സന്ദര്‍ശകരുടെ
തിരക്കില്ലാത്ത ദിവസം
മ്യൂസിയത്തില്‍ പോകണം
അപ്പോള്‍
ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍
കൗതുകത്തിന്റെ
സ്ഫടികപാളികളുടെ
നിശ്ശബ്ദതയില്‍
നമ്മോട് സംസാരിക്കും
അറ്റുവീണ
ഓരോ ശിരസ്സിലെയും
മുഖഭാവത്തെക്കുറിച്ച്
തുരുമ്പിച്ച വാളുകള്‍
മൂര്‍ച്ചിക്കും
മുനിയറയുടെ മൗനം
അസ്ഥികൂടത്തിന്റെ ഭാഷയില്‍
പല്ലുകൊഴിഞ്ഞ
കാലത്തെ
കോര്ത്തുനിര്ത്തും
കുടക്കല്ലിനടിയില്
പാരമ്പര്യത്തിന്റെ
ദ്രവിച്ച വലയ്ക്കു പിന്നില്‍
ഇരകാത്തിരിക്കുന്ന
എട്ടുകാലി
കട്ടിക്കണ്ണട വച്ച
ചരിത്രാധ്യാപകനെപ്പോലെ
തുറിച്ചുനോക്കും
വേട്ടയാടലിന്റെ
വേഗതയെക്കുറിച്ച്
കാഴ്ചവസ്തുവായിത്തീര്ന്ന
ശിലായുധങ്ങള്‍ മുരളും
മൃതവാക്കുകള്
കൊത്തിവയ്ക്കപ്പെട്ട കല്ലുകള്‍
ദ്രവിച്ചുപോയ ശബ്ദത്തില്‍
ആവേശപ്പെടും
മഴക്കാലങ്ങളവശേഷിപ്പിച്ച
വടുക്കളില്‍ വിരലോടിച്ച്
പ്രാകൃതശബ്ദത്തില്
പീരങ്കികള്‍
ഗര്‍ജ്ജിക്കും
എല്ലാം
നിശ്ശബ്ദതയുടെ
നൂലില്‍ കോര്‍ക്കപ്പെട്ടത്
ചരിത്രം ആവേശിച്ച്
പുറത്തിറങ്ങുമ്പോള്‍
വാതിലിനരികില്‍
ചാരിയിരുന്നുറങ്ങുന്ന
കാവല്ക്കാരന്
കാലത്തിന്
പരിണമിപ്പിക്കാനാവാത്ത
ചരിത്രാതീത സ്വഭാവത്തെ
ഓര്‍മപ്പെടുത്തും
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
1 day ago
1 comment:
മനോഹരമായിരിക്കുന്നു.
Post a Comment