Wednesday, December 7, 2011

വിരല്‍ എന്ന കവിതയുടെ വിവര്‍ത്തനം സച്ചിദാനന്ദന്‍


THE FINGER


Only on touching
did I recognize it was a finger
searching for things,
going places


Still... how did it land
on this beach?


First the finger,
then the body,
is the sea writing
a sequence poem?


May be the finger had
just run away
shedding its body
to confuse the hunter
at least for a second!



Tuesday, November 8, 2011

കുറുമ്പ്


പുറത്തിറങ്ങാ
നൊരു വാതിലാണുള്ളത്
ആരാണതു തുറന്നുവെയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ പുറത്തിറങ്ങി
രാത്രിയായി

അകത്തുകയറാ
നൊരു വാതിലാണുള്ളത്
ആരാണതടച്ചുവയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ തെളിച്ചകത്താക്കി
പകലായി

എങ്കിലും
ചില കുറുമ്പന്മാരുണ്ട്
അകത്തുകയറാതെ
ഒളിച്ചുനടക്കും
മുളങ്കൂട്ടത്തിനുള്ളിലോ
കാരപ്പൊന്തയ്ക്കുള്ളിലോ
പണിനടക്കുന്ന വീട്ടിലെ
അടച്ചിട്ട മുറിയ്ക്കുള്ളിലോ
പതുങ്ങിയിരിക്കും

പുലിപിടിച്ച ആട്ടിന്‍കുട്ടിയുടെ
ഞരക്കത്തോടെ
കയര്‍ത്തുമ്പിലാടുന്നവന്റെ നെഞ്ചില്‍ നിന്നും
ചാടിയോടുന്നതു  കണ്ടിട്ടുണ്ട്
ഇത്രയും കുറുമ്പ്
വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട് !

Thursday, October 27, 2011

ഉറുമ്പുതീനി


ചാകുമ്പോള്‍
തേന്‍മണം പ്രസരിപ്പിക്കുമുറുമ്പുകളേ
നിങ്ങളെന്തിനാണെന്റെ മുറിയ്ക്കുള്ളില്‍
താവളമടിച്ചിരിക്കുന്നത്
മധുരങ്ങളെങ്ങെങ്ങും  പൊഴിയാത്ത മൂലകളില്‍
പരതി നടക്കുന്നത്
പിരിയിളകുമോടാമ്പല്‍പ്പഴുതിലൂടെ
വരിവരിയുടെ തത്ത്വശാസ്ത്രം
പാലിക്കുന്നത്

വിശ്വാസം വരാത്തതു
കേള്‍ക്കുമ്പോള്‍
നിങ്ങളെക്കാണുന്നു
നഷ്ടപ്പെടില്ലെന്നറിയുമ്പോള്‍
നിങ്ങളെ ഞെരിയ്ക്കുന്നു
മരണവാര്‍ത്ത കേട്ടുവന്ന്
നിങ്ങളോടരിശം കൊള്ളുന്നു
എന്റെ ഓരോ ഓര്‍മകളിലും
നിങ്ങളരിയ്ക്കുന്നു
പകലെന്ന്
രാത്രിയെന്ന്
കാലമെന്ന്
വിശപ്പെന്ന്
നിമിഷങ്ങളെ
അരിയും രത്നങ്ങളുമാക്കുന്നു

നിങ്ങളെ തിന്നാന്‍തുടങ്ങിയ മുതല്‍ക്കാണ്
എന്റെ കാഴ്ചശക്തി വര്‍ധിച്ചത്
ഇപ്പോളെനിയ്ക്കെല്ലാം കാണാം
പൊടിപറത്തിക്കൊണ്ട്
പാഞ്ഞുവരുന്ന കരിങ്കുതിരകള്‍
അവയ്ക്കുമുകളില്‍
കറുത്തതുണികൊണ്ട് മുഖംമറച്ചവര്‍
ഉറുമ്പുകളേ...
നിങ്ങളെത്തിന്നുംതോറും
എന്റെ കാഴ്ച വളരുകയാണ്
ചക്രവാളാതിര്‍ത്തിയും ഭേദിച്ച്
ശൂന്യതയില്‍ വിലയിക്കുകയാണ്
കടലൊരു ചെറുവെള്ളക്കെട്ടായ് മാറുകയാണ്
വരാല്‍മീന്‍പോലെ
കൈവെള്ളയില്‍ പിടയ്ക്കുകയാണ്

തേന്‍മണം പ്രസരിക്കുന്ന
ഈ മുറിയിലേക്ക്
ഒഴിഞ്ഞ തേന്‍കൂടയുമായ്
കയറിവരുന്നുണ്ടവര്‍
അക്ഷമയുടെ കുളമ്പൊച്ചകള്‍
പുറത്തുകാത്തുനില്‍ക്കുന്നുണ്ട്
അവരെന്നെ കാണുംമുന്‍പ്
ശരീരത്തിനുള്ളിലേയ്ക്ക്
ഞാന്‍ ചുരുണ്ടു ചുരുണ്ടുകയറുകയാണ് !

Wednesday, October 26, 2011

ഗന്ധര്‍വ്വാ...


ഗന്ധര്‍വ്വാ...
നിന്റെ സഞ്ചാരപഥങ്ങളിലൂടെ
ഞാനിതുവരെ സഞ്ചരിച്ചിട്ടില്ല
പാലപ്പൂമണം കുടിച്ച്
മത്തുപിടിച്ച് പാടിയിട്ടില്ല
അപ്പാട്ടുകേട്ട്
ഉറങ്ങാതുണര്‍ന്നിരുന്ന
കന്യകയുമല്ല ഞാന്‍
ഇരുട്ടില്‍നിന്ന് പൊടുന്നനെ
പൊന്തിമറഞ്ഞൊരു ധൂമച്ചുരുള്‍കണ്ട്
വെപ്രാളപ്പെട്ടോടി
കണ്ട കുളത്തിലോ കിണറ്റിലോ
ചത്തുപൊന്തിയിട്ടില്ല
കരിയിലകളെ ചുഴറ്റിവരുന്നൊരു
കാറ്റായി നീ മാറുമ്പോള്‍
അതിനുള്ളിലന്തമില്ലാതെ ചുറ്റുന്ന
വികാരമല്ല ഞാന്‍

എന്നിട്ടും നീയെന്നെ ബാധിച്ചു
പൂപ്പലുപോലെന്റെ സിരകളില്‍ പടര്‍ന്നു
കാട്ടുവള്ളിപോലെന്നെ ചുറ്റിവരിഞ്ഞു
അടങ്ങാത്ത തൃഷ്ണയായെന്നില്‍
പൂത്തുതിണര്‍ത്തു

നീ കുടിച്ചു വലിച്ചെറിഞ്ഞ
സ്ട്രോയ്ക്കുള്ളില്‍
ഒരുറുമ്പായ് വന്നു മണത്തതല്ലേയുള്ളൂ
ഉറഞ്ഞൊരു തുള്ളി
നുണഞ്ഞതല്ലേയുള്ളൂ

ഗന്ധര്‍വ്വാ...

Sunday, October 23, 2011

കഥയില്ലാക്കാലത്ത്


മോഷ്ടിച്ചെടുത്ത പുസ്തകം
വായിക്കാനറിയാതെ
വാതില്‍ത്തട്ടിനു മുകളിലൊളിപ്പിച്ചു
പിന്നെയും കൊതിതീരാതെ
എടുത്തു നോക്കി
മണത്തു നോക്കി
അവിടെത്തന്നെയൊളിപ്പിച്ചു

പിന്നെയും വിശ്വാസംവരാതെ
ചട്ടയിലൂടെ വിരലോടിച്ചു
പഴയ തുണികള്‍ തിരുകിയ
ചുമരലമാരയില്‍ വെച്ചു
അടച്ചുറപ്പില്ലാത്ത പേടി
പിന്നെയും ബാധിക്കുന്നു
പേജുകളിലിടയ്ക്കുള്ള
ചിത്രങ്ങളില്‍ നിന്നൊരു
കഥ കൊരുത്തെടുക്കുന്നു
തട്ടിന്‍പുറത്തെ പഴുക്കടയ്ക്കാമണം ചാരി

അക്കഥ പറഞ്ഞുനടന്നു
ഉച്ചവെയിലത്ത്
കരിയിലകളോടും
കുത്തിക്കുടിയന്‍ മാമ്പഴത്തോടും
കാറ്റിനോടും
വൈകീട്ട് മേയാനിറങ്ങും മയിലുകളോടും

പിന്നെയും
പുസ്തകത്തിനുള്ളിലേയ്ക്കൊരു
ചിതല്‍പ്പറ്റമായ് മാറി
കരണ്ടുകരണ്ടു വിത്തുകളെടുത്തു
നട്ടുപിടിപ്പിച്ചു
കഥകളില്ലാതാവും കാലത്തു  തിന്നാന്‍!

Saturday, October 22, 2011

കവി മുല്ലനേഴി മാഷ് പോയി


കവി മുല്ലനേഴി മാഷ് പോയി
ഇന്നലെ അയനത്തിന്റെ അയ്യപ്പന്‍ അനുസ്മരണത്തില്‍ നമ്മോടൊപ്പം ഉണ്ടായിരുന്നിട്ട്. കവിതയെക്കുറിച്ച് പറഞ്ഞിട്ട്. അയ്യപ്പനെക്കുറിച്ചു പറഞ്ഞിട്ട്.
അയ്യപ്പന്‍ കൂട്ടിക്കൊണ്ടു പോയതാവുമോ
ഇപ്പോഴും കണ്ണിലുണ്ട് മാഷ്
കാതിലുണ്ട് മാഷ്ടെ വാക്കുകള്‍
വിശ്വസിക്കാനാവാതെ
ആദരാഞ്ജലികളോടെ

Tuesday, October 11, 2011

രോമക്കുപ്പായം

മരച്ചില്ലകളില്‍ ചാടിമറയുന്ന
മലയണ്ണാനെക്കണ്ടിട്ടില്ല
പറമ്പിക്കുളത്തു പോയിട്ടും

ഓരോ വളവിലുമോരോ കയറ്റത്തിലും
പെരുമരങ്ങളിലേക്കു
പാളിവീഴുന്ന നോട്ടങ്ങളില്‍
രോമാവൃതമായൊരു
വാലനക്കം കണ്ണോര്‍ത്തിട്ടും
മലമുഴക്കി വേഴാമ്പലിന്റെ
ചിത്രം വരഞ്ഞ റോഡരികുകളില്‍ നിന്ന്
മലകള്‍  കടന്നു പോകും
മുഴക്കങ്ങളെറിഞ്ഞിട്ടും

മലകളേ ... മരങ്ങളേ
ഒരു മലയണ്ണാനെക്കാണിച്ചു താ..
എന്ന പ്രാര്‍ഥനയുടെ ഫലമായിരിക്കുമോ
തെങ്ങോലകളില്‍ നിന്നു കുതിക്കുമീ രോമക്കാലുകള്‍
പൂക്കുലകളിലള്ളിപ്പിടിക്കുമീ നഖക്കൂര്‍പ്പുകള്‍
ഇളനീരു തുരന്നുകുടിക്കുമീ
ചെമ്പന്‍ചുണ്ടുകള്‍

തെങ്ങില്‍ നിന്നു
തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ
രോമക്കുപ്പായം
വെയിലത്തുണക്കാനിട്ടിട്ടുണ്ട്
കൊഴിഞ്ഞ പീലികള്‍
തേടിനടക്കും മയിലിനെപ്പൊലെ
ഉമ്മവെച്ചു പിരിഞ്ഞ
വെടിയുണ്ടയുടെ ശബ്ദമനുകരിച്ച്
വരുമെന്നറിയാം

തുരന്നുതിന്ന
ഓര്‍മകള്‍ക്കു പകരം
ഈ രോമക്കുപ്പായമെങ്കിലും
ഞാനെടുത്തോട്ടെ !

Saturday, October 1, 2011

വേട്ടക്കാരന്‍

ജലത്തില്‍ അസ്തമയസൂര്യന്റെ
നിറം കലര്‍ത്തി വരച്ചുകൊണ്ടിരുന്ന
*കോള്‍പ്പാടങ്ങളാണു റോഡിനിരുവശത്തും
അവിടെയൊരു സ്റ്റോപ്പല്ലാതിരുന്നിട്ടും
വഴിയരികിലെ മരങ്ങള്‍
കൈകാണിച്ചു  നിര്‍ത്തിയിറക്കി

പാടത്തേക്കിറങ്ങുമിടത്തൊരു പാലമുണ്ടായിരുന്നു
സിമന്റുകൈവരികളിലിരിക്കുമ്പോള്‍
കുളവാഴയുടെ തണ്ടുപൊട്ടിച്ച്
നീലപ്പൂക്കള്‍
ചുഴറ്റിച്ചുഴറ്റിപ്പോകുന്ന കാറ്റ് കാണിച്ചുതന്നു
കോള്‍പ്പാടങ്ങളില്‍
കൂട്ടിയിടിച്ചു ചിതറിയ മേഘങ്ങള്‍
ഇടയ്ക്കു പറക്കയുമിടയ്ക്കു
ചിറകുവിരിയ്ക്കയും ചെയ്യുന്ന വെള്ളക്കൊറ്റികള്‍
അവയുടെ മെല്ലിച്ചുനീണ്ട കാല്‍ച്ചുവട്ടിലൂടെ
വരമ്പുകളിലെ പൊത്തുകളിലേക്കു
പതുങ്ങുന്ന പകല്‍വെളിച്ചം

കോള്‍പ്പാടങ്ങളെ തൊട്ടിഴയുന്ന
തോട്ടുവക്കത്തു നിന്ന് ചൂണ്ടയിടുന്ന കുട്ടികള്‍
മീന്‍കൂടകളില്‍ നിന്ന്
വെടിയേറ്റ വെളുപ്പുകളെടുത്തു കാണിക്കുന്നു
ഞങ്ങളെയെന്നാണ് കൊന്നു
കുഴിച്ചു മൂടുന്നത്?
എന്ന അശരീരികളെ വെടിവെച്ചിടുന്ന
വേട്ടക്കാരനായ് ഞാന്‍.

*തൃശ്ശൂര്‍ കാഞ്ഞാണി പാടം 

അപ്പോള്‍ മാത്രം


അലിയിച്ചുകളയു
മൊരു കുഞ്ഞിന്റെ ചിരി
നമുക്കുള്ളിലെ
വെയിലോര്‍മകള്‍

പുഴുകരണ്ട
ഇലകള്‍ പോലുള്ള
ഹൃദയങ്ങളെ
എട്ടുകാലിയുടെ നൂലെഴുത്തുകൊണ്ടോ
പുളിയുറുമ്പിന്റെ കൂടുപോലെയോ
ചേര്‍ത്തു നിര്‍ത്തും

പെയ്യാനിരുന്ന
കടിച്ചമര്‍ത്തലുകള്‍
കാറ്റെവിടേക്കോ കൊണ്ടുപോകും

ചുവരുകളുടെ ചതുരങ്ങള്‍ക്കുള്ളില്‍
ചതുരങ്ങളായ് മാറിയുറഞ്ഞ
നമ്മുടെയരികുകള്‍
പൊടിഞ്ഞുതുടങ്ങും

കോണുകളുടെ
മുനകളടര്‍ന്നുവീഴും
ഉറയുന്നതിനു മുന്‍പുണ്ടായിരുന്ന
കുഴയ്ക്കലിനും മുന്‍പായിരുന്ന
മിനുസങ്ങളിലേയ്ക്കൂറും
എപ്പോഴൊക്കെയോ നാം ധരിച്ച
പരുക്കനാവരണങ്ങളൊന്നൊന്നായഴിഞ്ഞുപോകും

അപ്പോള്‍ മാത്രം
നമുക്കു ചിരിക്കാനാകും
ഒരു കുഞ്ഞിനുമാത്രം
സാധ്യമായ വിധത്തില്‍ !

Wednesday, September 14, 2011

കുമിളകള്‍

ബീവറേജിനു മുന്നില്‍
നീണ്ട ക്യൂവിനുപിന്നില്‍
നില്‍ക്കുമൊരാളുടെ വിചാരത്തില്‍
താനേറ്റവും പിന്നിലാണല്ലോ
എന്ന തോന്നലൊരു കുമിളയായുയര്‍ന്നു
അത് തൊട്ടുപിന്നില്‍ വന്നുനിന്ന
മറ്റൊരാളിലേക്കു പൊട്ടിയത്
അന്നേരം ഭൂമിയിലെവിടെയോ ഒരിടത്ത്
ഏറ്റവുമവസാനം ജനിച്ച
ഒരു കുഞ്ഞിന്റെ കരച്ചിലിനൊപ്പമാണ്

ഒന്നില്‍ നിന്നു തൊട്ടുപിന്നില്‍ വന്ന
മറ്റൊന്നിലേക്കു പൊട്ടുകയുമതില്‍ നിന്നു
പിന്നെയും പൊള്ളയ്ക്കുകയും ചെയ്യുന്ന
കോടാനുകോടി കുമിളകളാല്‍
ചകിതമാക്കപ്പെട്ട ഭൂമി
ഒന്നും സംഭവിക്കാത്തതുപോലെ
നൂറുനൂറായിരം വൈചിത്ര്യങ്ങളുടെ
ആവരണത്താല്‍ ചുറ്റപ്പെട്ട ഭൂമി
അതാ ഏറ്റവുമവസാനം ജീവനുവേണ്ടി പിടയുമൊന്നിന്റെ
മരണത്തിന് കാതോര്‍ക്കുന്നു
അദൃശ്യമായ നൂറുനൂറായിരം
കാതുകള്‍
കൂണുകള്‍പോലെ മുളച്ചുകൊണ്ടിരിക്കുന്നു

തൊട്ടടുത്ത നിമിഷം
തൊട്ടടുത്ത നിമിഷത്തില്‍
വീണുപൊട്ടുന്ന
കുമിളകള്‍ക്കിടയിലൂടെ, കിതച്ചു
പോവുകയാണോരോ നിമിഷവും

ഏറ്റവുമവസാനത്തെ
ഈ കവിതയിലും
പൊന്തിവന്നൊരു കുമിളയുണ്ട്

മറ്റൊരുകവിതയില്‍
അതിപ്പോള്‍ പൊട്ടിയിട്ടുണ്ടാവാം
അതെഴുതിയത് നിങ്ങളായിരിക്കാം.

Monday, September 12, 2011

ചതുരങ്ങളാക്കിയ ചുടുകട്ടകള്‍









ഇടയ്ക്കൊരു ദിവസം തോന്നും
എല്ലാമൊന്നടുക്കിപ്പെറുക്കിവയ്ക്കണമെന്ന്

ജനാലത്തട്ടി
ലടങ്ങിയൊതുങ്ങാതിരിക്കുന്ന വാരികകള്‍
പാതിവായിച്ച പുസ്തകങ്ങള്‍
തുണ്ടുകവിതകള്‍
മുറിച്ചെടുത്ത പഴയകട്ടിലിന്നുരുണ്ട കാല്‍ക്കഷണത്തില്‍
ശില്പചാതുരിയിലുരുകിയൊലിച്ച വെളിച്ചത്തിരികള്‍
കീറത്തുണിപോലെ ചുരുട്ടിവെച്ച
വീര്‍പ്പുമുട്ടല്‍

വായിച്ചെത്തിയിടത്തൊരു മടക്കുവെച്ച്
ഷെല്‍ഫിലേക്കോ
കടലപൊതിയാനടുക്കിവെച്ച കെട്ടുകളിലേക്കോ
കത്തുന്ന മറവിയിലേക്കോ
അവയോരോന്നപ്രത്യക്ഷമാവും

പിന്നെയോരോ കാല്‍വെപ്പിലുമൊതുക്കം ദൃശ്യമാവും
എത്രവൃത്തിയായ് വിതച്ചിരിക്കുന്നു താരങ്ങളെ
മണല്‍ത്തരികളെ
കൃത്യമായളന്നുമുറിച്ചിട്ട റെയില്‍പ്പാളങ്ങള്‍
ഒറ്റവരിയില്‍ മാത്രം
സഞ്ചരിക്കുന്ന വാഹനങ്ങള്‍
സീബ്രാലൈനിലൂടെ മാത്രം
റോഡുമുറിയ്ക്കുന്ന നിര്‍ഭയങ്ങള്‍
ഹാ ! ചതുരങ്ങളാക്കിയ ചുടുകട്ടകള്‍

ഓരോന്നും
എഴുതാത്ത നോട്ടുബുക്കിലെ
പേജുകള്‍പോലെയെന്ന തോന്നല്‍
എവിടെവച്ചാണ് നൂലുപൊട്ടുന്നത്?

വെട്ടാത്ത മുടി
വളര്‍ന്ന നഖം
ഒതുക്കമില്ലാതെ വഴിയും
താടിരോമശൃംഗങ്ങള്‍
വായിക്കാനെടുത്ത് മറവിയിലേക്കുമാറ്റി വയ്ക്കുന്ന
മുഷിവന്‍ വൈകുന്നേരങ്ങള്‍
ഉറുമ്പുകള്‍ കൊണ്ടുനടക്കുന്ന
പഴഞ്ചന്‍രുചികള്‍
എല്ലാമൊന്നടുക്കിവയ്ക്കണമെന്ന
തോന്നലും !

ബൂലോകകവിത ഓണപ്പതിപ്പ്

ഒരിടത്ത്

മരച്ചുവട്ടില്‍
ആരും കാണാത്ത
ഒരിടത്തൊറ്റയ്ക്കിരുന്ന്
തേങ്ങിക്കരയുന്ന കുഞ്ഞിനോട്
നമ്മളെന്തു പറയും?

മരിച്ചുപോയ
അവന്റെ അച്ഛനുമമ്മയും
മറ്റൊരു വണ്ടിയില്‍
മടങ്ങിവരുമെന്നോ

മറവിയിലേയ്ക്കോടിപ്പോയ
അവന്റെ കുഞ്ഞനുജത്തി
കുറ്റിക്കാട്ടിലൊരിടത്ത് വലിച്ചെറിഞ്ഞ
പാവയുമൊക്കത്തുവച്ച്
കുളക്കരയില്‍ചെന്ന്
ഇനിയുമാമ്പല്‍പ്പൂക്കളെ
കൊതിപ്പിച്ചു കൊഴിക്കുമെന്നോ

അവന്റെ വീട്
ഉറങ്ങാന്‍ മറന്നുപോയ
ഋതുക്കളുടെ തോളത്തിരുന്ന്
പൂക്കാലത്തെക്കുറിച്ചൊരു
പാട്ടുകൊരുക്കുമെന്നോ

ഒന്നും പറയാറില്ലാത്ത
കാറ്റു ചിലപ്പോള്‍ പറഞ്ഞേക്കാം
ഒറ്റയ്ക്കിരിക്കേണ്ട
എനിയ്ക്കൊപ്പം വന്നേക്കെന്ന്
ഇതായീ തൂവാലകൊണ്ട്
കണ്ണീരു തുടച്ചേക്കെന്ന്
ദാ ഈവിരല്‍ത്തുമ്പില്‍
മുറുകെ പിടിച്ചേക്കെന്ന് !

Thursday, September 8, 2011

പൂക്കളെ പരിചയപ്പെടുത്തല്‍

രാവിലെ ചാനലില്‍
പൂക്കളെ പരിചയപ്പെടുത്തുന്നു

ഫ്ലാറ്റിന്റെ ചുറ്റുഭിത്തിയ്ക്കുള്ളില്‍
വറുത്ത മാംസച്ചീളുകള്‍ ചവച്ച്
കണ്ടുകൊണ്ടിരുന്നവര്‍
പൊടുന്നനെയൊരു ഗൃഹാതുരതയുടെ
മഴക്കാറ്റില്‍
വീട്ടുമുറ്റത്തെ കാശിത്തുമ്പയിലേക്കും
പോക്കുവെയിലിന്റെ മുക്കുറ്റിയിലേക്കും
ഒഴുകിപ്പോയി
അങ്ങനെയെങ്കിലുമൊഴുകിപ്പോകാന്‍
ഒരിടമുണ്ടല്ലോയെന്നവര്‍
സമാധാനിച്ചു
നെടുവീര്‍പ്പെയ്ത് ആശ്വസിച്ചു

അതാ
നിലാവുകീറിയെടുത്തൊട്ടിച്ച
മന്ദാരച്ചാരുതകള്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞയെന്നു കോളാമ്പിച്ചിരികള്‍
ഞാനുണ്ട് ഞാനുണ്ടെന്ന മട്ടില്‍
തിക്കിത്തിരക്കുന്ന
പലതരം വയല്‍പ്പൂവുകള്‍

അവരങ്ങനെയൊഴുകുകയാണ്
കാറ്റെവിടെക്കൊണ്ടിടുമെന്നറിയാത്ത
അപ്പൂപ്പന്‍താടിയോര്‍മയില്‍

2

കാക്കപ്പൂവെന്നു പരിയപ്പെടുത്തുന്നു
കാശിത്തുമ്പയെ
മുക്കുറ്റിയെന്നു
പരിചയപ്പെടുത്തുന്നു
അരിപ്പൂവിനെ
തുമ്പയെന്നു പറഞ്ഞു കാണിക്കുന്നു
പേരുമറന്ന മറ്റൊരു പൂവിനെ

വറുത്തൊരു മാംസച്ചീള്
ചുണ്ടില്‍ത്തിരുകി
അതതല്ല അതതല്ല...യെന്നു വിളിച്ചുപറയുമ്പോള്‍
ശത്രുക്കളെ വെടിവെച്ചിട്ട്
തുരങ്കങ്ങളിലൂടെ നൂണ്ടുകൊണ്ടിരുന്നവര്‍
സോഡാക്കുപ്പിപോലെ
തൊണ്ടയില്‍തങ്ങിയ പുച്ഛത്തില്‍
മോണിറ്ററില്‍നിന്നു തലതിരിച്ച്
മോണിറ്ററിലേക്കുതന്നെ തലചരിച്ചു

പേരു മാറിയാലും
നിറം മാറില്ലല്ലോ
മണം മാറില്ലല്ലോ
പൂക്കളന്നേരവും പൂക്കളായ്ത്തന്നെ നില്‍ക്കുമല്ലോ
എന്നോര്‍ക്കുമ്പോള്‍
സ്ഫോടനപരമ്പരകളുടെ
ഹരംകൊള്ളിക്കുന്ന
ചെമ്പരത്തികള്‍
ഹാ ചെമ്പരത്തികള്‍ !

Tuesday, August 9, 2011

കറങ്ങുന്ന...


കറങ്ങുന്ന പമ്പരം
നൂലുകൊണ്ടെടുക്കുകയാണൊരു കുട്ടി

അവന്റെ കൗതുകം
മുറ്റത്തിന്നോരത്തെ
കാശിത്തുമ്പകളില്‍
കണ്ടുകൊണ്ടിരുന്ന വെയില്‍
കണ്ണുചിമ്മിത്തുറന്നതും
ചുറ്റും വട്ടംവരച്ച്
നൂലുചുറ്റി വെച്ച പമ്പരങ്ങളെ
എറിഞ്ഞുതെറിപ്പിച്ച കൂട്ടുകാരെ
അതുവഴിപോയൊരാളോര്‍മിക്കുന്നു

ഏറുകൊണ്ട
പമ്പരംപോലെ
കളത്തിനുപുറത്തുതെറിച്ചൊരാളുടെയുടല്‍
ട്രാക്കില്‍ നിന്നെടുത്തു മാറ്റുന്നു
ണ്ടതേ സമയം
മറ്റൊരിടത്ത്

കറങ്ങുന്ന ഭൂമി
കൈയിലെടുത്തു കാണിക്കു
മൊരാളിതെല്ലാം കണ്ടു
ചിരിക്കുന്നതുനോക്കി
ഒരിക്കല്‍ക്കൂടി നോക്കി
ഒന്നും മിണ്ടാതെ
കറങ്ങുന്ന ജീവിതത്തെ
കയറു കൊണ്ടെടുക്കുന്നു.

Sunday, July 24, 2011

രാവിലത്തേം വൈകീട്ടത്തേം സൂര്യന്‍

രാത്രിയൊരു
പിടക്കോഴിയാകുമ്പോള്‍
പകലൊരു പൂവന്‍കോഴിയാകുന്നു
പകലൊരു
പിടക്കോഴിയാകുമ്പോള്‍
രാത്രിയൊരു പൂവന്‍കോഴിയാകുന്നു
ഇങ്ങനെ രൂപാന്തരിച്ചും
ഇണചേര്‍ന്നും
രാപ്പകലുകളിടുന്ന മുട്ടകളാണ്
രാവിലത്തേം വൈകീട്ടത്തേം സൂര്യന്‍ !

Thursday, July 14, 2011

കടലേ...


ശക്തിയായ് തിരയടിക്കും മുമ്പ്
കടലൊന്നു പിന്‍വലിയുമത്രേ
ശക്തിയായ് കല്ലെറിയും മുമ്പ്
കവണയാഞ്ഞു വലിയുമ്പോലെ

കടല്‍ പിന്‍വലിയും തോറും
കര തെളിഞ്ഞു തെളിഞ്ഞുവന്ന ആഹ്ലാദത്തില്‍
നമ്മളൊപ്പം നടന്നു

പൊടുന്നനെ കാണായി
കടലിനും കരയ്ക്കുമിടയില്‍
ജീവിച്ചവരുടെ കാല്പാടുകള്‍
കരയ്ക്കു കയറാനാവാതെ കരയോടുതൊട്ട്
കടല്‍വെള്ളത്തിലാരുമറിയാതെ
മുങ്ങിപ്പൊയവരുടെ
അത്ഭുതഗേഹങ്ങള്‍

ഒരുമിക്കാന്‍ തീരുമാനിച്ച്
കൈകോര്‍ത്ത്
കടലിലേയ്ക്കിറങ്ങിപ്പോയവരുടെ
മണിയറകള്‍
വെള്ളമപ്പോഴുമടര്‍ന്നു വീണുകൊണ്ടിരുന്ന
ജനലുകളിലൂടെ
സ്വാസ്ഥ്യമടര്‍ന്നുവീണ പരിഭ്രാന്തിയില്‍
പൊടുന്നനെയവരുടെ
നിലവിളികള്‍ കേള്‍ക്കായി

പിന്നെയും
കാണായി കേള്‍ക്കായി
കടല്‍മരങ്ങളില്‍ കാറ്റുപിടിക്കുന്ന
വഴുവഴുപ്പന്‍ സീല്‍ക്കാരങ്ങള്‍
കടലിന്നടിയില്‍ മറ്റൊരു കടലായ്
വിശന്നുമരിച്ചവര്‍ കുടിപാര്‍ക്കുമിടങ്ങള്‍

അഗാധസ്നേഹമെന്ന്
ആഴക്കടലിനെ വിളിച്ചതാരെന്ന്
തോന്നിപ്പോവുകയാണിപ്പോള്‍

പിന്‍വലിഞ്ഞ
കടലിനെക്കുറിച്ചൊരാധി
ചുറ്റും ചുറ്റും നിറയുമ്പോള്‍
മറ്റൊരിരുട്ടിനുമില്ലാത്തൊരിരുട്ട്
കണ്ണിനുള്ളില്‍ കനക്കുമ്പോള്‍
തുറന്ന വലിപ്പ്
വിസ്മയം കാണിച്ച്
വലിച്ചടയ്ക്കുംപോലെ
കടലേ...

Sunday, June 26, 2011

കുട്ടിയും വരയും

പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

Tuesday, June 21, 2011

മണ്ണിര


മറ്റൊന്നിനെക്കുറിച്ചും
പറയാനില്ലാത്തതിനാല്‍
ഞാനെന്നെക്കുറിച്ചുതന്നെ
പറയുന്നു
മറ്റൊരിടത്തേക്കും
പോകാനില്ലാത്തതിനാല്‍
ഞാനെന്നിലേക്കുതന്നെ
മടങ്ങുന്നു
മഴവെള്ളം കെട്ടിക്കിടന്ന
ചെളിയില്‍
മണ്ണിരയതിന്റെ
ദേഹം കൊണ്ടു വരയ്ക്കുമ്പോലെ!

Sunday, June 19, 2011

പക്ഷികളുടെ ചിത്രമെടുക്കല്‍



പക്ഷികളുടെ ചിത്രമെടുക്കാന്‍
വനത്തിലേക്കു പോകുന്നു

കരിമ്പാറകള്‍
പിന്നെയും കറുത്തു
പൊള്ളുമുച്ചയാകുന്നു

കൈയിലിരുന്ന വെള്ളക്കുപ്പികള്‍
ഇല്ലാത്തവന്റെ പള്ളപോലെ
പേടിച്ചു പേടിച്ച്
കാലിയാകുന്നു

പാറയ്ക്കു മുകളിലൊരു
കാലിക്കുപ്പിവെച്ച്
ചിത്രമെടുത്ത്
കാറ്റില്‍പ്പറത്തുന്നു

അമ്പേറ്റ്
വേച്ചുവേച്ച് വീഴാനായുന്ന
പെരിയ രാക്ഷസസമാനമീ
വൃക്ഷങ്ങളെന്നലറാന്‍ തോന്നുന്ന പകല്‍
ദാഹിച്ചൊടുങ്ങിയ
പക്ഷികളുടെ ചിത്രമെടുക്കാന്‍
കാത്തുകാത്തിരിയ്ക്കുന്നു

പാറയ്ക്കു മുകളില്‍വെച്ച
കാലിക്കുപ്പിയ്ക്കു ചിറകുവന്ന്
ശിഖരങ്ങളില്‍ നിന്നു
ശിഖരങ്ങളിലേക്കൊന്നായ്-
രണ്ടായ്-
നാലായെട്ടായങ്ങനെയങ്ങനെ
യൊരു പക്ഷിക്കൂട്ടം
പറന്നു പോണതുകണ്ട്
വിസ്മയം കൊണ്ട്
മലയിറങ്ങുന്നു

രണ്ടു കവിതകള്‍

ഭൂമിയെക്കുറിച്ച്

കീഴ്വഴക്കങ്ങളെക്കുറിച്ച്
ഒന്നുമറിഞ്ഞിരുന്നില്ല
ആരും പറഞ്ഞുതന്നതുമില്ല
അതുകൊണ്ടാവാം
വഴിയ്ക്കുകണ്ടതും
വെയില്‍ മുഖം കറുപ്പിച്ചു
പെയ്യാനിരുന്ന മഴമേഘം
നീരസത്തോടെ
ആകാശം ചാരി മാറിയിരുന്നു

ഞാനിപ്പോളോര്‍ക്കുന്നത്
ഈ ഭൂമിയെക്കുറിച്ചാണ്
മരങ്ങളുടെയും ചെടികളുടെയും
മനുഷ്യരായ മനുഷ്യരുടേയും
വേരുകളള്ളിപ്പിടിച്ച്
ചുറ്റിപ്പിണഞ്ഞ്
എത്രയസ്വസ്ഥപ്പെടുന്നുണ്ടാവും

ആഴ്ന്നതും
പടര്‍ന്നതും
പറ്റിപ്പിടിച്ചതും
അങ്ങനെയങ്ങനെയെല്ലാറ്റിനെയും
കുലുക്കിക്കുടഞ്ഞെറിഞ്ഞ്
സ്വതന്ത്രയാവാന്‍
വല്ലപ്പോഴുമെങ്കിലും
ശ്രമിക്കുന്നെങ്കിലുമുണ്ടല്ലോ !

ചൂട്ട്

രാവേറെച്ചെന്നപ്പോള്‍
ദൂരെയൊരു തീവെട്ടം
നീങ്ങി നീങ്ങിപ്പോകുന്നതു കണ്ടു

ഇരുട്ടില്‍
തീകൊണ്ടു വരച്ച്
വഴിതെളിക്കുന്നവരെപ്പറ്റിയോര്‍ക്കുകയായിരുന്നു
ചാക്കുനൂലുകൊണ്ടു പൊതിഞ്ഞതവരുടെ
സ്വപ്നങ്ങളായിരിക്കും

തീവരകള്‍
തോടുചാടിക്കടന്ന്
പാമ്പിഴഞ്ഞ നനവാര്‍ന്ന
പുല്‍വഴികള്‍ തെളിച്ച്
ഒരു പാട്ടിനൊപ്പം
അകന്നിരിക്കും

തീകൊണ്ടവര്‍ വരച്ചുപോകുന്നത്
തീരാത്ത
വേദനകളായിരിക്കും.

Saturday, June 11, 2011

എടോ പൂമ്പാറ്റേ...

എടോ പൂമ്പാറ്റേ
പാതിരാത്രിക്ക്
ജന്നല്‍വഴി
മുറിയിലേക്കു കയറിവന്ന്
നിഴലിന്റെ തുണ്ടും കടിച്ചുപിടിച്ച്
ചുവരുകളില്‍ തട്ടിപ്പിടഞ്ഞ്
എന്തോ ഓര്‍ത്തപോലെ പൊങ്ങിപ്പറന്ന്
ഗതിതിരിച്ചുവിട്ട കാറ്റിനെയെതിര്‍ത്ത്
ഫാനില്‍ത്തട്ടി ചിറകുമുറിഞ്ഞ്
താഴത്തേക്കു കുത്തനെ
കറങ്ങിക്കറങ്ങിവീണ്
പറ്റിയതുപറ്റിയെന്നു വിചാരിച്ചൊരിടത്തു
ചേര്‍ന്നുറങ്ങി
വെളുപ്പിനെണീറ്റു പോയ് വല്ല
പൂവിലും പരാഗിക്കാതെ
പിന്നെയും പറക്കാനായുന്നതും
അവശേഷിച്ച ചിറകു വീണ്ടും
ഫാനിന്റെ നാക്കിനു കാണിക്കുന്നതും
നല്ല നിലാവത്ത് പട്ടിണികിടക്കുന്ന
കട്ടുറുമ്പുകളെ വിളിച്ചു വരുത്താനല്ലേ..

Friday, May 27, 2011

ദൈവം നടന്നു പോകുന്ന ദിവസം


ആഴ്ചയിലൊരിയ്ക്കല്‍
ദൈവം
നടന്നാണ് പോവുക

വഴിയ്ക്കു വെച്ച്
യാദൃച്ഛികമായ് കണ്ടുമുട്ടിയാലും
തിരിച്ചറിയാനാവാത്ത തരത്തില്‍
രൂപമോ ഭാവമോ
പറയാനാവാത്ത രൂപത്തില്‍

മീന്‍കൂക്കുപോലെ
നമ്മളിലതുതട്ടി
ആവശ്യമോ
അനാവശ്യമോ
എന്ന തോന്നലുമാത്രമുണര്‍ത്തിയേക്കും

വീണ്ടുമങ്ങനെ
നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്
ചതുപ്പുകളില്‍
വിരകളായ് പുതഞ്ഞു കിടക്കും

ദൈവം നടന്നോ
പറന്നോ പൊയ്ക്കോട്ടെ
നാമിതെല്ലാമറിയുന്നതെന്തിന്
എന്നൊരു മറവിയിലേക്ക് !

Friday, May 20, 2011

സാന്‍ഡ് വിച്ച്

പേപ്പറില്‍
പൊതിഞ്ഞുവാങ്ങിയൊരു കഷണം
തണുപ്പിച്ച നിലാവു നുണഞ്ഞിരിയ്ക്കെ
അസ്തമയസൂര്യനൊരു
കുഞ്ഞിച്ചിരിയാണെന്നു നീ

ആകാശവും കടലും ചേര്‍ന്നതിനെ
യിറുക്കിപ്പിടിച്ചു
ശ്വാസം മുട്ടിക്കും

നമുക്കിടയിലുമൊരു
കുഞ്ഞിച്ചിരിയുണ്ട്
നമ്മള്‍ കണ്ടിട്ടില്ലെങ്കിലും
നമുക്കുമതിനെയിറുക്കിപ്പിടിച്ചൊരു
സാന്‍ഡ് വിച്ചാവണം !

എരിവേ.. എരിവേ

മുളകുചമ്മന്തി
രുചിയോടെ
കഞ്ഞികൂട്ടി
നാക്കലിയ്ക്കേ

കണ്ണില്‍ നിന്നൊരെരിവു
കരയാന്‍ തുടങ്ങുന്നു
ചുണ്ടില്‍നിന്നൊരെരിവു
മോങ്ങാന്‍ തുടങ്ങുന്നു
വിരലിടകളില്‍ നിന്നൊരെരിവു
മീട്ടാന്‍ തുടങ്ങുന്നു

1എരിവേ... എരിവേ
നിങ്ങളിങ്ങനെയെരിഞ്ഞോണ്ടിരുന്നാല്‍
ഞാനുമെരിഞ്ഞു പോവില്ലേ
എരിഞ്ഞെരിഞ്ഞീ വീടുമെരിയില്ലേ
വീടുകളെരിഞ്ഞീ നാടുമുഴുവനെരിയില്ലേ
നാട്ടാരുമെരിയില്ലേ
എരിയുന്ന വഴിവിളക്കിന്റെ
കണ്ണുപൊട്ടിയെരിയില്ലേ
നാടുകളെരിഞ്ഞെരിവു
വാനോളമുയരില്ലേ
നിലാവും കാറ്റുമെരിയില്ലേ
പാതിരകളും പകലുകളുമെരിയില്ലേ
യുഗങ്ങളോളമെരിയില്ലേ

അതുകൊണ്ടാണൊരുകവിള്‍
കഞ്ഞികൊണ്ടീയെരിവിനെ
കെടുത്തിയത്

ആര്‍ക്കുമൊന്നും
തോന്നരുത് കേട്ടോ!

1. മോഹനകൃഷ്ണന്‍ കാലടിയുടെ സ്ലൈറ്റേ..(പാലൈസ്) എന്ന വരികള്‍ക്ക് കടപ്പാട്

Monday, May 9, 2011

വൈലോപ്പിള്ളി സാഹിത്യപുരസ്കാരം

വൈലോപ്പിള്ളി സാഹിത്യപുരസ്കാരത്തിന് എന്റെ കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാസമാഹാരം തിരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ
എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ

http://www.mathrubhumi.com/books/story.php?id=817&cat_id=520

Monday, February 21, 2011

കടല്‍ത്തീരത്ത്


കടല്‍ത്തീരത്തൂടെ നടക്കുമ്പോള്‍
കുഞ്ഞു ഞണ്ടുകള്‍
മണല്‍പ്പൊത്തുകളില്‍ നിന്നിറങ്ങി നടക്കുന്നു
അടുത്തുചെല്ലുമ്പോഴേക്കുമവ
പൊത്തുകളിലൊളിയ്ക്കുന്നു

മണല്‍പ്പൊത്തിനുള്ളിലിരുന്നവയുടെയമ്മ
അവയെ ശാസിക്കുന്നുണ്ടാവും
പുറത്ത് ശ്രദ്ധയില്ലാതെ നടന്നാല്‍
മനുഷ്യക്കുട്ടികള്‍ പിടിക്കുമെന്ന്
പേടിപ്പിക്കുന്നുണ്ടാവും

തിരവന്ന് തീരത്തെത്തൊട്ടൂര്‍ന്നു പോകുന്നതുകാണാന്‍
കുഞ്ഞു ഞണ്ടുകള്‍ക്കു കൊതിയുണ്ടാവില്ലേ
അവയുടെ കണ്ണുകളില്‍
അസ്തമയസൂര്യന്‍ തിളങ്ങുന്നതുകാണാന്‍
അമ്മയ്ക്കും?

Sunday, February 20, 2011

പ്രണയത്തിന്

നീയെഴുതിയതൊന്നും
ഞാന്‍ വായിച്ചിട്ടില്ല
ഞാനെഴുതിയതൊന്നും
നീയും
പരസ്പരം വായിക്കപ്പെടാതെ
പുറംചട്ടയുരുമ്മിയിരുന്നിരുന്ന്
ചിതലരിയ്ക്കുകയാണല്ലോ
നമ്മുടെ പ്രണയം

Monday, February 14, 2011

തിളക്കം

അങ്ങനെയിരിയ്ക്കെ
അവനെ കാണാതാവുന്നു
അത്രനാളുമവനുണ്ടായിരുന്ന ഇടങ്ങളില്‍
പച്ചയുണങ്ങിത്തുടങ്ങുന്നു

ഇത്രനാളുമുണ്ടായിരുന്ന കണ്ടുമുട്ടല്‍
ഇപ്പോളില്ലാതായതോര്‍ത്തോര്‍ത്തൊരു ദിനം
ഞാനവന്റെ വീട്ടിലേക്കു ചെന്നു

അവന്റമ്മയടുക്കളയില്‍
പാത്രംകഴുകുന്നു
അവര്‍ പറഞ്ഞു
മുറിയ്ക്കകത്തേയ്ക്കവന്‍ കയറിപ്പോയിട്ട്
ദിവസങ്ങളായെന്ന്

എനിക്കോര്‍മ്മ വന്നു
തന്റെ മുറിയ്ക്കുള്ളിലൊരു
സമുദ്രമുണ്ടെന്നവന്‍ പറഞ്ഞത്
അതിന്റെയടിത്തട്ടില്‍ നിന്നാണീ
സ്വര്‍ണ്ണത്തരികളെന്നു
പറഞ്ഞൊരിക്കല്‍ കാണിച്ചത്

വാതിലില്‍ തട്ടാതെ
വിളിയ്ക്കാതെ മടങ്ങുമ്പോഴുള്ളില്‍
സ്വര്‍ണ്ണത്തരികള്‍ പറ്റിപ്പിടിച്ച്
തിളങ്ങുന്നതറിഞ്ഞു

അവനെക്കുറിച്ചു പറഞ്ഞപ്പോള്‍
അവന്റമ്മയുടെ കണ്ണിലുമൊരു
തിളക്കമുണ്ടായിരുന്നല്ലോ !

Saturday, February 5, 2011

രണ്ടു രാക്കവിതകള്‍


ഒന്ന്

പൂപോലെ വിറയ്ക്കുന്ന
രാത്രിയോട്
ഞാന്‍ നിന്നെക്കുറിച്ച് ചോദിച്ചു
രാത്രിയപ്പോള്‍
ആ പൂവിറുത്ത്
എനിക്കു തന്നു.

രണ്ട്

ഇരുളില്‍ വന്നിരുന്ന്
ഇളനീരു തുരന്നു കുടിക്കുമെന്നു
വിശ്വസിച്ച്
തോക്കുമായ് ചെന്നു

ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍
ചാഞ്ഞുകിടന്ന ഓലക്കീറിനിടയില്‍
തിളക്കം കാണുന്നുണ്ട്

വെടിയൊച്ചയില്‍
വിദൂരവാനംപോലും
വിറച്ചു മഴവീഴ്ത്തി

അറ്റുവീണു കിടന്നു വെറും മണ്ണില്‍
തിളക്കമറ്റ്
അകളങ്കിതചുംബനമര്‍പ്പിക്കാന്‍ വെമ്പിയ
രണ്ടു താരച്ചുണ്ടുകള്‍ !
.

Sunday, January 30, 2011

ചില സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍

കറിയ്ക്കരിയുമ്പോള്‍
പുസ്തകം വായിക്കുക
സൈക്കിള്‍ ചവിട്ടുമ്പോള്‍
തെങ്ങിന് തടമെടുക്കുക

കിളച്ച മണ്ണില്‍
പച്ചക്കറി നടുമ്പോള്‍
കമുകില്‍ നിന്ന്
പഴുക്കടയ്ക്കയും കുരുമുളകും പറിക്കുക

ഒരു തീവണ്ടിയില്‍ കയറി
വടക്കോട്ടു പായുമ്പോള്‍
മറു തീവണ്ടിയില്‍ കാറ്റുകൊണ്ട്
കിഴക്കോട്ട് കുതിക്കുക

ഒരു കണ്ണ് ആകാശത്തിനും നക്ഷത്രങ്ങള്‍ക്കും കൊടുത്ത്
മറ്റൊരു കണ്ണുകൊണ്ട്
ഭൂമിയ്ക്കുകുറുകെ ഒരു വരവരയ്ക്കുക

ഒരേ സമയം
ഒരു കാര്യംമാത്രമേ ചെയ്യാന്‍ കഴിയുന്നുള്ളൂ
എന്ന സ്വത്വപരിമിതികളെ മറികടക്കാനുള്ള
ചില പരീക്ഷണങ്ങളാണിവ
.

Wednesday, January 26, 2011

അതിഥി

വരുന്നുണ്ടെന്നു
വിളിച്ചറിയിച്ചു
വീടൊക്കെ വൃത്തിയാക്കിച്ചു
തഴച്ചതൊക്കെ
അരിഞ്ഞെടുത്തു
കാവ്യാത്മകമായ ഒരു നിശ്ശബ്ദത
മുറ്റത്തും മതില്‍ക്കെട്ടിലും കോരിയൊഴിച്ചു

വൈകിയില്ല
ബെല്ലടികേട്ട്
വാതില്‍ തുറന്നു
ചിരിച്ചുകൊണ്ട് സ്വീകരിച്ചു
ആഹ്ലാദത്താല്‍ കരകവിഞ്ഞൊഴുകി

നല്ല പ്രവാഹംതോന്നി
ഷേക്ക്ഹാന്റ് തന്നപ്പോള്‍

വിശ്വസിക്കാനേ കഴിയുന്നില്ല
ഇരുന്ന ഇരുപ്പിലങ്ങ്
വറ്റിപ്പോയെന്ന് !

Tuesday, January 25, 2011

ഇല്ലാതെ പോയൊരു വൈകുന്നേരം


ദിവസം എന്നു പേരുള്ള
ആ വലിയ കെട്ടില്‍ നിന്ന്
പകല്‍ എന്നു പറയുന്ന കെട്ടെടുത്ത്
അധികം ചെറുതല്ലാത്ത
അധികം വലുതല്ലാത്ത രാവിലെയെന്ന കെട്ട് തുറക്കുമ്പോള്‍

കടുഞ്ചോര വറ്റിയ നിറത്തില്‍
കൈകാലിട്ടടിക്കുന്ന സൂര്യന്‍
ഞെട്ടിയുണര്‍ന്ന്
പ്രകാശത്തിലേക്ക് തിടുക്കപ്പെട്ട്
ആത്മാക്കളെ കൊത്തിയകറ്റുന്ന കാക്കകള്‍
ജീവിതത്തെക്കുറിച്ച് എല്ലാം മറന്ന്
കളകൂജിതരാവുന്ന പക്ഷിജാലം

രാത്രിയെപ്പോഴോ
വണ്ടിയ്ക്കടിയില്‍പ്പെട്ട്
ചതഞ്ഞരഞ്ഞ കരിമ്പൂച്ചയെ
ചാടിക്കടന്ന് ഓടുന്ന കുടവയറുകള്‍

ഒന്നുമറിയാത്തപോലെ
ഇതൊക്കെക്കണ്ടു കൊണ്ടിരിക്കുന്നു
കടത്തിണ്ണയിലൊരു വൃദ്ധന്‍
എവിടേയ്ക്കെന്നില്ലാതെ
ആട്ടുകേട്ടിറങ്ങിപ്പോകാന്‍

രാവിലെയെന്ന കെട്ടുമടക്കി
പകലെന്ന കെട്ടിനുള്ളില്‍ വെച്ച്
ഉച്ചയെന്ന കെട്ടെടുത്ത്
തുറക്കാന്‍ തുടങ്ങുമ്പോഴേക്കുമൊരു കൂട്ടം
വടിയും കല്ലുമെടുത്ത്
പേപിടിച്ച തെരുവുപട്ടിയെപ്പോലെ
എറിഞ്ഞോടിയ്ക്കുകയാണ്
ആ വൃദ്ധനെ

ഏറുകൊണ്ട്
ഇടയ്ക്കു തിരിഞ്ഞു നിന്ന്
"ഫൂ" എന്നയാള്‍ കാര്‍ക്കിച്ചു തുപ്പുന്നുണ്ട്

നിലത്തു കുനിഞ്ഞിരുന്ന്
വൈകുന്നേരമെന്ന കെട്ടുപേക്ഷിച്ച്
ദിവസമെന്ന വലിയകെട്ടിനുള്ളില്‍
പകലിന്റെ കെട്ടെടുത്തുവെച്ച്
തുപ്പലിന്റെ കറയുള്ള രാത്രിയുടെ കെട്ടയാള്‍ തുറക്കുകയാണ്

ഇന്നത്തെ ദിവസം
ഇല്ലാതെ പോയൊരു വൈകുന്നേരത്തെ
ഇനിയാര്‍ക്കാണ് തുറക്കാനാവുക?

Saturday, January 15, 2011

കൂര്‍ക്കം

യാത്രയ്ക്കിടയില്‍
സൈഡ് സീറ്റിലിരുന്ന്
വായ പിളര്‍ന്ന്
കൂര്‍ക്കം വലിക്കുന്ന
തടിച്ച മധ്യാഹ്നവെയിലിനെ നോക്കി
കളിയാക്കിച്ചിരിക്കുകയാണ്
രണ്ടു കുട്ടികള്‍

അവരറിയുന്നില്ല
അവരുടെ വീടിനുമുകളിലും
മലര്‍ന്നുകിടന്ന്
ഇതേ മധ്യാഹ്നവെയില്‍
കൂര്‍ക്കം വലിക്കുന്നുണ്ടെന്ന്
കൂടിനില്‍ക്കുമാരെയു
മലോസരപ്പെടുത്താതെ!

Friday, January 14, 2011

ഞാവല്‍പ്പഴത്തെക്കുറിച്ച് ശ്രീ. സാബു ഷണ്‍മുഖം


പി.എ .അനിഷിന്റെ കവിത /സാബുഷണ്‍മുഖം.
by Sabu Shanmughom on Sunday, January 2, 2011 at 10:51am

അനിഷ്‌ വെറുതെ എഴുതിപ്പോകുകയാണെന്നു തോന്നാം.വെറുതെ എഴുതുമ്പോള്‍ പെട്ടെന്ന് കവിതയാകുന്ന ഒരെഴുത്തുരീതി അയാളുടെ കവിതകളിലുണ്ട്.സ്വാഭാവികത അതിന്റെ ശില്‍പ്പം.ആരവമില്ലായ്മ അതിന്റെ നടത്ത്തയില്‍.രക്തസാക്ഷിയെന്ന ബോധമില്ലായ്മ അതിന്റെ ബോധം.അടുത്ത്തരിയാവുന്നതിനെ അടുക്കിവെച്ച് അയാള്‍ വരികള്‍ നിര്‍മ്മിക്കുന്നു.
'പിളര്ക്കപ്പെട്ട
മണ്്ച്ചട്ടിയില്‍ നിന്ന്
ആകാശമായി അത് തഴയ്ക്കും വരെ' നിര്‍മാണം തുടരുക തന്നെ വേണമെന്ന് ഏതു കവിയേയും പോലെ അനിഷ്‌ കരുതുന്നു.
'ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും
മണ്ണില്‍ കിടന്നു.
അവയാണടുത്ത മഴയില്‍
മുളച്ചു പൊന്തുക
അവയിലാകും വിലക്കപ്പെട്ട
കവിത രുചിക്കുക 'എന്ന തിരിച്ചറിവും ഈ കവിക്കുണ്ട്.ഏറ്റവും സുതാര്യവും ഏറ്റവും നിഷ്കളങ്ങവും എന്ന പുറം കാഴ്ച്ചകള്‍ക്കകത്ത് പൊടുന്നനെ പ്രകമ്പനങ്ങള്‍ കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (Transparency in poetry sometimes become opaque,which will hide a complexity in its depth - L.Macneice)
'അരികിലിട്ട സിമെന്റു ബഞ്ചില്‍്‍
ആരും കാണാതെ നമ്മള്‍
നാക്കു നീട്ടി
രക്തക്കറ കാണിക്കുന്നു.'

പുതിയ കവിതയില്‍ നിന്നു കൊണ്ടു തന്നെ പുതിയ കവിതയെ തന്റേതായ രീതിയില്‍ പുതുക്കിയെടുക്കാനുള്ള പരീക്ഷണങ്ങളിലേക്ക് പോകുന്നില്ല എന്നതാണ് അനിഷിന്റെ കവിതകളുടെ പ്രധാന പരിമിതിയെന്നു തോന്നുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങളിലേക്കുള്ള ചില സൂചനകള്‍ കവിതയില്‍ അവശേഷിപ്പിക്കുന്നു എന്നതാണ് ഈ കവിയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നത്.സമകാലികതയില്‍ നിന്നു മാറിയ മറ്റൊരു സമകാലികതയെ, ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്നു മാറിയ മറ്റൊരു പ്രകൃതിയെ രൂപപ്പെടുത്താനാണ് കവിതകളിലൂടെ അനിഷ്‌ ലക്‌ഷ്യം വെക്കുന്നത്.ഈ ലക്‌ഷ്യം പലപ്പോഴും വിജയിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു.പരാജയപ്പെട്ടും വിജയിച്ചും ഭാവിയിലേക്കു മുന്നേറുക എന്ന ശ്രമകരമായ കാവ്യദൌത്യം അനിഷ്‌ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളാണ് അയാളുടെ കവിതകള്‍.ചെറിയകാര്യങ്ങളെക്കുറിചെഴുതികൊണ്ട് വലിയ കാര്യങ്ങളുടെ വ്യാജ ലോകത്തോട്‌ ഏറ്റുമുട്ടാന്‍ ഇറങ്ങിത്തിരിക്കുന്ന സൌമ്യനായ പോരാളിയുടെ മനോഭാവം കവിതകളുടെ അടിത്തട്ടിലുണ്ട്.

പൊതു ഇടങ്ങളില്‍ നിന്ന്,പാഠപുസ്തകങ്ങളില്‍ നിന്ന് ,വിപണിയുടെ മാരകമായ വെളിച്ചങ്ങളില്‍ നിന്ന് ,മാദ്ധ്യമമല്പ്പിടുതങ്ങളില്‍ നിന്ന് ,മാഫിയാവല്‍ക്കരണങ്ങളുടെ പെരുക്കങ്ങളില്‍ നിന്ന് കവിതയും ഭാഷയും വെട്ടിമാറ്റപ്പെടുന്ന കാലത്ത് കവിതയെഴുതുക എന്ന നിശബ്ദസാംസ്കാരികവിപ്ളവം ഏറ്റെടുത്തിരിക്കുന്ന എണ്ണമറ്റ പുതുനിരക്കവികളില്‍ അനിഷിനേയും ഞാന്‍ കാണുന്നു. അറിവുകളേതുമില്ലത്ത്ത ഒരു സാധാരണ കവിതാവായനക്കാരനും നിരക്ഷരനുമായ ഞാന്‍ ആകാഴ്ചയില്‍ ആഹ്ലാദിക്കുന്നു.'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും 'എന്ന സമാഹാരം സദയം അയച്ചു തന്ന കവിക്ക്‌ നന്ദി.

കുട്ടികളും
മുതിര്‍ന്നവരും
ഞാവല്‍പ്പഴങ്ങളും (കവിത )

പി.എ.അനിഷ്‌
പ്രസാധനം :സൈകതം ബുക്സ് ,പി.ബി.നമ്പര്‍ -57
മാര്‍കറ്റ്‌ റോഡ്‌ , കോതമംഗലം -686691

Wednesday, January 5, 2011

നാക്കിലയുടെ സുഹൃത്തുക്കള്‍ക്കൊരു സന്തോഷവിവരം അറിയിക്കട്ടെ


നാക്കിലയുടെ സുഹൃത്തുക്കള്‍ക്കൊരു സന്തോഷവിവരം അറിയിക്കട്ടെ.വര്‍ഷാന്തപ്പതിപ്പില്‍ ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത "മികച്ച കൃതികള്‍ 2010" ല്‍ എന്റെ കവിതാസമാഹാരം കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും (സൈകതം ബുക്സ്)തിരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കട്ടെ
കൂടുതല്‍ വിവരങ്ങള്‍ ജനുവരി 5 ആം തിയ്യതിയിലെ ഇന്ത്യ ടുഡേയില്‍
(പുസ്തകം ഇവിടെ ലഭിക്കും)

Saturday, January 1, 2011

അസഹനീയം


നെഞ്ചുതുരന്ന്
പുറത്തേയ്ക്കൊരു ചെടിത്തലപ്പ്
വളര്‍ന്നുവന്നിരിയ്ക്കുന്നു

പിഴുതുകളയാന്‍ ശ്രമിക്കുമ്പോഴാണ്
കാല്‍വിരലുകള്‍ വരെയതിന്റെ
വേരുകള്‍ പടര്‍ന്നിരിയ്ക്കുന്നതറിഞ്ഞത്

ഇനിയതു തഴയ്ക്കുമെന്റെ
രക്തവും മാംസവുമൂര്‍ജ്ജമാക്കി
അതിന്റെ ശാഖകളില്‍ കിളികള്‍ വരും
കൂടുവയ്ക്കും
കാഷ്ഠമെന്റെ കവിളത്തും മുഖത്തും വീഴ്ത്തും

ഉന്നം തെറ്റാതെ മഴയെ
നിന്ന നില്‍പ്പിലെറിഞ്ഞുകൊള്ളിയ്ക്കും
സഹിയ്ക്കാനാവുമോ
സൂര്യന്റെയാ സൂചിക്കുത്ത് ?

ഇനി
ചെടിയെ ചെടിയായിത്തന്നെ നിലനിര്‍ത്തിയും
തളിരിടാനുള്ള ഓരോ ശ്രമവും പരാജയപ്പെടുത്തിയും
കാതിലകളെ ചീകിയൊതുക്കി
ആഡംബരമണിയിച്ചും...

എങ്കിലും
കാറ്റിന്റെയാ ലൈംഗികനോട്ടമുണ്ടല്ലോ
അതാണ് അസഹനീയം.

പുതുകവിത വാര്‍ഷികപ്പതിപ്പ്

ഉച്ചപ്പടം കണ്ട്


ഉച്ചപ്പടം കണ്ടു
വരുമ്പോള്‍
ഇടവഴിയില്‍ വെച്ച്
കാറ്റുകാണിച്ചൊരു തമാശ കണ്ട്
മയക്കമുണര്‍ന്ന്
ജൃംഭിച്ചു പോയ
മരക്കൊമ്പില്‍ നിന്ന്
പ്രാവുകളുടെ ചിറകടി
കേട്ടതുമാത്രം
ഓര്‍മയുണ്ട് !

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP