓലപ്പഴുതുകടന്ന്
കൊറ്റികളെ പറപ്പിച്ചുവിട്ടു

മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു

കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന

(ആനുകാലികകവിത)

14 comments:

രമേശ്‌ അരൂര്‍ said...

കൊള്ളാം !! നല്ല ബിംബങ്ങള്‍ ..:)

ശ്രീനാഥന്‍ said...

അനീഷ്, ഞാനീ കവിത വാക്കുകളങ്ങനെ ചേർത്തുചേർത്ത്, നീട്ടി നീട്ടി ചായകുടിച്ച്
ബീഡിയെരിച്ച്
പൊകല ചവച്ച് - അങ്ങ്നെ എടയ്ക്കോന്നു നിർത്തി ചൊല്ലി സുഖിച്ചു, ആദ്യമാരും ശ്രദ്ധിച്ചില്ല എന്ന് വിനയചന്ദ്രനെ ഓർത്തു! ആ കവിത ത്രുന്നൊരു സന്തോഷമെന്ന് കമെന്റിട്ടവസാനിപ്പിക്കുന്നു!

എം പി.ഹാഷിം said...

വരമ്പിനു നടുക്ക്
കാറ്റിനോടെപ്പോഴും
കൈചൂണ്ടിക്കെറുവിക്കു
മൊറ്റപ്പനയോടു തൊട്ട
ഓലപ്പുരയായിരുന്നാല

കവിതയിലെ ഈ ചെര്‍ത്തിയെഴുതി പരീക്ഷണം
വിജയകരം .

എന്റെ ഗ്രാമത്തിലെ
കാറ്റിലെ ഒരൊറ്റക്കരിമ്പനയുടെ ചിത്രം വരച്ചുകാട്ടി !

അനീഷ്‌....... അഭിനന്ദനം !

സന്തോഷ്‌ പല്ലശ്ശന said...

നല്ല കുറേ വാഗ്മയങ്ങള്‍
ഒറ്റ വായനയില്‍ തന്നെ ബോധിച്ചു...
നന്ദി..

Mahi said...

ha aneesh

Sindhu Jose said...

കൊല്ലനെക്കണ്ടു
കൊല്ലന്റെയാല-
കണ്ടു...
ഒപ്പം കവിതയും കണ്ടു...
:)

Unknown said...

അനീഷു..
തനതു ചിന്തകള്‍ വഴിമാറ്റിയോ..?

മുകിൽ said...

മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു

മനോഹരം അനീഷ്. വളരെ സന്തോഷം തോന്നി വായിച്ചപ്പോൾ. മനോഹരം.

MOIDEEN ANGADIMUGAR said...

നല്ല കവിത.ഭാവന ഇഷ്ടമായി

Mahendar said...

ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു

mattoru vyathyastha rachana

t.a.sasi said...

ഇരുമ്പിരുമ്പിനോടു
ചെന്നുപറയുമൊച്ചകള്‍
ഓലപ്പഴുതുകടന്ന്
കൊറ്റികളെ പറപ്പിച്ചുവിട്ടു..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇരുമ്പില്‍ പണിയുന്നവന്‍റെ ആ മൂര്‍ച്ചയുള്ള ഭാവം ഈ വരികളിലുടനീളം നിഴലിക്കുന്നുണ്ട്..
അഭിനന്ദനങ്ങള്‍..

സ്മിത മീനാക്ഷി said...

ഈ ആലയില്‍ പണിയുന്ന വാക്കുകളുടെ കാവ്യഭംഗി...ഇഷ്ടമായി.

SUJITH KAYYUR said...

Kollane kandu.aala kandu.nalla kavitha kandu.

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP