Wednesday, May 13, 2009

ദിനോസര്‍

ഗരത്തില്‍
രാത്രിവെളിച്ചത്തില്‍ മാത്രം
പുറത്തിറങ്ങുന്നൊരു
ദിനോസറുണ്ട്

ഉറക്കമില്ലാതെ
ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന്
നഗരത്തെ കാണുമ്പോള്‍
സിമന്റുവനങ്ങള്‍ക്കിടയിലൂടെ
വിശന്നു നടക്കുന്നതുകണ്ട്
പേടിച്ചിട്ടുണ്ട്

പകല്‍നേരങ്ങളില്‍
എവിടെയാണത്
ഒളിച്ചിരിക്കുന്നത്?
ഇത്രവലിയ കാലുകള്‍
പിളര്‍ന്നാല്‍ കാണാവുന്ന
കൂര്‍ത്ത പല്ലുകള്‍
ഭീമന്‍ ശരീരം
നടക്കുമ്പോള്‍ നടുക്കുന്ന
ശബ്ദം
എവിടെയാണത് ഒളിപ്പിക്കുന്നത്

ഒരുപക്ഷേ
ഫാക്ടറിക്കു പിറകിലുളള
പൊന്തക്കാട്ടിലാവാം
അതിന്റെ താമസം
അതല്ലെങ്കില്‍
നഗരമധ്യത്തില്‍
അടച്ചിട്ട പാര്‍ക്കില്‍ അനങ്ങാതിരിക്കുകയാവും
ആരുകണ്ടാലും
പ്രാക്തനകാലത്തിന്റെ
നിശ്വാസമറ്റ ഉടല്‍

ആദ്യത്തെ പേടിയെല്ലാം
പോയതിനു ശേഷം
ബാല്‍ക്കണിക്കു സമീപം വന്നപ്പോള്‍
അതിന്റെ മൂക്കില്‍ തൊട്ടു
ചോദിച്ചപ്പോള്‍ വായതുറന്നു തന്നു
ഗുഹപോലുളള വായില്‍
എത്തിനോക്കി

ഇന്ന്
അതിന്റെ പുറത്തിരുന്ന്
രാത്രികാലങ്ങളില്‍
ഞാന്‍ തെരുവിലൂടെ സഞ്ചരിക്കുന്നു
ഉറക്കം നഷ്ടപ്പെട്ട
ഓരോ നഗരവാസിയെയും പോലെ

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഞാനും ഈ തെരുവിലൂടെ..

Anonymous said...

ഉറക്കം നഷ്ടപ്പെട്ട് ഓരോരുത്തരും ആ ദിനോസറിന്‍റെ പുറത്തേറി നഗരത്തിലെയിരുട്ടില്‍...

Unknown said...

ആശംസകള്‍ അനീഷ്...!

Anonymous said...

ഉറക്കം നഷ്ടപ്പെട്ട
ഓരോ നഗരവാസിയെയും പോലെ

ഹന്‍ല്ലലത്ത് Hanllalath said...

ആശംസകള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ദിനോസര്‍ മനോരമയുടെ ബ്ലോഗില്‍ മറ്റൊരാളുടെ പേരില്‍ കിടക്കുന്നു.

ഇത്തരം മോഷണങ്ങള്‍ക്കെതിരെ ആരും പ്രതികരിക്കുന്നില്ലെ?

ശ്രീഇടമൺ said...

നല്ല ഉള്‍ക്കാമ്പുള്ള കവിത....
:)
ആശംസകള്‍ അനീഷ്....*

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP