Monday, December 15, 2008

പ്രതികാരം



സെക്കന്റ് ഷോ
കഴിഞ്ഞ ഇരുട്ടില്‍
വീടിനടുത്തുളള വളവില്‍ വെച്ച്
മതിലിനു പിന്നില്‍ നിന്നും
പൊന്തക്കാട്ടില്‍ നിന്നും
മരക്കൊമ്പില്‍ നിന്നെല്ലാം
ചാടി വീണു
കുറേ വാളുകള്‍

ഭാര്യ പ്രസവിച്ചു കിടക്കുകയാണ്
അമ്മയ്ക്ക്
മരുന്നു വാങ്ങണം
പറഞ്ഞതിന്റെ
പാതിയെങ്കിലും കൊടുത്ത്
പെങ്ങളേം കുട്ടികളേം
തിരിച്ചു കൊണ്ടാക്കണം

എന്നൊക്കെ
പറയണമെന്നുണ്ടായിരുന്നു
കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും

ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്‍ വച്ചും
കുളക്കടവില്‍ വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്‍
അവരെല്ലാം
പറയാന്‍ തുനിഞ്ഞതും?

Sunday, November 30, 2008

വീട്



ഉ‍ണ്ടാവും ഒരാള്‍
മണ്ണിനുളളില്‍

ചുളിഞ്ഞ തൊലിയുളള
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
തൊടും കവിളില്‍
വിരലോടിയ്ക്കും
മുടിയിഴകളില്‍
സ്നേഹം കൊണ്ട്
ഉമ്മ വയ്ക്കും
പറഞ്ഞുതരും
പേടി മാറ്റാനൊപ്പം കിടത്തി
ഉറങ്ങും വരെ
സ്വപ്നം പോലുളള കഥകള്‍

ഇളംകാറ്റു പോലെ
നീരുറവ പോലെ
പച്ചയുടെ അവസാനത്തെ ചില്ല പോലെ
നിശ്വാസം പോലെ
ഉണ്ടാവും ഒരാള്‍
കുഞ്ഞുങ്ങള്‍ വരുന്നതും കാത്ത്
മണ്ണിനടിയിലെ
വേലികളും വാതിലുമില്ലാത്ത
വീടിനുളളില്‍

Sunday, November 23, 2008

കടത്തുകാരന്‍




വെയിലില്‍ തിളങ്ങുന്ന
റെയില്‍പ്പാളങ്ങള്‍ക്കപ്പുറത്തായിരുന്നു പുഴ

ഒഴുക്കിലേക്ക്
ചാഞ്ഞുകിടന്ന
ഇല്ലിക്കൂട്ടങ്ങള്‍ക്കരികിലൂടെ
പുഴയിലേക്കുളള വഴി

അവിടെപ്പോഴുമുണ്ടാകും
കടത്തുകാരന്‍

അയാളുടെ വീട്
അടുത്തെവിടെയോ
ആയിരിക്കണം

വള്ളത്തില്‍
വീണുകിടക്കും നിഴല്‍
റാന്തല്‍വിളക്ക്
ചോറ്റുപൊതി
സ്കൂള്‍കുട്ടികള്‍
പുലര്‍ച്ചയ്ക്ക്
നഗരത്തിലേക്കുളള ആദ്യത്തെ ബസ്സു പിടിക്കാന്‍
തിരക്കിട്ടെത്തുന്ന
ജോലിക്കാര്‍
അക്കരെയുളള ഫാക്ടറിയില്‍
പണിക്കുപോകുന്നവര്‍
മഞ്ഞുകുപ്പായമിട്ട
നിശ്ശബ്ദത

എല്ലാറ്റിനും മീതെ
അയാളുടെ പാട്ട്

രാത്രിയില്‍
കരിമ്പടം പുതച്ച്
ഉറങ്ങാതിരിയ്ക്കുമയാളെത്തേടി
തിളങ്ങുന്ന
രണ്ടു കണ്ണുകള്‍!

ഒരിയ്ക്കലയാള്‍
പാളത്തില്‍ കിടന്നുറങ്ങി

പുഴയ്ക്കു മോളിലൂടെ
പാലം വന്നതു കൊണ്ടാവില്ല
തിളങ്ങുന്ന രണ്ടുകണ്ണുകള്‍
ഇനിയൊരിക്കലും തേടിവരില്ലെന്ന
തിരിച്ചറിവാകണം

മണല്‍ക്കരയില്‍
അനാഥജഡം പോലെ
അയാളുടെ വളളം
കുറേനാള്‍ കിടന്നു

പിന്നീടതും...

Thursday, November 20, 2008

ജനല്‍പ്പുറം ( മാതൃഭുമി ആഴ്ചപ്പതിപ്പ് 2003 ജൂലൈ )


നല്‍പ്പുറം ചാഞ്ഞ
മരചില്ലയ്ക്കിട-
യ്ക്കവിടവിടയായ്
വിദൂരമാകാശം
വെളുത്ത പൂക്കളാല്‍
വിരിച്ച തല്പമായ്
അകന്നകന്നുപോം
സുതാര്യമേഘങ്ങള്‍

ജനല്‍പ്പുറം വെയില്‍
മരിച്ച സന്ധ്യ ,പാ
ഴിരുള്‍ത്തടങ്ങളില്‍
തണുപ്പ് ,മൂകമാ
മിരുളകങ്ങളില്‍
വിരഹമായ് ,വനാ
ന്തരങ്ങളിലെങ്ങോ
നിശാക്കിളി നാദം
നിലാവു മൂടിയോ
രിലകള്‍ തന്നിടയ്
ക്കെവിടെയോ പൂവിന്‍
കിനാവുണര്‍ച്ചകള്‍

ജനലകമുറ
ഞ്ഞിടുമേകാന്തത
മുറിഞ്ഞ വാക്കിന്റെ
നിലവിളിയോച്ച
മുഷിഞ്ഞ മൌനങ്ങള്‍
വരള്‍പ്രതീക്ഷകള്‍ ...

ജനല്‍ പിളര്‍ക്കുവാന്‍
ഇരുട്ടിനുള്ളിലേ-
യ്ക്കലിയുവാന്‍ മോഹം
മിടിക്കും ഹൃത്തുമായ്
അനാഥമീ ജന്മം
ജനല്‍പ്പുറം നോക്കി ...

Sunday, November 16, 2008

ആര്‍ക്കും വേണ്ടാത്തവ


കെട്ടഴിഞ്ഞപ്പോള്‍
ഓറഞ്ചുവണ്ടിപോലെ
വാക്കുകളൊന്നിച്ച്
ഉരുണ്ടുവീണു

ഓടിക്കൂടിയവര്‍
ഓരോന്നായ് കൈക്കലാക്കി
ചിലര്‍
വാരിനിറച്ചു
എല്ലാരും പോയപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും മണ്ണില്‍ക്കിടന്നു
അവയാണ്
അടുത്ത മഴയില്‍
മുളച്ചുപൊന്തുക
അവയിലാവും
രുചിഭേദങ്ങള്‍ കവിതകളാവുക

Sunday, November 2, 2008

അമ്മ പറയുമ്പോള്‍


റഞ്ഞുകൊണ്ടിരിക്കുന്നു
അമ്മ
മുളകുചെടികളോട്
അലക്കുകല്ലിനോട്
കലപില കൂട്ടുന്ന കരിപ്പാത്രങ്ങളോട്
ചിലപ്പോള്‍ ശാസനയുടെ സ്വരത്തില്‍
ചിലപ്പോള്‍
നിശ്ശബ്ദതയുടെ ഭാഷയില്‍

സ്നേഹത്തോടെ
അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍
അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു
കിളിക്കൂട്ടം പോലെ
ചിറകിനിടയില്‍ ചേക്കേറുന്നു

വെളുപ്പിന്
കാക്കകളോട്
ബഹളം വയ്ക്കുന്നതു കേള്‍ക്കാം
ബാക്കി വന്ന അപ്പം
ഒറ്റയ്ക്കു കൊത്തികൊണ്ടു പോയ
ഒറ്റക്കണ്ണനോട് ദേഷ്യപ്പെടുകയാവും

പറഞ്ഞു പറഞ്ഞ്
മടുത്തിട്ടെന്ന പോലെ
പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ
ചിലപ്പോള്‍ അമ്മ
ഒന്നും മിണ്ടാതിരിക്കും, കുറേ ദിവസം

മുളകുചെടികള്‍
ആദ്യത്തെ പൂവിടര്‍ത്തിയ വഴുതന
ചാരം തൂര്‍ന്ന അടുപ്പ്
വിറകുപുരയ്ക്കു പിന്നിലെ
കറിവേപ്പില മരം
ചെവിയോര്‍ത്തിരിക്കുന്നതു കാണാം

ജനല്‍ച്ചില്ലില്‍
ഒന്നു രണ്ടു തവണ ചിറകടിച്ച്
ഒറ്റക്കണ്ണന്‍ മരക്കൊമ്പത്തിരിപ്പുണ്ടാകും
അമ്മ വന്നില്ലല്ലോ
അടുക്കളവാതില്‍ തുറന്നില്ലല്ലോ
ഒന്നും പറഞ്ഞില്ലല്ലോ

അമ്മ പറഞ്ഞുതുടങ്ങും വരെ
അവയും
മിണ്ടാതിരിക്കും

Thursday, October 30, 2008

പെണ്‍കുട്ടി


പൂ വരച്ച ബാഗില്‍
ഒരു പെണ്‍കുട്ടിയുടെ
മനസ്സുണ്ട്
ആരും കാണാതെ
അവളൊളിപ്പിച്ച
സ്വപ്നങ്ങളുണ്ട്
നോട്ടുബുക്കിനിടയില്‍
അരികുകീറിയ
ഒരു ഗ്രീറ്റിങ് കാര്‍ഡുണ്ട്
ചതഞ്ഞു പതിഞ്ഞ്
തിരിച്ചറിയാനാവാത്ത
അക്ഷരങ്ങള്‍ പോലുളള
മുല്ലപ്പൂക്കളും

അവളെപ്പോഴും
ഓര്‍ത്തെടുക്കുന്നത്
നിറമടര്‍ന്ന ഒരു തൂവാല
നനഞ്ഞ മൗനത്തില്‍
പൂകൊഴിഞ്ഞ വഴിയില്‍
നോക്കി നില്ക്കുന്ന
പെണ്‍കുട്ടി!

Tuesday, October 7, 2008

വെള്ളാരങ്കല്ല്


മിനുസമുള്ള
ഒരു വെള്ളാരങ്കല്ലുണ്ടായിരുന്നു
നിന്റെ കൈയ്യില്‍

കവിളില്‍ ചേര്‍ത്തു വച്ചാല്‍
തണുപ്പു തൊടുന്നത്

വെയില്‍ പടര്‍ന്ന
ഇല പോലെ നിന്റെ മനസ്സ്
പൊളളുമ്പോഴും
പൊട്ടിച്ചിരിച്ച്

നീയൊളിപ്പിച്ചു വച്ച
കൗതുകങ്ങള്‍
മഴയില്‍ കുതിര്‍ന്ന വിഷാദങ്ങള്‍
ആരുമറിയാത്ത സ്വപ്നങ്ങള്‍
കൈക്കുളളില്‍
വെളുത്ത മൗനത്തില്‍

അനങ്ങാതിരിക്കാനറിയാത്ത
ആ വിരലുകളെ
ഞാന്‍ ചേര്‍ത്തുപിടിയ്ക്കാനാഗ്രഹിച്ചു
പൂമ്പൊടി കൊണ്ട്
കവിളില്‍ തൊടാനും

നോക്കാനെന്ന പോലെ
ഞാനതു വാങ്ങി
കിളിമുട്ട പോലുളളത്
കുറേ ചോദിച്ചിട്ടും
കണ്ണീരില്‍ പിണങ്ങിയിട്ടും
തിരിച്ചു കൊടുത്തില്ല

പിന്നൊരിയ്ക്കല്‍
നിന്റെ കൈക്കുളളില്‍ വച്ചെങ്കിലും
അതെനിക്കെന്ന്
ആ കണ്ണുകളിലെ
തിളക്കം
(സുശിഖം മാസിക)

Wednesday, October 1, 2008

സാക്ഷി


കൃത്യം നടത്തിയതിനു ശേഷം
സാക്ഷികളാരുമില്ലെന്ന്
ഉറപ്പു വരുത്താന്‍
ചുറ്റും കണ്ണോടിച്ചു

അപ്പോഴുണ്ട്
വക്കില്‍ ചോരപുരണ്ടൊരു
മേശ
ഭയന്നു വിറച്ച്
മുറിയുടെ മൂലയില്‍
പതുങ്ങുന്നു
ബലപ്രയോഗത്തിനിടയില്‍
ചവിട്ടേറ്റു വീണൊരു കസേര
നിലത്തിഴഞ്ഞ്
തലയുയര്‍ത്തുന്നു
ടേബിള്‍ ലാമ്പിന്റെ
മങ്ങിയ മഞ്ഞ
ചുവരില്‍ പടര്‍ത്തിയ
നിഴലിന്റെ വിളളലുകള്‍ക്കിടയില്‍
നാവു കടിച്ചുപിടിച്ചൊരു പല്ലി
അപ്പോഴും
കിതപ്പടങ്ങാത്ത നെഞ്ചുപോലെ ഫാന്‍
ചോരത്തുളളികള്‍ തെറിച്ച മുഖം പോലെ
നിലവിളിക്കാന്‍ മറന്ന
പുസ്തകം
കണ്ണിറുക്കിപ്പിടിച്ച്
അതിനരികിലൊരു പേന
...................................
സാക്ഷികളില്ലാതാക്കാന്‍
മുറി മുഴുവന്‍ ചുട്ടെരിച്ച്
പുറത്തു കടന്നപ്പോള്‍
കൈകളിലിരുന്ന്
വിറയ്ക്കുന്നു
കണ്ണുകലങ്ങിയ
കഠാര

എപ്പോഴും അവശേഷിക്കാറുളള
ഒരേയൊരു
സാക്ഷി!

എട്ടുകാലി


ഴുത്ത ഓറഞ്ചുപോലെ
ആകാശചില്ലയില്‍
ഉദിച്ചുയരുന്ന
സൂര്യന്‍
എന്റെ വലക്കണ്ണികള്‍
തിളക്കുന്നു
വിശപ്പിന്റെ
കനലെറിഞ്ഞ്
ഇരപിടിക്കേണ്ടതിന്റെ
ആവശ്യകതയെ
ബോധ്യപ്പെടുത്തുന്നു

Friday, September 26, 2008

കൊളാഷ്

നിലവിളികള്‍ക്കിടയില്‍
ഒരു മുഖം
ഹൃദയത്തില്‍ തറച്ചുകയറി
നിര്‍ദ്ദയത്വത്തിനു മുന്നില്‍
ജീവിതത്തിന്റെ
പകച്ച നോട്ടമായ്
ഇരു സമുദ്രങ്ങള്‍ക്കിടയില്‍
പ്രതീക്ഷകളും സ്വപ്നങ്ങളും
നഷ്ടപ്പെട്ടതിന്റെ
തിരിച്ചറിവായ്
തണുത്തുറഞ്ഞ വിലാപമായ്
മണലും ചോരയും
കട്ടപിടിച്ച മുടിയിഴകള്‍ക്കിടയിലൂടെ

2

വള്‍ക്കറിയേണ്ട
ഒന്നും
ജീവിതത്തിന്റെ വിയര്‍പ്പും
വേദനയും
അതില്‍ നിന്നു പൊടിയുന്ന
ചിരിയുടെ പൂമൊട്ടുകളും

ഉടല്‍
യൗവ്വനത്തിന്റെ
പൂമരമാവുമ്പോഴും
മനസ്സാരാണ് തളച്ചിട്ടത്
ബാല്യത്തിന്റെ
മതില്‍ക്കെട്ടിനുളളില്‍

മഞ്ചാടിക്കുരുവും
മയില്‍പ്പീലിയും മാത്രമല്ല
വിധിയവള്‍ക്കു നല്‍കിയത്
പൊട്ടുതൊടീക്കാനും
കണ്ണെഴുതിക്കാനും
പുതിയ ഉടുപ്പണിയിക്കാനും
ജീവനുളള
ഒരു പാവക്കുട്ടിയെയും

3

മഴക്കാലം കഴിയുമ്പോള്‍
വെയില്‍
പുതിയ പൂക്കള്‍ വിരിയിക്കുമ്പോള്‍
നമ്മളുണ്ടാവുമോ
ഇവിടെ?

ഒരു പക്ഷേ
നിറഞ്ഞുകവിഞ്ഞ ഒരോര്‍മയില്‍
ഒലിച്ചുപോയിട്ടുണ്ടാവാം
അല്ലെങ്കില്‍ പൊളളുന്ന ഒരു സ്വപ്നത്തില്‍
തണുത്തു വിറങ്ങലിച്ചിരിക്കാം

അതൊന്നുമല്ലെങ്കില്‍
മഴ കഴുകിക്കളഞ്ഞിരിക്കാം
മരണകാലത്തിലൂടെ
ഓടുന്ന ചക്രങ്ങളില്‍ നിന്ന്
റോഡിലേക്കൊലിച്ച രക്തം

4

രിക്കുന്ന സമയത്ത്
നനഞ്ഞ തുണി കീറുന്നതുപോലൊരു
ശബ്ദമുണ്ടാവും
മരിക്കുന്നവനല്ലാതെ മറ്റാര്‍ക്കുമത്
കേള്‍ക്കാനാവില്ല

ഒരിക്കലും
തുന്നിച്ചേര്‍ക്കാനാവാത്ത വിധം
മനസ്സ് കീറിയെടുക്കുകയാവും
പ്രദര്‍ശനശാലയിലേക്ക്
പുതിയൊരു കൊളാഷ് കൂടി
നിര്‍മിക്കാന്‍

Wednesday, September 24, 2008

എഴുതി വച്ചത്

കിട്ടില്ലെന്ന്
ഉറപ്പായിരുന്നു
അതുകൊണ്ട്
പുളിക്കുമെന്നു പറഞ്ഞു

എന്നാല്‍
അത് മുന്തിരിങ്ങയായിരുന്നില്ലെന്ന്
പിറ്റേന്ന്
ഉറുമ്പരിക്കുന്ന
രണ്ടു കണ്ണുകള്‍

എന്റെ കയ്യിലപ്പോള്‍
തുടുത്തൊരു
മധുരനാരങ്ങയുണ്ടായിരുന്നു
അതില്‍
എന്റെ പേരെഴുതിവച്ചിരുന്നു
ദൈവം

Tuesday, September 23, 2008

കണ്ണാടി

പുഴയില്‍ ആകാശം
പ്രതിബിംബിക്കുമായിരിക്കാം
പുഴയില്‍ മേഘങ്ങള്‍
സഞ്ചരിക്കുമായിരിക്കാം
പുഴയിലൊരിക്കലും
ആകാശം‍ നിറയില്ല
മഴയിലൂടെപ്പോലും
ഇറങ്ങി വരില്ല
പുഴയൊരു
കണ്ണാടി
മാത്രമാണ്!

Thursday, September 18, 2008

പരിമിതം

കാണാനുളള
തിടുക്കം കൊണ്ടായിരിക്കാം
കുറേ കാഴ്ചകള്‍
ഞാന്‍ കാണാതെ പോകുന്നുണ്ട്

കേള്‍ക്കാനുളള
തിടുക്കം കൊണ്ടായിരിക്കാം
മുഴുവന്‍ കേള്‍ക്കാത്തതാണ്
പാട്ടുകളേറെയും

എഴുതാനുളള
തിടുക്കം കൊണ്ടായിരിക്കാം
എഴുതപ്പെടാത്തതാണ് ഭാവങ്ങളധികവും

അനുവദിക്കപ്പെട്ടിട്ടുളളത്
പരിമിതമായ നിമിഷങ്ങളാണ്
ഒരു കുമ്പിള്‍
തണുപ്പുകൊണ്ട്
തീരുന്ന ദാഹമല്ല
എന്റേത്

Tuesday, September 16, 2008

വാര്‍ത്താചിത്രം


ഖംകൊണ്ടു കീറിയ
പൂവിതള്‍ പോല്‍ മുഖം
കീറിപ്പറിഞ്ഞോരുടുപ്പ്
ആകെ നിണം പുര
ണ്ടുള്ളോരുടല്‍ നന
വാര്‍ന്നു കുതിര്‍ന്ന കണ്‍പീലി
ചോരപൊടിയുന്ന
ചുണ്ടുകള്‍, പൊട്ടിയ
കുപ്പിവളക്കഷണങ്ങള്‍

നിശ്ശബ്ദഭീതമാ
മീനിമിഷത്തിനി
ന്നുത്തരം ചൊല്ലുവാനാരോ
(ഇന്ന് മാസിക)

പേറ്റന്റ്


നത്തില്‍
വീണുകിടന്നൊരു
മരത്തെ
മഞ്ഞും മഴയും
ശില്പമാക്കുന്നു

അതു വഴിവന്ന
നായാട്ടുകാരനോ
ഒളിവിലിരിക്കാന്‍ വന്ന
കൊലപാതകിയ്ക്കോ
അഭയം തിരഞ്ഞുനടന്ന
കവിയ്ക്കോ
അതിനോടൊരു
കൗതുകം തോന്നാം

ആകാശത്തു നിന്നുവന്ന
ബലിഷ്ഠമായ
രണ്ടു കരങ്ങള്‍
അപ്പോഴേക്കും
അതിനെയെടുത്ത്
മറഞ്ഞിരിക്കും
അവരുടെ ചിറകുകളെ
വെട്ടിയരിഞ്ഞു കൊണ്ട്!

എത്രനാള്‍?



നീ
യെന്ന വാക്കില്‍
ഞാനുളളതു പോലെ
ഞാനെന്ന വാക്കില്‍
നീയുളളതുപോലെ
നാമെന്ന വാക്കിലീ
പ്രപഞ്ചമുളളതു പോലെയീ
പ്രപഞ്ചമെന്ന വാക്കില്‍
നാമെത്ര നാളുണ്ടാവും?

സമാനമായ വാക്ക്



മാനമായ വാക്ക്
എളുപ്പത്തില്‍
കണ്ടെത്താനാവില്ല

ഇലകള്‍ക്കിടയിലെ
ഇരുട്ടില്‍
അത് മറഞ്ഞിരിക്കും
മണം പ്രസരിപ്പിച്ചു
കൊണ്ടിരിക്കും

പറയുന്ന
ഓരോ വാക്കിലും
എത്രമാത്രം പൂര്‍ണതയുണ്ട്?
അനുഭവത്തിനു
പകരം വയ്ക്കാന്‍
ഏതു ശബ്ദത്തിനാവും?

മുഴുവന്‍ ശരിയാവില്ലെങ്കിലും
ഏറ്റവും ശരിയായ വാക്കുണ്ട്
എന്തിനും!
സമാനമായ ആ വാക്ക്
കണ്ടെത്തുമ്പോള്‍
അറിയാനാവും
പകരം വയ്ക്കാന്‍
മറ്റൊരു വാക്കില്ല
എന്ന ആഹ്ലാദം!

ജലോപരി

ലത്തിനു മുകളിലെ
മഞ്ഞു കഷണം
അതിന്
ആഴങ്ങളുടെ ഭാഷ
അറിയില്ല

അടിത്തട്ടില്‍
ചരിത്രത്തിന്റെ
താളില്‍
അടയാളപ്പെട്ട
കപ്പലുകളെക്കുറിച്ചറിയില്ല
പരസ്പരം
കൊന്നുംതിന്നുമുളള
ജീവിതത്തെക്കുറിച്ചറിയില്ല
ഉഭയജീവിതത്തിന്റെ
ഉറയ്ക്കാത്ത
ബോധമറിയില്ല

എങ്കിലും
ചലനത്തിന്റെ ഭാഷ
അതിനറിയാം
ഉണ്ടായിട്ടും
ഇല്ലാതായ
കനമില്ലായ്മയുടെ
സ്വത്വത്തെക്കുറിച്ചറിയാം
ഉറഞ്ഞുകൂടിയ
തണുപ്പിന്റെ
പൊളളലറിയാം

ആഴമറിയാത്തതിനാല്‍
ആകാശത്തിന്റെ വേരുകള്‍
കണ്ടിട്ടില്ലായിരിക്കാം
പ്രതിബിംബങ്ങള്‍ക്കുമുകളില്‍
കമഴ്ന്നുകിടന്ന്
അത് പൊട്ടിച്ചിരിക്കും
പിന്നെ
ദര്‍ശനങ്ങളുടെ മണമില്ലാത്ത
പച്ചയായ
ജീവിതസ്നേഹത്തില്‍ നിന്ന്
'തമസ്സല്ലോ സുഖപ്രദം'
എന്ന്
ഉരുവിട്ടു കൊണ്ടിരിക്കും!

Sunday, September 14, 2008

കരിയിലകള്‍ പൂക്കളാകുന്നത്

വഴി വരുമ്പോഴൊക്കെ
നോക്കാറുണ്ട്
കരിയിലകള്‍ക്കൊപ്പം
നീ തൂങ്ങിനിന്ന
മരം
ഇപ്പോഴതില്‍
നിറയെ ചുവന്നപൂക്കള്‍.
മണ്ണിലും
കുറ്റിച്ചെടികള്‍ക്കു മുകളിലും
കൊഴിഞ്ഞു കൊഴിഞ്ഞു കിടക്കുന്ന
ചെങ്കടല്‍ത്തിര

ഒട്ടും
പേടി തോന്നാത്ത
ഒരിടം
ഭയത്തിന്റെ
നൂലിഴ പൊട്ടിച്ച്
നീ ചിറകടിച്ച
ചില്ല

മരച്ചുവട്ടില്‍,
കിളികളുടെ
പാട്ടുപോലുമുറങ്ങുന്നൊരുച്ചയ്ക്ക്
പോകേണ്ടവിടം പോലും മറന്ന്
നിന്നു
പൂമ്പാറ്റകളായ് പറന്ന
അന്ത്യനിശ്വാസത്തിന്റെ നിമിഷങ്ങള്‍
മറന്നുപോയിട്ടില്ലാത്ത
ശിഖരങ്ങള്‍

കരിയിലകളെല്ലാം
പൂക്കളായി മാറിയ രഹസ്യം
ഇപ്പോഴെനിക്കും
അറിയാം !

പാചകം

തോലുചെത്തി
പിളര്‍ത്തി വച്ചു
ചെറുകഷണങ്ങളാക്കി
കഴുകിയെടുത്തു
ഉപ്പും മുളകും
മണങ്ങളും
തേച്ചു പിടിപ്പിച്ചു
പല നിറങ്ങളില്‍
മുക്കിയെടുത്തു
തിളച്ചെണ്ണയില്‍
വറുത്തുകോരി
അലങ്കരിച്ചു വച്ചു

ഇനി രുചിച്ചോളൂ
പിഴുതെടുത്ത്
ജൈവസ്വത്വം
ചോര്‍ത്തിക്കളഞ്ഞ
ഈ പുതുതലമുറയെ

Saturday, September 13, 2008

ഗോള്‍

ദീതീരത്തെ
മണലില്‍
വീടുവച്ചു കളിച്ചിരുന്ന
കുട്ടികളാണ് കണ്ടത്
മണലില്‍ പൂഴ്ത്തിവച്ചിരുന്ന
സ്റ്റീല്‍ പന്തുകള്‍

ആഹ്ലാദത്തോടെ
കളിച്ചുകൊണ്ടിരിയ്ക്കെ
പിഴച്ചൊരു ഗോള്‍
കാലു പിഴുതെടുത്തു

Friday, September 12, 2008

ആരായിരിക്കാം

മഴയെക്കുറിച്ച്
ആരായിരിക്കാം
ആദ്യമെഴുതിയത്?

ആദ്യത്തെ വാക്ക്
ആ തുളളിത്തണുപ്പില്‍
അയാള്‍
വിറങ്ങലിച്ചിരിക്കാം.

സ്ലേറ്റ്

രു കാലത്ത്
ഇരുട്ടില്‍
കൗതുകം മാത്രമായിരുന്നത്
നട്ടുച്ചയുടെ
വെയില്‍ മുറ്റത്ത്
ഒരിലയനക്കം പോലും
ഉളളിലുണര്‍ത്താതെ
മലര്‍ന്നു കിടന്നു

ഒരിക്കലും
തൊടാന്‍ പോലുമാവില്ലെന്നു
നിനച്ചത്
ഉപയോഗിച്ച പഴക്കത്തില്‍
തേഞ്ഞ്
ഉളളംകൈയില്‍
പതിഞ്ഞു കിടന്നു

പറന്നാല്‍പ്പോലും
എത്താനാവില്ലെന്നു കരുതിയ
ദൂരം
കാല്‍ച്ചുവട്ടില്‍
തണുത്തുറഞ്ഞ മഞ്ഞുപോലെ
നിശ്ചലം കിടന്നു

പെയ്യാനിപ്പോള്‍
ഒന്നുമവശേഷിക്കുന്നില്ല
വരച്ചും മായ്ച്ചും
പൊട്ടിപ്പോയിരിക്കുന്നു
ശൂന്യതയ്ക്കു മുന്‍പ്
ഞാന്‍ സൂക്ഷിച്ചു വച്ച
സ്ലേറ്റ്!

Thursday, September 11, 2008

മിനിയേച്ചര്‍ ഓഫ് എ ട്രീ


മുറിയില്‍ വച്ച
വൃക്ഷത്തിന്റെ മിനിയേച്ചറിന്
ജീവനുണ്ടായിരുന്നു


'ഇത്ര വര്‍ഷങ്ങളുടെ പഴക്കമോ'
എന്ന
കൗതുകത്തിനപ്പുറത്ത്
ആരുമത് കണ്ടില്ല

നനവ് നരയ്ക്കാനതിനെ
അനുവദിച്ചിരുന്നില്ല

ഇലകള്‍
പടര്‍ച്ചയുടെ ആഗ്രഹങ്ങളെ
അടക്കാനാവാതെ
വിറച്ചു കൊണ്ടിരുന്നതും
ചില്ലകള്‍
കുടനിവര്‍ത്തുന്ന മോഹങ്ങളെ,
കിളിക്കാലുകളുടെ
ഇക്കിളിപ്പെടുത്തുന്ന നിനവിനെ
അമര്‍ത്താന്‍ ശ്രമപ്പെടുന്നതും
വേരുകള്‍
ആഴങ്ങളിലെ മണല്‍ത്തരികളെ
തൊട്ടുനോക്കാനാവാതെ
നുഴഞ്ഞിറക്കത്തിന്റെ
ആവിഷ്കാരങ്ങളെക്കുറിച്ചോര്‍ത്ത്
ചുരുളന്‍പാമ്പുകള്‍ പോലെ
വിങ്ങുന്നതും
ആരും അറിഞ്ഞിരുന്നില്ല;
പിളര്‍ക്കപ്പെട്ട
മണ്‍ചട്ടിയില്‍ നിന്ന്
ആകാശമായ്
അത് തഴയ്ക്കും വരെ
നക്ഷത്രങ്ങളെ മുഴുവന്‍
പൂക്കളാക്കും വരെ
ഭൂമി മുഴുവന്‍
തണലാക്കും വരെ
(കലാകൗമുദി ആഴ്ചപ്പതിപ്പ്)

പ്രതി

വന്നിരുന്നു
നാട്ടമ്പലത്തിലെ
ഉത്സവത്തിന്

ചെണ്ടമേളക്കാരുടെ
കൈവേഗങ്ങള്‍ക്കു പിന്നില്‍
തലയെടുപ്പില്‍ നില്‍ക്കുന്നു
കണ്ണില്‍ നിന്ന്
രക്തക്കറ
കഴുകിക്കളഞ്ഞിരിക്കുന്നു
ജാമ്യം കിട്ടിയതോ
ജയിലു ചാടിയതോ
എന്ന സംശയത്തില്‍
എല്ലാവരെയും പോലെ
കണ്ടിട്ടും കാണാത്തവന്റെ
നാട്യത്തില്‍ ഞാനും

ആപ്പിള്‍


വില്പനയ്ക്കു വച്ചതില്‍
ഒരാപ്പിള്‍
മറ്റൊന്നിനോട് പറഞ്ഞു
'എപ്പോള്‍ വേണമെങ്കിലും
നമ്മള്‍ തൂക്കപ്പെടാം
ചുവന്ന ചുണ്ടുകള്‍ക്കിടയില്‍
മുറിയപ്പെടാം!

എനിക്കു നിന്നോട്
സ്നേഹം തോന്നുന്നു
ചത്തവന്റെ പല്ലുകള്‍ പോലുളള
ഈ മരവിച്ച
നിശ്ചലതയിലും

ഇടം

കണ്ടെത്തേണ്ടതുണ്ട്
സുരക്ഷിതമായ
ഒരിടം

ഇന്നത്തെ
രാത്രിയുറങ്ങാന്‍;
എന്നത്തേയുംപോലെ

മരച്ചില്ലകള്‍ക്കു കീഴില്‍
ഇല്ലിക്കാടിന്‍ തണുപ്പില്‍
മഞ്ഞു വീഴിക്കാത്ത
ചേമ്പിലച്ചോട്ടില്‍

നാളത്തെ കാറ്റില്‍
കരുത്തില്ലാത്ത ചിറകു മാത്രമായ്
അവശേഷിക്കാതിരിക്കാന്‍

വാലില്‍പ്പിടിച്ച്
നൂലുകെട്ടാന്‍ വരുന്ന
വിരലുകളെ
കളിപ്പിച്ചുകൊണ്ട്
മറ്റൊരു കുറ്റിച്ചെടിയില്‍
ചെന്നിരിക്കാന്‍

മഴവില്ലിനേക്കാള്‍ ഭംഗിയെന്ന്
കണ്‍പീലികള്‍ തെളിയുന്നത്
കണ്ടിരിക്കാന്‍

കണ്ടെത്തേണ്ടതുണ്ട്
സുരക്ഷിതമായ
ഒരിടം

വിരല്‍


തൊട്ടപ്പോഴാണറിഞ്ഞത്
അതൊരു
വിരലായിരുന്നെന്ന്

എന്തിനൊക്കെയോ
പരതി നടന്ന്
എവിടെയൊക്കെയോ
നുഴഞ്ഞുകയറി

എന്നാലും
ഈ കടല്‍ത്തീരത്ത്
അതെങ്ങനെ വന്നു

ആദ്യം വിരല്‍
പിന്നെ ഉടല്‍
തുടര്‍ച്ചയുള്ളൊരു കവിത
കടലെഴുതുകയാണോ...?

അതിന്റെ തുമ്പില്‍
ചുവന്ന
ഒരു തുളളി മഞ്ഞ്

പല്ലിയെപ്പോലെ
ഉടല്‍ മുറിച്ചിട്ട്
ഓടിപ്പോയതാവും
അക്രമിയെ
ഒരു നിമിഷത്തേക്കെങ്കിലും
അമ്പരപ്പിക്കാന്‍!

കെണി

ഉറക്കത്തിന്റെ
ഇരുണ്ട
ഇടങ്ങളില്‍ നിന്ന്
പതുങ്ങിയെത്തും
മലിനമായ തെരുവുകളിലൂടെ
പരതി നടക്കും
കെണിയാണെന്ന്
ഒരിക്കലുമറിയാതെ
തുറന്നു വച്ചതിലേക്ക്
പതുക്കെക്കയറും
വിശക്കുന്ന കണ്ണില്‍
മിന്നി നില്‍ക്കും
ഒരു നക്ഷത്രം

ഉണരുമ്പോഴാണ്
കെണിയിലാണെന്ന്
ബോധ്യപ്പെടുക

കൂട്ടച്ചിരികള്‍ക്കിടയില്‍
ഒടുവില്‍
തല ചതഞ്ഞ് കിടക്കും
അബോധത്തിന്റെ നാറ്റമുളള
ഒരു സ്വപ്നം കൂടി

തീവണ്ടി



കൂവിക്കൊണ്ട്
അതിരാവിലെ
വിളിച്ചുണര്‍ത്തുന്നു

ചായനീട്ടുമ്പോള്‍
അടുക്കളക്കരി പുരണ്ട
കൈകളില്‍,
വെളുത്തുളളിയുടേയും
സവാളയുടെയും
ഉളുമ്പുളള വിരലുകളില്‍
തേഞ്ഞു തുടങ്ങിയൊരു
മോതിരം കാണുന്നു

പഠിക്കുന്ന കാലത്ത്
കവിതയെഴുതുമായിരുന്നു
പാട്ടു പാടുമായിരുന്നു
പാളങ്ങളില്‍
ഓടാന്‍ തുടങ്ങിയതിനു ശേഷം
ചിരിയോ
നാണമോ
കണ്ടിട്ടില്ല

പാതിയുറക്കത്തില്‍
ഞാന്‍ നിന്റെ
ഞരക്കങ്ങള്‍
മുരള്‍ച്ചകള്‍
കേള്‍ക്കാറുണ്ട്

പുലര്‍ച്ചയ്ക്ക്
ആദ്യത്തെ വെയില്‍ത്തുളളികള്‍
വീണു തുടങ്ങുമ്പോഴേക്കും
നിന്റെ പാത്രത്തില്‍
അരി വെന്തു കഴിഞ്ഞിരിക്കും

നെഞ്ചിലെ തീ
ഊതിയൂതിത്തിളക്കി
പാളം തെറ്റാതെ
നീ...

പാളം തെറ്റിച്ച്
വയലിലൂടെ
പുഴയിറമ്പിലൂടെ
മരങ്ങള്‍ക്കിടയിലൂടെ
കവിതയും പാട്ടുമായ്
നീ ഓടിപ്പോകുന്നതു സ്വപ്നം കണ്ട്
രാത്രികളില്‍
പാളത്തില്‍ തലവച്ചുകിടന്ന്
എത്ര തവണ
ഞാന്‍ മരിച്ചിരിക്കുന്നു

അങ്ങനെ ഇങ്ങനെ

മഴ

വെയില്‍
കാറ്റ്
ഋതുക്കളങ്ങനെ
ചിരി
കരച്ചിലായ്
ജീവിതമിങ്ങനെ

Tuesday, September 9, 2008

അടയിരിക്കുന്ന വീട് ( കവിത )

പറക്കാനാവില്ലെങ്കിലും
വീടിന്
വലിയ ചിറകുകളുണ്ട്
പറമ്പിലൂടെ
ചിക്കിചികഞ്ഞ്
നടക്കാനാഗ്രഹിക്കുന്ന
കാലുകളുണ്ട്
മുളങ്കാട്ടിനുളളില്‍ നിന്നോ
അതിരില്ലാത്ത ഇടങ്ങളില്‍ നിന്നോ
ഇരതേടുന്ന കണ്ണുകളെ
പേടിയുണ്ട്

വെയിലിന്
ചൂടേറുന്ന നേരങ്ങളില്‍
ഇലക്കിളികളുടെ
ഒച്ചകള്‍ക്കും
മരംകൊത്തിയുടെ
മുട്ടലുകള്‍ക്കുമൊപ്പം
ചെവിയോര്‍ക്കുന്നത്
തലയുയര്‍ത്തിപ്പിടിച്ച
ഒരു കൂവലാണ്

വൈകുന്നേരത്ത്
മരക്കൊമ്പില്‍ ചേക്കേറുന്നത്
ഓരോ വീടും
സ്വപ്നം കാണുന്നുണ്ട്

ഉളളറകളില്‍
തേങ്ങലുകളും
ദീര്‍ഘനിശ്വാസങ്ങളും
കിതപ്പുകളും
പ്രതീക്ഷകളും
കരിഞ്ഞമണം കലര്‍ന്ന്
ചുറ്റിത്തിരിയുമ്പോഴാവണം
ഓരോ വീടും
അടയിരിക്കുന്നത്

മ്യൂസിയം(കവിത)പി. എ. അനിഷ്

സന്ദര്‍ശകരുടെ
തിരക്കില്ലാത്ത ദിവസം
മ്യൂസിയത്തില്‍ പോകണം

അപ്പോള്‍
ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍
കൗതുകത്തിന്റെ
സ്ഫടികപാളികളുടെ
നിശ്ശബ്ദതയില്‍
നമ്മോട് സംസാരിക്കും

അറ്റുവീണ
ഓരോ ശിരസ്സിലെയും
മുഖഭാവത്തെക്കുറിച്ച്
തുരുമ്പിച്ച വാളുകള്‍
മൂര്‍ച്ചിക്കും

മുനിയറയുടെ മൗനം
അസ്ഥികൂടത്തിന്റെ ഭാഷയില്‍
പല്ലുകൊഴിഞ്ഞ
കാലത്തെ
കോര്‍ത്തുനിര്‍ത്തും

കുടക്കല്ലിനടിയില്‍
പാരമ്പര്യത്തിന്റെ
ദ്രവിച്ച വലയ്ക്കു പിന്നില്‍
ഇരകാത്തിരിക്കുന്ന
എട്ടുകാലി
കട്ടിക്കണ്ണട വച്ച
ചരിത്രാധ്യാപകനെപ്പോലെ
തുറിച്ചുനോക്കും

വേട്ടയാടലിന്റെ
വേഗതയെക്കുറിച്ച്
കാഴ്ചവസ്തുവായിത്തീര്‍ന്ന
ശിലായുധങ്ങള്‍ മുരളും

മൃതവാക്കുകള്‍
കൊത്തിവയ്ക്കപ്പെട്ട കല്ലുകള്‍
ദ്രവിച്ചുപോയ ശബ്ദത്തില്‍
ആവേശപ്പെടും

മഴക്കാലങ്ങളവശേഷിപ്പിച്ച
വടുക്കളില്‍ വിരലോടിച്ച്
പ്രാകൃതശബ്ദത്തില്‍
പീരങ്കികള്‍
ഗര്‍ജ്ജിക്കും

എല്ലാം
നിശ്ശബ്ദതയുടെ
നൂലില്‍ കോര്‍ക്കപ്പെട്ടത്

ചരിത്രം ആവേശിച്ച്
പുറത്തിറങ്ങുമ്പോള്‍
വാതിലിനരികില്‍
ചാരിയിരുന്നുറങ്ങുന്ന
കാവല്‍ക്കാരന്‍
കാലത്തിന്
പരിണമിപ്പിക്കാനാവാത്ത
ചരിത്രാതീത സ്വഭാവത്തെ
ഓര്‍മപ്പെടുത്തും

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP