കോവല്‍വള്ളികള്‍ പടര്‍ന്ന്
തടിച്ച വിരലുകള്‍പോലെ
ഭൂമിയിലേക്ക് ചൂണ്ടുന്ന
കായ്കള്‍ നിറഞ്ഞ
പന്തലുകളിലാണ് ജീവിതം
കിളികള്‍ വന്ന്
കൂട്ടത്തോടെ
ജീവിതം കൊത്തിയെടുത്തു പോകു
മതിനാല്‍
കിളിയാട്ടുവാന്‍
നട്ടുച്ചയ്ക്ക്
കവുങ്ങിന്‍ ചോട്ടിലിരിയ്ക്കുന്നു
വെയിലാറുമ്പോള്‍
വരുന്നൂ കിളികള്‍
പലനിറക്കലര്‍പ്പുകള്‍
തൊപ്പിയുമിളം തൂവലുകളുമൊരു നിറം
മിഴിയരികില്‍ മറ്റൊരു നിറം
അങ്ങനെയങ്ങനെ
പലനിറച്ചിലപ്പുകള്‍
കൊക്കിലാകാശം കൊരുത്തിട്ടവയും
അവയോടു പറയുന്നു
വിളയുന്നു നിങ്ങള്‍ക്കായ്
പലവൃക്ഷഫലങ്ങള്‍
മധുരങ്ങള്‍
ചവര്‍പ്പുകള്‍
വിടരുന്നൂ നിങ്ങള്‍ക്കായ്
കാടുകള്‍ വെയിലുകള്‍
വിഹായസ്സ്
ഞരമ്പുകളായ് ജീവന്‍തുടിയ്ക്കും
വള്ളികള്‍ക്കു മുകളിലവയുടെ നൃത്തം
വിശപ്പാറും സീല്‍ക്കാരങ്ങള്‍
പിറ്റേന്നു കാലത്ത്
ഒഴിഞ്ഞൊരു കിളിക്കൂടായ് നിന്ന
കോവല്‍പ്പന്തലെടുത്തു
കൊണ്ടുവന്ന്
ഇറയത്ത് തൂക്കിയിട്ടു.
12 comments:
നിറച്ചിലപ്പുകള്‍ !
താങ്കള്‍ക്കു മാത്രം പറയാനാവുന്നത്!
നിങ്ങളുണ്ടാക്കുന്ന വാക്കുകളുടെ ഓളം
ഉള്ളിലിങ്ങനെ ഉലഞ്ഞു നില്‍ക്കുന്നതിനാലാവാം
ഈയുള്ളവനും ...എന്തെങ്കിലും എഴുതുമ്പോള്‍
കടലാസിലെയ്ക്കത് ഇറങ്ങിവരാന്‍ ശ്രമിക്കാറുണ്ട്.
പക്ഷെ.. അങ്ങിനെയൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ല കേട്ടോ ...
സ്നേഹം ....
ഒരു അനീഷ് കവിത
കൊക്കിലാകാശം കൊരുത്തിട്ടവയും..
വിശാലമായ,മനോഹരമായ ഭാവന..
അനീഷിന്റെ കവിതയിൽ നിരന്തരം പ്രകൃതിയുടെ ചായങ്ങൾ, പക്ഷിച്ചിറകുകൾ, ആകാശനിറങ്ങൾ, മരങ്ങളുടെ മർമ്മരങ്ങൾ, മനുഷ്യന്റെ കുപ്പായം ഊരിയെറിഞ്ഞു പച്ചജീവിതത്തിൽ ലയിക്കാൻ കൊതിക്കുന്ന മനുഷ്യർ,
ആരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്ന ചോദ്യങ്ങൾ.
ലോകത്തെ മാറ്റൊരു തരത്തിൽ കാണാനുള്ള കണ്ണുകൾ.
ജീവിതം തുടിക്കുന്നുണ്ട് കവിതയിൽ മനുഷ്യരുടേതല്ലാത്തതും.
നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും
പ്രിയ ഹാഷിം,മൈ ഡ്രീംസ്, ആറങ്ങോട്ടുകര മുഹമ്മദ്ക്ക
ഹൃദയം നിറഞ്ഞ നന്ദിയോടെ
കവിതയെ സസൂക്ഷ്മം വിലയിരുത്തുകയും വിമര്‍ശിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന
സുരേഷ് മാഷിനും
കിളിയാട്ടുവാന്‍, പലനിറക്കലര്‍പ്പുകള്‍, പലനിറച്ചിലപ്പുകള്‍... പുതുവാക്കുകളുടെ നിരത്തിവെപ്പിലും കൃത്രിമം ഒട്ടും തോന്നിക്കാത്ത ഈ മിനുക്കുപണി അനീഷിന്റെ വൈദഗ്ധ്യമല്ലാതെ മറ്റെന്ത്! നല്ലൊരു കവിതയ്ക്ക് ആശംസകള്‍.
kavitha ishtappettu..
ഞരമ്പുകളായ് ജീവന്‍തുടിയ്ക്കും
വള്ളികള്‍ക്കു മുകളിലവയുടെ നൃത്തം - നൃത്തം തുടരട്ടെ!
അനീഷിന്റെ കവിതക്ക് ഒരു പ്രത്യേകത തന്നെയുണ്ട്.ഇപ്പോൾ ഒരുനല്ല കവിത വായിച്ച സുഖം.
പലനിറച്ചിലപ്പുകള്‍
കൊക്കിലാകാശം കൊരുത്തിട്ടവയും
nice..
yet another typical aneesh poem!!!
Post a Comment