
മുറിയില്‍ വച്ച
വൃക്ഷത്തിന്റെ മിനിയേച്ചറിന്
ജീവനുണ്ടായിരുന്നു
'ഇത്ര വര്‍ഷങ്ങളുടെ പഴക്കമോ'
എന്ന കൗതുകത്തിനപ്പുറത്ത്
ആരുമത് കണ്ടില്ല
നനവ് നരയ്ക്കാനതിനെ
അനുവദിച്ചിരുന്നില്ല
ഇലകള്‍
പടര്‍ച്ചയുടെ ആഗ്രഹങ്ങളെ
അടക്കാനാവാതെ
വിറച്ചു കൊണ്ടിരുന്നതും
ചില്ലകള്‍
കുടനിവര്‍ത്തുന്ന മോഹങ്ങളെ,
കിളിക്കാലുകളുടെ
ഇക്കിളിപ്പെടുത്തുന്ന നിനവിനെ
അമര്‍ത്താന്‍ ശ്രമപ്പെടുന്നതും
വേരുകള്‍
ആഴങ്ങളിലെ മണല്‍ത്തരികളെ
തൊട്ടുനോക്കാനാവാതെ
നുഴഞ്ഞിറക്കത്തിന്റെ
ആവിഷ്കാരങ്ങളെക്കുറിച്ചോര്ത്ത്
ചുരുളന്പാമ്പുകള് പോലെ
വിങ്ങുന്നതും
ആരും അറിഞ്ഞിരുന്നില്ല;
പിളര്‍ക്കപ്പെട്ട
മണ്‍ചട്ടിയില്‍ നിന്ന്
ആകാശമായ്
അത് തഴയ്ക്കും വരെ
നക്ഷത്രങ്ങളെ മുഴുവന്‍
പൂക്കളാക്കും വരെ
ഭൂമി മുഴുവന്‍
തണലാക്കും വരെ
(കലാകൗമുദി ആഴ്ചപ്പതിപ്പ്)
1 comment:
ഒരു ബോണ്സായിച്ചെടിയില് നിന്നും കവിത പിറക്കുന്നു. കൊള്ളാം.
Post a Comment