Tuesday, May 18, 2010

കൈത്തണ്ടയിലെ രോമങ്ങള്‍ക്കിടയില്‍

കൈത്തണ്ടയിലെ
രോമങ്ങള്‍ക്കിടയില്‍
ഒരനക്കം

സൂക്ഷിച്ചു നോക്കിയപ്പോള്‍
ഒരുറുമ്പ്
നടന്നു പോകുന്നു

വലിയ മരങ്ങള്‍ക്കിടയില്‍
വഴിതെറ്റി വന്ന
അപരിചിതനെപ്പോലെ
കരിയിലകളില്‍ ചവിട്ടി
ഓര്‍മയുടേയും മറവിയുടേയും
സമാന്തരരേഖകള്‍ക്കു നടുവിലൂടെ

അതറിയുന്നില്ല
ചെറുതില്‍ ചെറുതായ
കാല്‍പ്പാടുപോലും
തിരിച്ചറിയുന്ന ഭൂമിയെ
ആകാശത്തിരുന്ന്
ഓരോ ചലനവും
ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
കണ്ണുകളെ
ഞെരിച്ചമര്‍ത്താന്‍
നീണ്ടു നീണ്ടു വരുന്ന
വിരലുകളെ

Wednesday, May 12, 2010

ഇന്നുമാവളവിലെത്തുമ്പോള്‍


ഇന്നുമാവളവിലെത്തുമ്പോള്‍
സ്കൂട്ടറില്‍ നിന്നും
തെറിച്ചുവീണു മരിച്ചയാളെ
ഓര്‍മവരും

നില്‍പ്പുണ്ടാവുമിപ്പോഴുമവിടെ
അറ്റുപോവുന്നതിനു
തൊട്ടുമുന്‍പുളള
അതേ നോട്ടത്തിലതേ വേഗതയിലതേ
ബോധത്തില്‍

ഇപ്പോഴവിടെയില്ല
തെറിച്ചു വീണപ്പോളയാളുടെ
തലയിടിച്ചു പിളര്‍ത്തിയ
ട്രാക്ടറിന്റെ തുരുമ്പു ചക്രങ്ങള്‍

മഴവെളള
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറുപൊട്ടിയ ചെരിപ്പുകള്‍

ഇനിയൊരുപക്ഷേയാ ചെരിപ്പിട്ടയാള്‍
പോയിരിക്കുമോ
സ്നേഹിച്ചിരുന്നവരുടെ
മറവിയിലേക്ക് ?

എന്നാല്‍
അതേ ചെരിപ്പിട്ടതേ വേഗത്തി
ലിപ്പോഴുമയാള്‍
നില്‍ക്കുന്നുണ്ടവിടെ

റോങ് സൈഡ് വന്നത്
താനല്ലായിരുന്നുവെന്ന്
കൊലവിളിച്ചു കടന്നുപോയ
മണല്‍ലോറിയെച്ചൂണ്ടി

Thursday, February 11, 2010

ജലസസ്യങ്ങള്‍

എപ്പോള്‍ വേണമെങ്കിലും
മുങ്ങിപ്പോയേക്കാവുന്നൊരു
തുരുത്തിലാണ്
നമ്മുടെ ജീവിതം

ചുറ്റുമുളള മരങ്ങളി
ലിളംകാറ്റു പരക്കുമ്പോഴു
മവയുടെ
വേരുകള്‍ക്കിടയില്‍
പടരുന്നുണ്ട്
ജലവിരലുകള്‍

എപ്പോള്‍ വേണമെങ്കിലും
കടപുഴകിയേക്കാവുന്നൊ
രോര്‍മയുടെ
വൃക്ഷത്തിനു കീഴെയാണ്
നമ്മളിപ്പോള്‍

വെയില്‍
ഇടയ്ക്കിടെ വന്നു
നമ്മുടെ കവിളുകളിലും
കണ്ണരികുകളിലും
പുളളികളിട്ടു മായുന്നുണ്ട്

അതു നമ്മളിലൊരു
വരുംകാല സ്വപ്നത്തിന്റെ
കുമിളകളാവുന്നുമുണ്ട്

ചെറുചിരികളും
കരച്ചുലും കൊണ്ട്
വരച്ചു വയ്ക്കുന്നൊരു മണ്‍ചിത്ര
മല്ലാതെ
മറ്റെന്താണ് ജീവിതമെന്ന്
പറഞ്ഞു പോകാമെങ്കിലും
കൈപ്പിടിയില്‍ നിന്നൂര്‍ന്നു
പോയതൊഴിച്ചാലും
ബാക്കിയാവുന്ന
ചിലത്
ഒരു പക്ഷേ,
സ്നേഹം കൊണ്ടുമാത്ര
മറിയാനാവുന്ന ചിലത്

അതിന്റെ
നേര്‍ത്ത നേര്‍ത്ത
മുടിയിഴകള്‍ പോലുളള
നൂലിഴകളില്‍പ്പിടിച്ച്
ചിറകുകളില്ലാതെ
നാം പറക്കുകയാണല്ലോ

ഇപ്പോള്‍ വേണമെങ്കിലു
മവസാനിച്ചേക്കുന്ന
ഈ ജീവിതത്തില്‍
നമുക്കു മാത്രമായ്
നാം പണിതൊരീ തുരുത്തു മുഴുവന്‍
മുങ്ങിപ്പോയാലു
മതിനും മുകളിലേക്കിലകള്‍
നീട്ടുന്ന ജലസസ്യങ്ങളായ്
നീയും ഞാനുമവശേഷിക്കില്ലെന്ന്
ദൈവത്തിനു പോലും
പറയാനാവില്ലല്ലോ

Sunday, January 31, 2010

ജൈവം

പൊതിഞ്ഞു വച്ചിരിക്കുന്നു
അടുക്കടുക്കായി
മരങ്ങളുടെ ശവങ്ങള്‍

രാവെട്ടത്തില്‍
വേരുകള്‍ പിഴുതെറിഞ്ഞ്
ചുറ്റും കൂടി നില്‍ക്കുന്നു
ബാക്കിയായവ

ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ

കാണെക്കാണെ
അവയെല്ലാം വേരുകളിലേക്കു തന്നെ
മടങ്ങിപ്പോകുന്നു

പിറ്റേന്ന്
തീപിടിച്ച കാടിനെക്കുറിച്ചു കേട്ട്
കരഞ്ഞുകരഞ്ഞ്
ഞാന്‍ ചിരിച്ചു പോയി

Friday, December 25, 2009

കളഞ്ഞു പോകുന്ന നാണയങ്ങള്‍

വേദിയില്‍ പറയുന്നത്
ഹാളിനു പുറത്തു കേള്‍ക്കില്ല

സദസ്സിലിടയ്ക്കു
കൂട്ടച്ചിരി മുഴങ്ങുന്നുണ്ട്
കൈയ്യടി മുറുകുന്നുണ്ട്
ഞങ്ങള്‍ ഹാളിനു പുറത്താണ്
ഉറക്കെച്ചിരിക്കുന്നുണ്ട്
കൈയ്യടിക്കുന്നുമുണ്ട്

ഹാളിനു പുറത്തുനിന്ന്
കൂട്ടച്ചിരി ചിരിക്കുന്നവരെ
പിരിച്ചു വിട്ടിരിക്കുന്നു
എന്നായിരിക്കും വേദിയില്‍ പറഞ്ഞത്
എന്നോര്‍ത്തപ്പോള്‍
പൊടുന്നനെ
എന്റെ ചിരി
കളഞ്ഞു പോയ നാണയമായി

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP