Friday, December 31, 2010

മൂന്ന് കാക്കക്കവിതകള്‍


പ്രപഞ്ചരഹസ്യം

കറന്റുകമ്പിയില്‍
തലകീഴായ്
തൂവലടര്‍ന്ന്
വെറുങ്ങലിച്ച കാക്ക
പൊടുന്നനെയുയര്‍ന്ന്
ചിറകൊതുക്കി
കാ...കാ...
എന്നു കരഞ്ഞ്
മീന്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി പറന്നത്
തികച്ചും യാദൃച്ഛികമായി
കണ്ണില്‍പ്പെട്ടു

വിശ്വസിച്ചു
വിശ്വസിച്ചു
എന്നെത്രയുറക്കെപ്പറഞ്ഞാലും
എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കല്ലേ
എന്നല്ലേ
നമ്മളോരോരുത്തരുമുള്ളില്‍പ്പേറുന്ന
പ്രപഞ്ചരഹസ്യം ?

(കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും
എന്ന സമാഹാരത്തില്‍ നിന്ന് )

അമ്മ, മുറ്റം, കാക്ക

കൂട്ടക്ഷരം പഠിപ്പിയ്ക്കാന്‍
കോര്‍ത്തുണ്ടാക്കിയ കഥയില്‍ നിന്ന്
അപ്പം തട്ടിയെടുത്ത കാക്ക
പറന്നു പറന്ന്
മുറ്റത്തിരുന്നു
ഇതുകണ്ട്
അമ്മ, മുറ്റം, കാക്ക
എന്നുമാത്രമറിയുന്ന കുട്ടി
നാവിറങ്ങിപ്പോയ ശബ്ദത്തില്‍
അമ്മേ ദാ മുറ്റത്തൊരു കാക്ക
എന്ന വാക്യത്തിലാശ്ചര്യപ്പെട്ടു

ഇതുകേട്ടു കൊണ്ടയയില്‍
തുണിവിരിച്ചു നിന്ന
അമ്മയ്ക്കൊരു കുളിരുണ്ടായി
കാക്കയോടൊരിഷ്ടമുണ്ടായി

ചീഞ്ഞ ഓര്‍മകള്‍
അമ്മ കാക്കയ്ക്കെറിഞ്ഞുകൊടുത്തു
അതൊന്നും നോക്കാതെ
കീടനാശിനിയുടെ ഭാഷയില്‍
കാക്ക കുട്ടിയെയുമെടുത്ത്
പറന്നുപോയി

കഥ തീര്‍ന്നപ്പോഴേക്കും
കുട്ടികള്‍ പഠിച്ച ജീവിതത്തില്‍
അവരെഴുതാന്‍ മറന്നിട്ടുപോയ
കവിതയാണിത്
ഒഴിഞ്ഞ ബഞ്ചുകളില്‍ നിന്ന്
കീറിയെടുത്തു
സൂക്ഷിച്ചതാണിത്...!

ഉന്നം

കാക്കയുടെ
അത്രയുമുന്നം
എനിക്കില്ല

എത്ര കൃത്യമായാണ്
ജീവിതത്തിന്റെ അവശിഷ്ടം
ഒന്നുമറിയാതെ പോകുമൊരുത്തന്റെ
തലയില്‍ വീഴ്ത്തുന്നത്
മരണം പോലെ

ഹെന്റെ കാക്കേ
നിന്റെയൊരു കാര്യം !

Tuesday, December 28, 2010

കിളിയാട്ടല്‍


കോവല്‍വള്ളികള്‍ പടര്‍ന്ന്
തടിച്ച വിരലുകള്‍പോലെ
ഭൂമിയിലേക്ക് ചൂണ്ടുന്ന
കായ്കള്‍ നിറഞ്ഞ
പന്തലുകളിലാണ് ജീവിതം

കിളികള്‍ വന്ന്
കൂട്ടത്തോടെ
ജീവിതം കൊത്തിയെടുത്തു പോകു
മതിനാല്‍
കിളിയാട്ടുവാന്‍
നട്ടുച്ചയ്ക്ക്
കവുങ്ങിന്‍ ചോട്ടിലിരിയ്ക്കുന്നു

വെയിലാറുമ്പോള്‍
വരുന്നൂ കിളികള്‍
പലനിറക്കലര്‍പ്പുകള്‍
തൊപ്പിയുമിളം തൂവലുകളുമൊരു നിറം
മിഴിയരികില്‍ മറ്റൊരു നിറം
അങ്ങനെയങ്ങനെ
പലനിറച്ചിലപ്പുകള്‍
കൊക്കിലാകാശം കൊരുത്തിട്ടവയും

അവയോടു പറയുന്നു
വിളയുന്നു നിങ്ങള്‍ക്കായ്
പലവൃക്ഷഫലങ്ങള്‍
മധുരങ്ങള്‍
ചവര്‍പ്പുകള്‍

വിടരുന്നൂ നിങ്ങള്‍ക്കായ്
കാടുകള്‍ വെയിലുകള്‍
വിഹായസ്സ്

ഞരമ്പുകളായ് ജീവന്‍തുടിയ്ക്കും
വള്ളികള്‍ക്കു മുകളിലവയുടെ നൃത്തം
വിശപ്പാറും സീല്‍ക്കാരങ്ങള്‍

പിറ്റേന്നു കാലത്ത്
ഒഴിഞ്ഞൊരു കിളിക്കൂടായ് നിന്ന
കോവല്‍പ്പന്തലെടുത്തു
കൊണ്ടുവന്ന്
ഇറയത്ത് തൂക്കിയിട്ടു.

ത്രികാലം


മൂന്നു ചെമ്പോത്തുണ്ടായിരുന്നു

ഒന്നിന്റെ കൂവലില്‍
നേരം വെളുക്കുന്നു
മറ്റൊന്നിന്റെ കൂവലില്‍
ഉച്ചച്ചു പൊള്ളുന്നു
മൂന്നാമത്തെ കൂവലില്‍
നേരമിരുട്ടുന്നു

രാത്രി
മൂന്നുമൊരുമിച്ചിരുന്ന്
തിന്ന വെയിലിനെ
കണ്ണിലൊളിപ്പിക്കുന്നു
കുടിച്ചുകുടിച്ച്
നിലാവു വറ്റിക്കുന്നു.

Monday, December 20, 2010

കൊല്ലന്‍


വരമ്പിനു നടുക്ക്
കാറ്റിനോടെപ്പോഴും
കൈചൂണ്ടിക്കെറുവിക്കു
മൊറ്റപ്പനയോടു തൊട്ട
ഓലപ്പുരയായിരുന്നാല

കൊല്ലനതില്‍
വാക്കത്തി,കൊടുവാളു
കഠാരകളില്‍
മൂര്‍ച്ചയേറ്റിയ ധ്യാനത്തിലിരുന്നു

ഇടയ്ക്കു റോഡിനോരത്തു വന്ന്
ചായകുടിച്ച്
ബീഡിയെരിച്ച്
പൊകല ചവച്ച്
പുകചുവപ്പിച്ച കണ്ണുകളോടെ
ആലയിലേക്കു തന്നെയടങ്ങും

ഇരുമ്പിരുമ്പിനോടു
ചെന്നുപറയുമൊച്ചകള്‍
ഓലപ്പഴുതുകടന്ന്
കൊറ്റികളെ പറപ്പിച്ചുവിട്ടു

മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു

കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന

(ആനുകാലികകവിത)

Monday, December 13, 2010

ഒരു രാത്രി


ഒരു രാത്രി
എനിക്കുമാത്രമായ് വേണം

ശ്വസിക്കുന്നവരും
മരിച്ചവരും
പങ്കിട്ടെടുക്കാത്തൊരു രാത്രി

പാതി കീറിയ നിലാവോ
താരങ്ങളോ, ശ്വാസകോശങ്ങളില്‍
തണുപ്പോ മണങ്ങളോ
കോരിനിറയ്ക്കാത്ത
ഒരേയൊരു രാത്രി
യെനിക്കുമാത്രമായ് വേണം

നിറങ്ങളുടെയുടുപ്പുക
ളൊന്നൊന്നായൂരിയെറിഞ്ഞ്
ശരീരത്തിന്റെ വ്യഥകളില്ലാതെ
എനിക്കാ രാത്രിയിലൂടെ
നീന്തിനടക്കണം

Sunday, December 5, 2010

അയ്യേ


വീടിനോടു തൊട്ടുള്ള
കല്ലുവെട്ടുകുളത്തില്‍
മൂടിയ പച്ചയിടയ്ക്കു
മുറിച്ച്
മീനുകള്‍ പുളയ്ക്കുന്നു

മുറികൂടുന്നതുകണ്ട്
അപ്പുറത്തുമിപ്പുറത്തും
വെയില്‍ വെട്ടംപുരട്ടിയ മരങ്ങളില്‍
പക്ഷികളിരിക്കുന്നു

നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി

അതിനാലെറിയുന്നു
ഇരകോര്‍ത്ത ചൂണ്ടക്കൊളുത്തുകള്‍

ഒരു മീനും കൊത്താത്ത
പകലിനെ നോക്കി
യൊരുപക്ഷി താഴ്ന്നു വരുന്നു
മുങ്ങുന്നു
കൊക്കിലൊരു മീനുമായ്
പൊങ്ങിപ്പറക്കുന്നു

മീനുകളങ്ങനെ ചുണ്ടില്‍പ്പിടയുമ്പോഴും
അയ്യേ...ന്നു
കളിയാക്കിച്ചിരിക്കുന്നുണ്ട്
കരയിലിരുന്ന്
മടുപ്പെറിയുമെന്നെ !

Friday, December 3, 2010

പകർപ്പ്‌


അതുപോലെത്തന്നെ
പകർത്തി വച്ചിരിക്കുന്നു

അടഞ്ഞകണ്ണുകളിലും
മുഖത്തും
ചിലയടയാളങ്ങൾ
മഷിപരന്ന പോലെ
എന്നല്ലാതെ
യാതൊരു മാറ്റവുമില്ലാതെ

ഇറുത്തെടുക്കുമ്പോഴുളള പിടച്ചിലിൽ
കിടപ്പിലോ
തൂക്കിലോ
ചില ചരിവുകളുണ്ടെന്നല്ലാതെ

അതേ മരക്കൊമ്പ്‌
റെയിൽപ്പാളം
അടച്ചിട്ട കിടപ്പുമുറി
സീലിങ്ങ്‌ ഫാൻ
ഉടുമുണ്ട്‌
ആഴക്കിണർ

എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌

വേലിയില്ലാത്ത
വക്കിടിഞ്ഞ കിണറിൽ
കാലുതെറ്റി വീഴുമ്പോലല്ലല്ലൊ
ഉയരത്തിൽ
ചുറ്റുമതിലുളള
കിണറ്റിൽ വീഴുന്നത്‌ !

Wednesday, November 17, 2010

നൈമിഷികം

നിമിഷം
നിസ്സാരമല്ല
അത്രകൊണ്ട്
മരങ്കൊത്തിയൊരു
ശില്പം
കൊത്തിയേക്കും

(കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന സമാഹാരത്തില്‍ നിന്ന്)

വെള്ളവും ആകാശവും


നിറഞ്ഞു
നില്‍ക്കുന്നൊരാഴമുള്ള
പാറക്കുഴിയിലേക്ക്
ഉയരമുള്ള മലയിടുക്കില്‍ നിന്നോ മറ്റോ
കുതിക്കുന്ന വെള്ളം
കുത്തിവീണെത്രയാഴം
വരെച്ചെല്ലു
മത്രയാഴത്തിലേ
നിശ്ചലജലത്തിലാകാശത്തിന്
മുങ്ങിക്കിടക്കാനാവൂ

Thursday, November 4, 2010

എന്റെ ആദ്യകവിതാ സമാഹാരം



എന്റെ ആദ്യകവിതാസമാഹാരം സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്നു
കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും
പ്രകാശനം നവംബര്‍ പതിനാലിനു്‌ തൃശൂര്‍
കേരള സാഹിത്യ അക്കാദമിയില്‍ വെച്ച്
കവി വി.ജി തമ്പി കെ.ആര്‍ ടോണിക്ക് നല്‍കുന്നു
നാക്കിലയുടെ എല്ലാ സ്നേഹിതരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു





പുസ്തകത്തെക്കുറിച്ച്

നാക്കിലയിലും മറ്റ് ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച
56 കവിതകള്‍

സാന്നിധ്യം

വി.ജി.തമ്പി
എം.കെ.ഹരികുമാര്‍
കെ.ആര്‍.ടോണി
ഡോ.എം.കൃഷ്ണന്‍ നമ്പൂതിരി
ഡോ. മഹേഷ് മംഗലത്ത്
ശൈലന്‍
അജീഷ് ദാസന്‍
സുധീഷ് കോട്ടേമ്പ്രം
വിജേഷ് എടക്കുന്നി
എസ്.കലേഷ്
എം.ആര്‍.വിബിന്‍
വിഷ്ണുപ്രസാദ്
ഷാജി അമ്പലത്ത്
ശ്രീകുമാര്‍ കരിയാട്

Saturday, October 30, 2010

പറപ്പ്


ശരിയ്ക്കുമൊരു പക്ഷി
യെങ്ങനെയാണു
പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?

ഇരുന്ന കൊമ്പില്‍നിന്ന്
മുന്നോട്ടൊരായലുണ്ട്
ആയലിനൊരു
കുതിപ്പുണ്ട്
കുതിപ്പിനൊരു താളമുണ്ട്
താളത്തിനൊരു തരിപ്പുണ്ട്

അതിറങ്ങിച്ചെല്ലും
ഇലഞരമ്പിലൂടെ
ചില്ലഞരമ്പിലൂടെ
തടിയിലൂടെ
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്‍

എന്നാല്‍ പക്ഷിയോ
ആയത്തിലുള്ള കുതിയ്ക്കലില്‍
പ്രപഞ്ചത്തിന്റെ
അതിരോളം ചെല്ലാനുള്ള
കൗതുകമൊളിപ്പിച്ച്
ഞാനൊന്നും
കണ്ടില്ലേ
കേട്ടില്ലേ
യെന്നു കൂവി
മറ്റൊരു ചില്ലയില്‍
ചെന്നിരിപ്പാണ്

അതിനെയവിടെ നിന്നു
പറത്തിവിട്ട്
അവിടന്നുമവിടന്നും
പറത്തിവിട്ട്
രസിയ്ക്കുകയാണ്
ഞാനൊന്നും
കണ്ടില്ലേ കേട്ടില്ലേ
യെന്നൊരു പറപ്പ് !

Monday, October 25, 2010

മാർക്കറ്റ്‌


ബസ്സ്റ്റോപ്പിനു സമീപത്തുള്ള
ചോരയുണങ്ങാത്ത മാർക്കറ്റിലേക്കു
കടന്നു ചെല്ലുമ്പോഴേക്കും
ചുറ്റുപാടും വിളികളാണ്‌
തൂക്കിയിട്ട
തുടകൾക്കിടയിൽ നിന്ന്‌
കറുത്തുമെലിഞ്ഞ
രൂപങ്ങളെഴുന്നു വരും
അറുത്തുവെച്ച തലകളിൽ നിന്ന്‌
കൂർത്തനോട്ടങ്ങൾ
തുളയ്ക്കാതിരിക്കാൻ ഭയന്ന്‌
താഴേക്കു നോക്കിയില്ല
തൊലിയുരിക്കപ്പെട്ട
മാംസപിണ്ഡങ്ങൾ
`എത്രവേണ`മെന്ന
പരിഹാസച്ചുവപ്പോടെ
തൂക്കിമുറിച്ചൊരു
ചോരക്കഷണവുമായിറങ്ങിപ്പോരുമ്പോൾ
ഉടലില്ലാതെ മുക്രയിടുമൊരു കൊമ്പിൽ
കോർത്തുപിടയുന്ന
വിറയൽ !

Sunday, October 17, 2010

പാളത്തൊപ്പിയും വെച്ച്


പാളത്തൊപ്പിയും തലയില്‍ വെച്ച്
പോണ കൃഷിക്കാരാ
മണ്ണായമണ്ണൊക്കെ
യുണങ്ങിപ്പോയല്ലോ
മരമായ മരമൊക്കെ
കരിഞ്ഞും പോയല്ലോ
നീരായ നീരൊക്കെ
വറ്റിപ്പോയല്ലോ
ഇനിയും നീയിതൊന്നുമറിഞ്ഞില്ലേ?

കിള കിള കിള കിളയെന്നായത്തില്‍
പാടങ്ങളും പാറക്കെട്ടുകളും കിളച്ചുമറിച്ച്
എല്ലുനുറുങ്ങി നീയിരിക്കുമ്പോള്‍
മരുഭൂമിയില്‍പ്പോലും വരാറുള്ള കാറ്റ്
നിന്നെ തണുപ്പിക്കാന്‍ വരില്ലെന്നറിയുക
മരുപ്പച്ചപോലും
നിനക്കോര്‍ക്കാനുണ്ടാവില്ലെന്നറിയുക

2

പാളത്തൊപ്പിയും വെച്ച്
പോണ കൃഷിക്കാരന്‍ പറഞ്ഞു
എന്റെ കണ്ണിലൊരുറവയുണ്ടല്ലോ
ഈ ഭൂമിമുഴുവന്‍
നനയ്ക്കാനതു മതിയല്ലോ
ഇവിടം മുഴുവന്‍
പച്ചമൂടുന്നത്
നീ വന്നുകാണണം

അന്നേരമീയിരിപ്പിരിക്കാതെ
പച്ചയെക്കുറിച്ചൊരു
കവിതയെഴുതണം.

വിനോദം



തുരന്നു
നോക്കിയപ്പോള്‍
ഫോസിലുകളാണ്‌
കിട്ടിയത്‌
ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍
ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു
ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്‌
മജ്ജയും
മാംസവുമൊട്ടിച്ച്‌
ജീവന്‍ കൊടുത്ത്‌
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.

(തര്‍ജ്ജനി)

Sunday, October 10, 2010

ആനിമല്‍ പ്ലാനറ്റ്



കെണിവെച്ച്‌
കാത്തിരുന്നവരുടെ
മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്‌
മറഞ്ഞു

അതിന്റെ പുള്ളികൾ
കലമാനുകൾ മേയുന്ന
പുന്നനിരപ്പിൽ
ചിതറിക്കിടന്ന കായ്കളായ്‌

മഞ്ഞ വെയിലിലേക്ക്‌
പാളിയടർന്നു
ഗർജ്ജനം കാറ്റിലേക്ക്‌
കുതറിമാറി
കിതപ്പ്‌ മുളങ്കൂട്ടമുരിച്ചെടുത്തു
ക്രൗര്യമകക്കാടിനടിയിലെ ചതുപ്പ്‌
പതുക്കിയെടുത്തു
നോട്ടം കാട്ടുകിളികൾ
കൊത്തിപ്പറന്നു
നഖങ്ങൾ
നിഴലുകളൊളിപ്പിച്ചു

വെറുതെയിരിക്കുമ്പോൾ
മിന്നിമാഞ്ഞു പോകുന്ന
ചാനൽക്കാഴ്ചയിൽ
കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ !

(Saikatham)

Wednesday, October 6, 2010

മാക്കാച്ചി



പെട്രോമാക്സിന്റെ
ന്‌ലാവെട്ടത്തിൽ
തോളത്തിട്ട ചാക്കുമായ്‌
വയൽവരമ്പിലൂടെ
പോകുന്നതുകാണാം

മഴവെള്ളമെഴുതിയ
പുല്ലുകൾക്കിടയിൽ
പതുങ്ങിയിരിക്കുന്നവയെപ്പിടിച്ച്‌
ചാക്കിലിടും

കതിരിടാറായ നെല്ലിനടിയിലൂടെ
വെള്ളത്തിലേയ്ക്കൂളിയിടും
ഞണ്ടുകൾ

രാവെളിച്ചത്തിലേക്ക്‌
പൊന്തിവന്ന വരാലുകൾ
ഒരു പുളച്ചിലിലപ്രത്യക്ഷമാകും

തെങ്ങുവരമ്പിലെ
അരണ്ട മൂകതയിൽ
കൂമന്റെ മൂളലുറഞ്ഞു പോകും

പൊടുന്നനെയൊരു തവള
പൊത്തിപ്പിടിക്കാനാഞ്ഞ കൈയിൽ
കൊത്തിയതും
കഴായിൽ വീണുടഞ്ഞ്‌
നിലാവു കെട്ടു

പിറ്റേന്ന്‌
തുറിച്ച നോട്ടത്തിൽ
കൊഴുത്തൊരു മാക്കാച്ചിത്തവള
കുളക്കരയിലിരിക്കുന്നതു കണ്ട്‌
കുട്ടികൾ കൂവി വിളിച്ചു
`ദേ സുലൈമാൻ തവള`

(മലയാളനാട് )

Sunday, October 3, 2010

ബൈപാസ്സ്‌


അപ്പുറത്ത്‌
മെയിൻ റോഡാണ്‌
തിരക്കുള്ള പാത
വാഹനങ്ങളുടെ
അതിവേഗതയ്ക്കിടയിലേക്കു
നുഴഞ്ഞുകയറാൻ തന്നെയെന്തൊരു പാടാണ്‌

നിർത്താനോ തിരിച്ചിറങ്ങാനോ
അതിനേക്കാൾ പാട്‌
അതുകൊണ്ട്‌
അതിനു സമാന്തരമായി
ഞാനൊരു പാത നിർമിച്ചിട്ടുണ്ട്‌
വീടുകൾക്കും മരങ്ങൾക്കും
പ്രപഞ്ചത്തിനും മുകളിലൂടെ...

Sunday, September 26, 2010

ഇനിയൊരു...



ഇനിയൊരു മരം നട്ടുവളര്‍ത്തി
യതിന്റെ തഴച്ച തണുപ്പത്തിരുന്ന്
കാറ്റുകൊള്ളണം

ചെടി പിഴുതെടുത്തു വെച്ച്
പൊടിച്ചുവളര്‍ന്ന്
മരമാവും വരെ ആയുസ്സുണ്ടാകുമോ?
ഉണ്ടെങ്കിലന്നനങ്ങാനാവുമോ?
അനങ്ങാനായാലും
നടക്കാനോ കാറ്റുകൊള്ളാനോ മനസ്സുണ്ടാകുമോ?

ഒട്ടുമുറപ്പില്ലാത്ത
ഒന്നിനുവേണ്ടി
കാലാകാലം കാത്തിരിക്കാന്‍
മനുഷ്യനാകുമോ?
ആയാലുമക്കാലത്ത് ഇതേയാഗ്രഹവും
ചിന്തയും വികാരവുമുറഞ്ഞമേഘമായ് നിലനില്‍ക്കുമോ?
ഋതുക്കളോട് പ്രതികരിക്കാത്ത കല്ലുപോലത്തെ
ജീവിതമുണ്ടാവില്ലല്ലോ
ഒരു മനുഷ്യനും

എന്നുവെച്ച്
ഇപ്പോള്‍ തോന്നിയൊരാഗ്രഹം
ഇപ്പോഴെടുത്ത കുഴിയില്‍ത്തന്നെ
കുഴിച്ചുമൂടണോ?

അതിനാല്‍
പഴക്കത്തിന്റെ വേടുകള്‍തൂങ്ങിയൊരു പെരുമരം
വേരുകള്‍ പൊട്ടാതെ പിഴുതെടുത്ത്
മണ്ണുമാന്തി കുഴിയെടുത്തതില്‍ നട്ടു
വെള്ളമൊഴിച്ചതിന്റെ ചുവട്ടിലിരുന്ന്
ഇതുവഴി വന്നിട്ടില്ലാത്തൊരു കാറ്റിനെ
ഗതി തിരിച്ചു വിടുന്നു

ഇനിയൊരു കാടു നട്ടുവളര്‍ത്തി
യതിന്റെയഗാധ ഗഹ്വരങ്ങളിലൊന്നിലിരുന്ന്
ധ്യാനിക്കണം
ത്രികാലജ്ഞാനിയാകണം !

Tuesday, September 21, 2010

തീക്കളി


ഇടയ്ക്കിടെ
മുറിബീഡി മിന്നിച്ചു
കൊണ്ടിതിലേ കടന്നുപോകുന്ന
മിന്നാമിനുങ്ങേ

വയലുകളായ വയലുകളൊക്കെ
യുണക്കപ്പുല്ലു
പുതച്ചുഷ്ണിച്ചുറങ്ങുകയാണ്
അവിടൊന്നും ചെന്നിരിയ്ക്കല്ലേ
തീകൊണ്ടീയേകാന്തത മുഴുവനെരിയ്ക്കല്ലേ !

Saturday, September 18, 2010

കുഴഞ്ഞ്‌

എല്ലാം
കൂടിക്കുഴഞ്ഞു കിടക്കുന്നു

മണ്ണ്‌
വേരുകൾ
ജലം
സസ്യം
മരം
കിളികൾ
മനുഷ്യർ

വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി

അടുക്കിപ്പെറുക്കി വെച്ച്‌
മടുത്ത്‌
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്‌
എന്നാണാവോ ?

Sunday, September 12, 2010

കടവിലൊരന്തിയില്‍


വെളളം
പിന്നോട്ടു പിന്നോട്ടു വലിഞ്ഞു തുടങ്ങിയ
കടവില്‍
രണ്ടുമൂന്നു
കടത്തുവഞ്ചികള്‍
കെട്ടിയിട്ടിരിക്കുന്നു

ചീഞ്ഞ തൊണ്ടുകള്‍
കോര്‍ത്തു കെട്ടിത്താഴ്ത്തിയ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യന്റെ
അഴുകിയ ഗന്ധം

അവിടെ നിന്ന്
അസ്തമയം കണ്ടു
മടങ്ങുമ്പോള്‍
ചവിട്ടേറ്റെന്തോ
പിടഞ്ഞതുപോലെ തോന്നി
ഇരുട്ടു പരന്നതിനാല്‍
ശരിക്കു കണ്ടില്ല

ടോര്‍ച്ചിന്റെ
വെളിച്ചത്തില്‍ കണ്ടു
അന്തിക്കള്ളിന്റെ ലഹരിയില്‍
മാളത്തിലേയ്ക്കിഴയുന്ന
കായലിന്റെ
കറുത്ത ഫണം

Sunday, September 5, 2010

വെള്ളത്തിലൊരു കല്ല്


വെള്ളത്തിലൊരു
കല്ലിടാൻ പോവുകയാണ്‌

വെള്ളത്തിലേയ്ക്കെത്ര പേർ
കല്ലിട്ടിരിക്കുന്നു
കുളങ്ങളെത്ര ജലവൃത്തങ്ങൾ വരച്ചിരിക്കുന്നു
ഞാനുമെത്ര കല്ലിട്ടിരിക്കുന്നു

എന്നാലീക്കല്ല്‌
മുൻപിട്ടിട്ടില്ല
ഇതേ നിൽപും
മുൻപത്തേതല്ല

ഇതേ വേഗത്തി
ലിതേ സമയപരിധിയിലല്ല
മുൻപെറിഞ്ഞിട്ടുള്ളത്‌
തൊട്ടുതെന്നിത്തെറിച്ചു താണതു
മിങ്ങനെയല്ല

എന്നിട്ടുമെന്തേ പറയുന്നു
വെള്ളത്തിലൊരു കല്ലിടുന്നതി
നെന്താണിത്രയെന്ന്‌ ?

ഈ പറയുന്നവർക്കു കഴിയുമോ
ഇപ്പോഴിട്ട ഈ കല്ല്‌
ഇതുപോലെയിടാൻ ?

Saturday, August 28, 2010

ബെല്ലും ബ്രേക്കും

കുട്ടികളങ്ങനെയാണ്
ബെല്ലും ബ്രേക്കുമില്ലാതെ വരും

കൂട്ടബെല്ലടിക്കുമ്പോ
ളൊരു തേനീച്ചക്കൂട്ടമായ് മാറി
യിരമ്പിക്കൊണ്ടു കടന്നുപോകും

നോക്കിനടന്നില്ലെങ്കിലുറപ്പാ
ണൊരു പന്തുവന്ന്
തലയില്‍ കൊള്ളും
പെന്‍സിലസ്ത്രമായ് മാറി
ചീറിയെത്തും

റോക്കറ്റുകള്‍
കണ്ണില്‍ തറയ്ക്കും

ഔട്ടല്ലെന്നു
മൂളിക്കൊണ്ടൊരു
സ്റ്റമ്പു പറന്നു വന്ന്
ചെളി തെറിപ്പിക്കും

പാതകളില്ലാതെ
പോയ കാലത്ത്
കണ്ണുവച്ചെറിഞ്ഞതെല്ലാ
മിന്നു മടക്കിയെറിയുകയാണോ
എത്രയോരം ചേര്‍ന്നു
പോയിട്ടും?

ബെല്ലടിച്ചതു കേട്ടില്ലേ
ബ്രേക്കിട്ടതറിഞ്ഞില്ലേ
കല്ലെറിഞ്ഞ കാലമൊക്കെക്കഴിഞ്ഞു
ഇനിയേറുകൊളളാനുള്ള സമയമാണ്

എത്രയോരം ചേര്‍ന്നു
പോയാലും.

(ബൂലോകകവിത ഓണപ്പതിപ്പ്)

മറവി

എന്തെങ്കിലുമൊന്നു മറക്കും
എന്നും

പേന,വാച്ച്
ചെരിപ്പ്..
രാത്രിമടക്കത്തിന്
നിലാവടിക്കാനുളളത്..
എന്തിന്
കുപ്പായംപോലും മറന്നിട്ട്
ചെവിപൊത്തിയോടിയിട്ടുണ്ട്;

ഇന്ന്
എന്നെത്തന്നെ മറന്നുവച്ച്
യാത്രചെയ്യുന്ന ഞാന്‍.

(ആനുകാലികകവിത ഓണപ്പതിപ്പ്)

Friday, August 13, 2010

കടലേറ്റം


റോഡരികില്‍
വടിവൊത്ത
മീന്‍ശരീരങ്ങള്‍ക്കു മുന്നില്‍ നിന്നു
വിലപേശുമ്പോള്‍
പൊടുന്നനെ
കടല്‍മണം വന്നു
ചുറ്റും പരക്കുന്നു

തിരകളായ്
അടര്‍ന്നടര്‍ന്നു പോകുന്ന
തൊലിയ്ക്കുളളി
ലുറങ്ങാതുറങ്ങു
മാഴക്കടലിന്റെ മണം

അപ്പോഴതാ
ജീവന്‍വച്ച മത്സ്യങ്ങള്‍
കടലാഴത്തിലെന്നവണ്ണം
വായുവിലൂടെ നീന്താന്‍ തുടങ്ങുന്നു

ഭീതിയോ നടുക്കമോ കലര്‍ന്ന്
അവയ്ക്കു പിറകേയോടുന്ന
മീന്‍കാരന്റെ കണ്ണുകള്‍

കടലിനടിയിലാണീ റോഡു
മതിനരികിലെ
മീന്‍കൂടാരവു
മപ്പുറത്തപ്പുറത്തെ
പഴക്കടയും

ഒന്നുമറിയാത്ത പോ
ലിതൊക്കെ നോക്കി
നില്‍ക്കുമെന്റെ
പുറത്തേയ്ക്കു വിടുന്ന
നിശ്വാസമല്ലോ
കുമിളകളായ് മുകളിലേക്കുയരുന്നത്

അവയെവിടെച്ചെന്നു
പൊട്ടുമവിടെയാണെന്റെ
വീടെന്നുമാത്രമിപ്പോളറിയാം.

Monday, August 9, 2010

കുരുത്തം



കണക്കു പിരിയഡില്‍
മുന്‍ബഞ്ചിലിരുന്ന
കുട്ടികളൊരു പുസ്തകം നോക്കിയത്
ടീച്ചറു പിടിച്ചു

കരഞ്ഞു ചുവന്ന
കണ്ണുകളോടെ
യിറങ്ങിപ്പോയതാണ്
കാലുപിടിച്ചു വിളിച്ചിട്ടും
പിന്നെ വന്നില്ല

കണക്കു പിരിയഡില്‍
കപ്പലുകളോടി,
റോക്കറ്റുയര്‍ന്ന്
മുടിക്കെട്ടുകളിലിറങ്ങി

പുസ്തകവുമായ്
പോയ ടീച്ചറെ
പിന്നില്‍ നിന്നു
ചിരിച്ചോടിച്ചൊരു കൂട്ടുകാരനെ,
വര്‍ഷങ്ങള്‍ക്കു ശേഷം
വഴിയില്‍വച്ചു കണ്ടു

ചൂരലേറ്റപോലവന്റെ
മുഖത്ത്
തെറ്റിയ കണക്കുകളുടെ
തെളിനിഴല്‍പ്പാടുകള്‍

Friday, July 30, 2010

പെട്ടിക്കടക്കാരന്‍



മകളെ കെട്ടിയ്ക്കാന്‍
പെട്ടിക്കട തുടങ്ങിയയാള്‍
പെട്ടിക്കടയ്ക്കുളളില്‍
ത്തന്നെയൊടുങ്ങി

കോശങ്ങളഴുകുന്ന
ദുസ്സഹഗന്ധമാണ്
പെട്ടിക്കടക്കാരനെക്കുറിച്ച്
നാട്ടുകാരോടു പറഞ്ഞത്

മോളൊരുത്തന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നുവച്ചീക്കടുംകൈ
ചെയ്യണമായിരുന്നോ?

അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി

പെട്ടിക്കട വിറ്റൊരാടിനെ
വാങ്ങിയിരുന്നെങ്കിലിപ്പോ
ളൊരു കൂട്ടമായ്
താഴ്വരയില്‍ പോകാമായിരുന്നു
അതിലൊന്നിനെയറുത്ത്
അന്നവള്‍ക്കു
വിരുന്നൊരുക്കാമായിരുന്നു

ചരിത്രത്തിലിങ്ങനെയൊക്കെയേ
ഇടം പിടിയ്ക്കാനാവൂ

ഇതൊന്നും
മനസ്സിലാക്കാതെ...

Thursday, July 8, 2010

ഇന്നു വൈകുന്നേരത്തെ മഴയില്‍

ഇന്നു വൈകുന്നരം പെയ്ത
മഴയില്‍
കൊമ്പൊടിഞ്ഞു വീണ
മാവില്‍ നിന്നു
ചിതറിയ മാങ്ങകള്‍
പെറുക്കുകയാണമ്മ

ആകെയുള്ളൊരു മൂവാണ്ടന്റെ
ആകെയുള്ളൊരു കൊമ്പായിരുന്നു
എന്നിടയ്ക്കിടയ്ക്ക്
മഴയോടെന്നപോലെ
മങ്ങിമങ്ങിപ്പോകുന്ന
മിന്നലുകളോടെന്ന പോലെ
കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
പറയുന്നുണ്ടമ്മ

പെറുക്കിവച്ച മാങ്ങകള്‍
അച്ചാറോ
മീന്‍കറിയിലെ പുളിപ്പോ
ചമ്മന്തിയിലെ രുചിപ്പോ
ആവുന്നതിനെക്കുറിച്ചു
പേടിച്ചു പേടിച്ചു കരയുമ്പോളതാ
മാങ്ങകളൊക്കെയുമാകാശത്തു
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ

പാകമാകാതെ
പഴുത്തു വീണ
മാമ്പഴത്തിന്റെ മണമായിരിക്കും
ഇന്നു രാത്രി മുഴുവന്‍ !

(ആനുകാലികകവിത)

Monday, June 14, 2010

ഹും !



ബലൂണ്‍
വീര്‍പ്പിച്ചു
വീര്‍പ്പിച്ച്
മുറുക്കെ
കെട്ടിവയ്ക്കുന്നു
അതിനുളളിലെ വായു
ശ്വാസം മുട്ടി
ച്ചാവട്ടെ!

Monday, June 7, 2010

ദൈവത്തിനും വേണ്ടാത്ത വാക്ക്




ശരിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ

കൈയ്യിലിരുന്നൊരു
ചില്ലറത്തുട്ട്
അവര്‍ക്കുനേരെ നീട്ടി
ക്കൊണ്ടുറക്കെപ്പറഞ്ഞു
പോ...പോ...
കുട്ടികളുമുറക്കെച്ചിരിച്ചു പറഞ്ഞു

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.

(പുതുകവിത)

Tuesday, May 25, 2010

യുറീക്ക




കടിയ്ക്കാന്‍ വന്നത്
എന്തിനെന്ന്
മറന്നു പോയൊരു
അരണ
മറവിയിലേക്കു തന്നെ
തിരിച്ചു പോയി

ഇടയ്ക്കിടയ്ക്ക്
മുകള്‍പ്പരപ്പില്‍ വന്ന്
മിന്നലായ് മറഞ്ഞത്
എത്ര വലവീശിയിട്ടും
കുരുങ്ങിയില്ല
പരീക്ഷാ ഹാളില്‍

അതൊരു തിരിച്ചറിവായിരുന്നു
മൂന്നാം കൊല്ലവും തോറ്റിരുന്ന
ബഞ്ചില്‍
കോമ്പസ്സുകൊണ്ട്
തെങ്ങുകയറ്റക്കാരന്‍ ഗോപാലന്റെ
ചിത്രം വരച്ചത്

തെങ്ങിന്റെ മണ്ടയിലിരുന്ന്
ഒരു നോട്ടം കൊണ്ട്
മൂപ്പുമിളപ്പും തിരിയ്ക്കുമ്പോള്‍
അവിശ്വസനീയം പോലെ
കണ്ടു കിട്ടി
മൂന്നാം ക്ലാസ്സില്‍ മറന്നു വച്ചൊരു
മയില്‍പ്പീലി

മുടികെട്ടി വച്ച
കോഞ്ഞാട്ടയ്ക്കു മുകളില്‍
തിരുകി വച്ചിരിക്കുന്നു

നഗ്നനായിരുന്നില്ല
കുളിത്തൊട്ടിയിലായിരുന്നില്ല
തേടിയലഞ്ഞൊരുത്തരത്തിന്റെ
തോന്നലുമായിരുന്നില്ല
എന്നിട്ടും
കൂവിവിളിച്ചു കൊണ്ട്
എഴുന്നേറ്റോടി

മഞ്ഞവരയ്ക്കുന്ന
തെങ്ങോലകള്‍ക്കു മുകളിലൂടെ
ചിറകു വിരുത്തി!

(Harithakam)

Tuesday, May 18, 2010

കൈത്തണ്ടയിലെ രോമങ്ങള്‍ക്കിടയില്‍

കൈത്തണ്ടയിലെ
രോമങ്ങള്‍ക്കിടയില്‍
ഒരനക്കം

സൂക്ഷിച്ചു നോക്കിയപ്പോള്‍
ഒരുറുമ്പ്
നടന്നു പോകുന്നു

വലിയ മരങ്ങള്‍ക്കിടയില്‍
വഴിതെറ്റി വന്ന
അപരിചിതനെപ്പോലെ
കരിയിലകളില്‍ ചവിട്ടി
ഓര്‍മയുടേയും മറവിയുടേയും
സമാന്തരരേഖകള്‍ക്കു നടുവിലൂടെ

അതറിയുന്നില്ല
ചെറുതില്‍ ചെറുതായ
കാല്‍പ്പാടുപോലും
തിരിച്ചറിയുന്ന ഭൂമിയെ
ആകാശത്തിരുന്ന്
ഓരോ ചലനവും
ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
കണ്ണുകളെ
ഞെരിച്ചമര്‍ത്താന്‍
നീണ്ടു നീണ്ടു വരുന്ന
വിരലുകളെ

Wednesday, May 12, 2010

ഇന്നുമാവളവിലെത്തുമ്പോള്‍


ഇന്നുമാവളവിലെത്തുമ്പോള്‍
സ്കൂട്ടറില്‍ നിന്നും
തെറിച്ചുവീണു മരിച്ചയാളെ
ഓര്‍മവരും

നില്‍പ്പുണ്ടാവുമിപ്പോഴുമവിടെ
അറ്റുപോവുന്നതിനു
തൊട്ടുമുന്‍പുളള
അതേ നോട്ടത്തിലതേ വേഗതയിലതേ
ബോധത്തില്‍

ഇപ്പോഴവിടെയില്ല
തെറിച്ചു വീണപ്പോളയാളുടെ
തലയിടിച്ചു പിളര്‍ത്തിയ
ട്രാക്ടറിന്റെ തുരുമ്പു ചക്രങ്ങള്‍

മഴവെളള
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറുപൊട്ടിയ ചെരിപ്പുകള്‍

ഇനിയൊരുപക്ഷേയാ ചെരിപ്പിട്ടയാള്‍
പോയിരിക്കുമോ
സ്നേഹിച്ചിരുന്നവരുടെ
മറവിയിലേക്ക് ?

എന്നാല്‍
അതേ ചെരിപ്പിട്ടതേ വേഗത്തി
ലിപ്പോഴുമയാള്‍
നില്‍ക്കുന്നുണ്ടവിടെ

റോങ് സൈഡ് വന്നത്
താനല്ലായിരുന്നുവെന്ന്
കൊലവിളിച്ചു കടന്നുപോയ
മണല്‍ലോറിയെച്ചൂണ്ടി

Thursday, February 11, 2010

ജലസസ്യങ്ങള്‍

എപ്പോള്‍ വേണമെങ്കിലും
മുങ്ങിപ്പോയേക്കാവുന്നൊരു
തുരുത്തിലാണ്
നമ്മുടെ ജീവിതം

ചുറ്റുമുളള മരങ്ങളി
ലിളംകാറ്റു പരക്കുമ്പോഴു
മവയുടെ
വേരുകള്‍ക്കിടയില്‍
പടരുന്നുണ്ട്
ജലവിരലുകള്‍

എപ്പോള്‍ വേണമെങ്കിലും
കടപുഴകിയേക്കാവുന്നൊ
രോര്‍മയുടെ
വൃക്ഷത്തിനു കീഴെയാണ്
നമ്മളിപ്പോള്‍

വെയില്‍
ഇടയ്ക്കിടെ വന്നു
നമ്മുടെ കവിളുകളിലും
കണ്ണരികുകളിലും
പുളളികളിട്ടു മായുന്നുണ്ട്

അതു നമ്മളിലൊരു
വരുംകാല സ്വപ്നത്തിന്റെ
കുമിളകളാവുന്നുമുണ്ട്

ചെറുചിരികളും
കരച്ചുലും കൊണ്ട്
വരച്ചു വയ്ക്കുന്നൊരു മണ്‍ചിത്ര
മല്ലാതെ
മറ്റെന്താണ് ജീവിതമെന്ന്
പറഞ്ഞു പോകാമെങ്കിലും
കൈപ്പിടിയില്‍ നിന്നൂര്‍ന്നു
പോയതൊഴിച്ചാലും
ബാക്കിയാവുന്ന
ചിലത്
ഒരു പക്ഷേ,
സ്നേഹം കൊണ്ടുമാത്ര
മറിയാനാവുന്ന ചിലത്

അതിന്റെ
നേര്‍ത്ത നേര്‍ത്ത
മുടിയിഴകള്‍ പോലുളള
നൂലിഴകളില്‍പ്പിടിച്ച്
ചിറകുകളില്ലാതെ
നാം പറക്കുകയാണല്ലോ

ഇപ്പോള്‍ വേണമെങ്കിലു
മവസാനിച്ചേക്കുന്ന
ഈ ജീവിതത്തില്‍
നമുക്കു മാത്രമായ്
നാം പണിതൊരീ തുരുത്തു മുഴുവന്‍
മുങ്ങിപ്പോയാലു
മതിനും മുകളിലേക്കിലകള്‍
നീട്ടുന്ന ജലസസ്യങ്ങളായ്
നീയും ഞാനുമവശേഷിക്കില്ലെന്ന്
ദൈവത്തിനു പോലും
പറയാനാവില്ലല്ലോ

Sunday, January 31, 2010

ജൈവം

പൊതിഞ്ഞു വച്ചിരിക്കുന്നു
അടുക്കടുക്കായി
മരങ്ങളുടെ ശവങ്ങള്‍

രാവെട്ടത്തില്‍
വേരുകള്‍ പിഴുതെറിഞ്ഞ്
ചുറ്റും കൂടി നില്‍ക്കുന്നു
ബാക്കിയായവ

ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ

കാണെക്കാണെ
അവയെല്ലാം വേരുകളിലേക്കു തന്നെ
മടങ്ങിപ്പോകുന്നു

പിറ്റേന്ന്
തീപിടിച്ച കാടിനെക്കുറിച്ചു കേട്ട്
കരഞ്ഞുകരഞ്ഞ്
ഞാന്‍ ചിരിച്ചു പോയി

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP