നിലവിളികള്ക്കിടയില്
ഒരു മുഖം
ഹൃദയത്തില് തറച്ചുകയറി
നിര്ദ്ദയത്വത്തിനു മുന്നില്
ജീവിതത്തിന്റെ
പകച്ച നോട്ടമായ്
ഇരു സമുദ്രങ്ങള്ക്കിടയില്
പ്രതീക്ഷകളും സ്വപ്നങ്ങളും
നഷ്ടപ്പെട്ടതിന്റെ
തിരിച്ചറിവായ്
തണുത്തുറഞ്ഞ വിലാപമായ്
മണലും ചോരയും
കട്ടപിടിച്ച മുടിയിഴകള്ക്കിടയിലൂടെ
2
അവള്ക്കറിയേണ്ട
ഒന്നും
ജീവിതത്തിന്റെ വിയര്പ്പും
വേദനയും
അതില് നിന്നു പൊടിയുന്ന
ചിരിയുടെ പൂമൊട്ടുകളും
ഉടല്
യൗവ്വനത്തിന്റെ
പൂമരമാവുമ്പോഴും
മനസ്സാരാണ് തളച്ചിട്ടത്
ബാല്യത്തിന്റെ
മതില്ക്കെട്ടിനുളളില്
മഞ്ചാടിക്കുരുവും
മയില്പ്പീലിയും മാത്രമല്ല
വിധിയവള്ക്കു നല്കിയത്
പൊട്ടുതൊടീക്കാനും
കണ്ണെഴുതിക്കാനും
പുതിയ ഉടുപ്പണിയിക്കാനും
ജീവനുളള
ഒരു പാവക്കുട്ടിയെയും
3
ഈ മഴക്കാലം കഴിയുമ്പോള്
വെയില്
പുതിയ പൂക്കള് വിരിയിക്കുമ്പോള്
നമ്മളുണ്ടാവുമോ
ഇവിടെ?
ഒരു പക്ഷേ
നിറഞ്ഞുകവിഞ്ഞ ഒരോര്മയില്
ഒലിച്ചുപോയിട്ടുണ്ടാവാം
അല്ലെങ്കില് പൊളളുന്ന ഒരു സ്വപ്നത്തില്
തണുത്തു വിറങ്ങലിച്ചിരിക്കാം
അതൊന്നുമല്ലെങ്കില്
മഴ കഴുകിക്കളഞ്ഞിരിക്കാം
മരണകാലത്തിലൂടെ
ഓടുന്ന ചക്രങ്ങളില് നിന്ന്
റോഡിലേക്കൊലിച്ച രക്തം
4
മരിക്കുന്ന സമയത്ത്
നനഞ്ഞ തുണി കീറുന്നതുപോലൊരു
ശബ്ദമുണ്ടാവും
മരിക്കുന്നവനല്ലാതെ മറ്റാര്ക്കുമത്
കേള്ക്കാനാവില്ല
ഒരിക്കലും
തുന്നിച്ചേര്ക്കാനാവാത്ത വിധം
മനസ്സ് കീറിയെടുക്കുകയാവും
പ്രദര്ശനശാലയിലേക്ക്
പുതിയൊരു കൊളാഷ് കൂടി
നിര്മിക്കാന്
ഓർമയിൽ മാഞ്ഞു പോകുകയേയില്ല
3 weeks ago