Thursday, September 11, 2008

തീവണ്ടി



കൂവിക്കൊണ്ട്
അതിരാവിലെ
വിളിച്ചുണര്‍ത്തുന്നു

ചായനീട്ടുമ്പോള്‍
അടുക്കളക്കരി പുരണ്ട
കൈകളില്‍,
വെളുത്തുളളിയുടേയും
സവാളയുടെയും
ഉളുമ്പുളള വിരലുകളില്‍
തേഞ്ഞു തുടങ്ങിയൊരു
മോതിരം കാണുന്നു

പഠിക്കുന്ന കാലത്ത്
കവിതയെഴുതുമായിരുന്നു
പാട്ടു പാടുമായിരുന്നു
പാളങ്ങളില്‍
ഓടാന്‍ തുടങ്ങിയതിനു ശേഷം
ചിരിയോ
നാണമോ
കണ്ടിട്ടില്ല

പാതിയുറക്കത്തില്‍
ഞാന്‍ നിന്റെ
ഞരക്കങ്ങള്‍
മുരള്‍ച്ചകള്‍
കേള്‍ക്കാറുണ്ട്

പുലര്‍ച്ചയ്ക്ക്
ആദ്യത്തെ വെയില്‍ത്തുളളികള്‍
വീണു തുടങ്ങുമ്പോഴേക്കും
നിന്റെ പാത്രത്തില്‍
അരി വെന്തു കഴിഞ്ഞിരിക്കും

നെഞ്ചിലെ തീ
ഊതിയൂതിത്തിളക്കി
പാളം തെറ്റാതെ
നീ...

പാളം തെറ്റിച്ച്
വയലിലൂടെ
പുഴയിറമ്പിലൂടെ
മരങ്ങള്‍ക്കിടയിലൂടെ
കവിതയും പാട്ടുമായ്
നീ ഓടിപ്പോകുന്നതു സ്വപ്നം കണ്ട്
രാത്രികളില്‍
പാളത്തില്‍ തലവച്ചുകിടന്ന്
എത്ര തവണ
ഞാന്‍ മരിച്ചിരിക്കുന്നു

5 comments:

ഫസല്‍ ബിനാലി.. said...

അനീഷ്ഭായ് റിയലി ഗ്രൈറ്റ്

നിരക്ഷരൻ said...

വളരെ മനോഹരം മാഷേ....

“പാളം തെറ്റിച്ച്
വയലിലൂടെ
പുഴയിറമ്പിലൂടെ
മരങ്ങള്‍ക്കിടയിലൂടെ
കവിതയും പാട്ടുമായ്
നീ ഓടിപ്പോകുന്നതു സ്വപ്നം കണ്ട്
രാത്രികളില്‍
പാളത്തില്‍ തലവച്ചുകിടന്ന്
എത്ര തവണ
ഞാന്‍ മരിച്ചിരിക്കുന്നു “

അവസാനത്തെ ഈ പാരഗ്രാഫുകൂടെ ആയപ്പോള്‍ കലക്കി. ഇനിയും എഴുതൂ.....

ഓണാശംസകള്‍....

Anonymous said...

മനോഹരം!

മുകിൽ said...

മനോഹരം!
ഇതു വായിച്ചു ലഭിച്ച സന്തോഷം എങ്ങനെയാണറിയിക്കേണ്ടതെന്നറിയില്ല

മുകിൽ said...

മനോഹരം!
ഇതു വായിച്ചു ലഭിച്ച സന്തോഷം എങ്ങനെയാണറിയിക്കേണ്ടതെന്നറിയില്ല

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP